ആലപ്പുഴയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മാവേലിക്കരയിലെ കണ്ടിയൂരില്‍ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
ആലപ്പുഴയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. മാവേലിക്കരയിലെ കണ്ടിയൂരില്‍ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി ആയിരുന്നു ഉഗ്രസ്ഫോടനം. ശബ്ദം കേട്ട് ഓടിയെത്തിയവർ കണ്ടത് ആളിക്കത്തുന്ന കാറായിരുന്നു. ആർക്കും അടുക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടില്‍ കൃഷ്ണപ്രകാശ് എന്ന കണ്ണന്റെ ശരീരം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലാണ് പുറത്തെടുത്തത്.
മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്ന കൃഷ്ണ പ്രകാശ് ജോലി കഴിഞ്ഞു വീട്ടിലെത്തി കാർ പോർച്ചിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ആണ് ദുരന്തം. മാവേലിക്കര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി സാമ്പിളുകൾ ശേഖരിച്ചു. കാറിന് ഉണ്ടായ തകരാർ ആണോ, മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നിവയിൽ എല്ലാം വ്യക്തത വരണമെങ്കിൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ കിട്ടണം എന്നാണ് പൊലീസ് പറയുന്നത്. എന്തൊക്കെ കൊണ്ടാകാം കാറുകൾ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് വിശദീകരിക്കുകായണ് വിവിധ രംഗത്തുള്ള വിദഗ്ദർ.
undefined
കണ്ടിയൂരിൽ സംഭവിച്ചതെന്ത്?
ഗേറ്റ് കടന്ന് വീട്ടിലേക്കുള്ള ചെറിയ കയറ്റം കയറുന്നതിനിടെയാണ് കൃഷ്ണപ്രകാശിന്റെ വാഹനത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചത്. ജോലി സ്ഥലത്തുനിന്ന് തിരികെ എത്തുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായ അപകടം. പെട്ടെന്ന് ഒരു തീഗോളമായി മാറിയ കാറിൽ നിന്ന് കൃഷ്ണപ്രകാശിനെ രക്ഷപ്പെടുത്താൻ വീട്ടിൽ നിന്ന് ഓടിയെത്തിയ സഹോദനും സാധിച്ചില്ല. എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് കാർ വലിയ തീഗോളമായി മാറിയിരുന്നു എന്ന് നാട്ടുകാരും പറയുന്നു. പലരും വീടിനോ കടയ്ക്കോ തീപിടിച്ചുവെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. പക്ഷെ വൻ പൊട്ടിത്തെറിയോട കാർ കത്തുകയാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
കാർ കത്തിയതിൽ നാട്ടുകാർ പറയുന്നത്
മാന്യനായ വ്യക്തിയായിരുന്നു കൃഷ്ണപ്രകാശ് അദ്ദേഹം കമ്പ്യൂട്ടർ സർവീസ് ജോലി ചെയ്യുന്നതിനാൽ കാറിൽ യുപിഎസോ മറ്റോ ഉള്ളതാകാം തീ പടരാൻ കാരണമായേക്കുന്നതെന്ന് ഒരാൾ പറയുന്നു. അതേസമയം കാർ അടി തട്ടി നിരങ്ങിയാണ് റോഡിൽ നിന്ന് ഗേറ്റിലേക്ക് കയറുന്നതെന്നും ഇത് മൂലമാകാം തീപിടിച്ചതെന്നും നാട്ടുകാർ പറയുന്നു. കാർ ഉള്ളിൽ നിന്ന് ലോക്കായിരുന്നു. ഡ്രൈവർ സീറ്റിനടുത്തുള്ള ഡോർ തുറക്കാൻ സാധിക്കാതെ വന്നപ്പോൾ ഇടതു സൈഡിലുള്ള ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ഈ നിലയിലായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം കിടന്നിരുന്നതെന്നും ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു.
പൊലീസ് പറയുന്നത്
കാറിന്റെ പിൻഭാഗത്ത് നിന്ന് മുന്നിലോട്ട് വരികയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്നും പൊലീസ് കരുതുന്നു. ഇക്കാര്യങ്ങളിൽ ഫോറൻസിക് പരിശോധനകൾക്ക് പിന്നാലെ വ്യക്തമാകും. മോട്ടോർ വാഹന വകുപ്പും ഇത് സംബന്ധിച്ച പരിശോധനകൾ നടത്തിയതായും ഇതിന്റെയൊല്ലം റിപ്പോർട്ടുകൾ വരുന്നതനുസരിച്ച് അപകടത്തെ കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം.
തീ പിടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ ആകാം?
കാറുകൾക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുൻകരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാൻ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുൻ പ്രൊഫസറും ഐഐടി ചെന്നൈ പൂർവ്വ നിദ്യാർത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനൻസ് ചെയ്യാത്തതാണ് പലപ്പോഴും കാറുകൾക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു. കാറുകളിൽ റെഗുലർ മെയിന്റൻസ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാൽ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയിൽ ലെവൽ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയിൽ എന്നിവയുടെ ലെവൽ പരിശോധിക്കൽ നിർബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കിൽ ആ ഏരിയ ചൂടായി തീപിടിക്കാൻ സാധ്യതയുണ്ട്.
ലോ ക്വാളിറ്റിയിൽ അഡീഷ്ണലായി കാറിനകത്ത് നടത്തുന്ന ഇലക്ട്രിക്കൽ ഫിറ്റിംഗുകൾ അപകടകരമാണ്. കമ്പനിയുടേതല്ലാതെ പ്രത്യേകമായി ചെയ്യുന്ന വളരെ ലോ ക്വാളിറ്റിയിലുള്ള ക്യാമറകൾ ഉൾപ്പെടെ പ്രശ്നമാണ്. ഇത്തരത്തിലുള്ള വയറിംഗുകൾ കണക്റ്റ് ചെയ്യുന്നത് കമ്പനി വയറിങ്ങിലെ ഇൻസുലേഷൻ കട്ട് ചെയ്താണ്. എന്നാലത് പ്രോപ്പറായി ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നത് അതിലൂടെയുള്ള കറന്റ് കൂടുതലാവുകയോ ചെയ്താൽ വയർ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് മൂലം വാഹനങ്ങൾ കത്താൻ കാരണമാവാം. കൂടാതെ ഫ്യുയൽ സിസ്റ്റത്തിന്റെ പ്രശ്നം. എഞ്ചിൻ സ്റ്റാർട്ടായി ഓടിക്കഴിഞ്ഞാൽ വണ്ടിയുടെ എഞ്ചിൻ കേബിൾ ചൂടായിക്കഴിയും. ആ ചൂടിൽ പെട്രോൾ വളരെ പെട്ടെന്ന് കത്താൻ സാധ്യതയുണ്ട്. ഈ സാധ്യത മുൻകൂട്ടി അറിയാൻ കഴിയും. വണ്ടിയെടുക്കുമ്പോൾ ഓയിൽ തുളുമ്പി കിടക്കുക, അല്ലെങ്കിൽ ഫ്യൂസ് ഇടക്കിടെ പോവുകയൊക്കെ കണ്ടാൽ വാഹനങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഫ്യൂസുകൾ സാധാരണ ഗതിയിൽ പോവാറില്ല. അത് ഷോർട്ട് ആവുന്നത് കൊണ്ടാണ് പോവുന്നത്. ഇങ്ങനെ ശ്രദ്ധയിൽ കണ്ടാൽ പെട്ടെന്ന് അത് മാറ്റിയിടണം. അത് പരിശോധിച്ച് ഷോർട്ട് ഉണ്ടോന്ന് നോക്കണം. വാഹനങ്ങൾ കത്തുന്നതിന് ഇലക്ട്രിക്കലാണ് പ്രധാനപ്പെട്ട കാരണമെങ്കിലും മറ്റനേകം കാരണങ്ങളുമുണ്ട്. ബ്രേക്കിംഗ് സിസ്റ്റത്തിൽ ബ്രേക്ക് ജാമായിരിക്കുമ്പോഴോ ചൂടായി സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
ഡോറിന്റെ ലോക്ക് ഇലക്ട്രിക്കൽ സിസ്റ്റമാണ്. വണ്ടി എടുക്കുമ്പോൾ തന്നെ പലപ്പോഴും ഇലക്ട്രിക്കൽ സിസ്റ്റമുപയോഗിച്ച് വണ്ടി ലോക്ക് ചെയ്ത് വെക്കുന്നതാണ് പതിവ്. വാഹനം കത്തുമ്പോൾ ഇലക്ട്രിക്കൽ സിസ്റ്റം മുഴുവനായും പരാജയപ്പെടും. ആ സമയത്ത് വാഹനം പ്രെസ് ചെയ്താൽ ഡോർ തുറക്കില്ല. അതുകൊണ്ടാണ് അപകടത്തിൽ പെടുന്നവർ കാറിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടാവുന്നത്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നിർദേശങ്ങൾ
വാഹനം കത്തുന്നതിന് പ്രധാന കാരണം ഇന്ധനം ചോരുന്നതാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. ചില വണ്ടുകളുടെ ആക്രമണം മൂലം പെട്രോൾ വാഹനങ്ങൾക്ക് ഇത്തരത്തിൽ സംഭവിക്കുന്നതായും കണ്ടുവരുന്നതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി ദിലീപ് പറയുന്നു. ഗ്യാസ് വാഹനങ്ങൾക്കും ഇത്തരം തീപിടിക്കുന്ന പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ അൾട്ടർ ചെയ്ത് എൽപിജി ഘടിപ്പിക്കുന്ന വാഹനങ്ങൾ എല്ലാ വർഷവും സർവീസ് ചെയ്യണമെന്നും, ടാങ്കിന് പ്രഷർ ടെസ്റ്റ് ചെയ്യണമെന്നും പറയുന്നുണ്ട്. എന്നാൽ ഘടിപ്പിച്ച ശേഷം ഇത് ശ്രദ്ധിക്കാതിരിക്കുന്നത് അപകടത്തിന് കാരണമാകും. വണ്ടിയുടെ ആൾട്ടറേഷനും ഇത്തരം അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ വണ്ടിന്റെ ആക്രമണങ്ങൾ മൂലം ഇന്ധന ചോർച്ചയുണ്ടാകുന്ന സംഭവങ്ങൾ 140-ഓളം റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. എത്തനോളിന്റെ സാന്നിധ്യമാകാം ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു. കേരളത്തിലാണ് ഇത് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.