മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യം, മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം എന്നിവയിൽ സംസ്ഥാനത്തിന്റെ സാധ്യതകളിലുള്ള ഉറച്ച വിശ്വാസത്തിന് അനുസൃതമായാണ് ധാരണാപത്രമെന്ന് കമ്പനി
തമിഴ്നാട്ടിൽ (Tamil Nadu) വാഹന നിര്‍മ്മാണത്തിനായി 1,200 കോടി രൂപ നിക്ഷേപിച്ച് ടിവിഎസ് മോട്ടോഴ്‍സും (TVS Motors). ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് തങ്ങളുടെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തമിഴ്‍നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂജന്‍ ഇലകട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കളായ ഓല ഇലക്‌ട്രിക് (Ola Electric) തങ്ങളുടെ ഫ്യൂച്ചർഫാക്‌ടറി തമിഴ്‍നാട്ടില്‍ തുറക്കാനിരിക്കെയാണ് ടിവിഎസിന്‍റെ ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാണ കേന്ദ്രമായിരിക്കും ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഭാവിയിലെ സാങ്കേതികവിദ്യകൾക്കായി പ്രവർത്തിക്കുന്നതിനുമായി അടുത്ത നാല് വർഷത്തിനുള്ളിൽ ടിവിഎസ് മോട്ടോർ സംസ്ഥാനത്ത് 1,200 കോടി രൂപ നിക്ഷേപിക്കും. ഇതുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഇൻവെസ്റ്റ്‌മെന്റ് കോൺക്ലേവിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച്, ഗൈഡൻസ് തമിഴ്‌നാട് എംഡിയും സിഇഒയുമായ പൂജ കുൽക്കർണി ഐഎഎസുമായി ടിവിഎസ് മോട്ടോർ കമ്പനി ചെയർമാൻ വേണു ശ്രീനിവാസൻ രേഖകൾ കൈമാറി.
undefined
ധാരണാപത്രം അനുസരിച്ച്, അടുത്ത നാല് വർഷത്തിനുള്ളിൽ ടിവിഎസ് മോട്ടോർ കമ്പനി 1,200 കോടി രൂപ ഫ്യൂച്ചർ ടെക്‌നോളജീസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിൽ നിക്ഷേപിക്കും. ഇലക്ട്രിക് വാഹന ഇടങ്ങളിലെ പുതിയ ഉൽപ്പന്നങ്ങളുടെ രൂപകല്പന, വികസനം, നിർമ്മാണം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കായാണ് പ്രധാനമായും നിക്ഷേപം നടത്തുകയെന്ന് ടിവിഎസ് മോട്ടോർ പ്രസ്‍താവനയിൽ പറഞ്ഞു.
മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യം, മൊത്തത്തിലുള്ള ബിസിനസ് അന്തരീക്ഷം എന്നിവയിൽ സംസ്ഥാനത്തിന്റെ സാധ്യതകളിലുള്ള ഉറച്ച വിശ്വാസത്തിന് അനുസൃതമായാണ് ധാരണാപത്രം ഒപ്പുവെച്ചതെന്ന് ടിവിഎസ് മോട്ടോർ പറഞ്ഞു. തമിഴ്‌നാട്ടിലെ ടിവിഎസ് മോട്ടോറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം വ്യവസായങ്ങളിലും ഈ നിക്ഷേപം കാര്യമായ ഗുണം ചെയ്യും.
നിലവിൽ ടിവിഎസ് മോട്ടോറിന് ഇവി വിഭാഗത്തിൽ ഒരു ഇലക്ട്രിക് വാഹനം മാത്രമേയുള്ളൂ. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയ TVS iQube ഇലക്ട്രിക് സ്‌കൂട്ടര്‍ ആണിത്. ഈ സ്‍കൂട്ടറിന്‍റെ വില ഒരു ലക്ഷം രൂപയിൽ താഴെയാണ്. ഇത് രാജ്യത്തെ 33 നഗരങ്ങളിൽ ലഭ്യമാണ്. ഏഥർ 450X, ബജാജ് ചേതക് ഇലക്ട്രിക് എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയാണ് TVS iQube. ഈ വർഷം സെപ്റ്റംബറിൽ, ടിവിഎസ് 766 യൂണിറ്റ് iQube ഇലക്ട്രിക് സ്‍കൂട്ടറുകൾ വിറ്റിരുന്നു. ഇത് എതിരാളിയായ ബജാജ് ചേതക് ഇലക്ട്രിക്കിനെക്കാൾ വളരെ കൂടുതലാണ്.