ടാറ്റയുടെ ഈ പുതിയ മോഡല്‍ 2022 ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്
അടുത്തകാലത്തായി ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ് (Tata Motors) തൊട്ടതെല്ലാം പൊന്നാണ്. വിപണിയിലും നിത്തിലുമൊക്കെ കുതിച്ചുപായുകയാണ് ടാറ്റയുടെ വിവിധ മോഡലുകള്‍. പുതിയ ഇനം കാറുകൾക്ക് അനുകൂലമായ പ്രതികരണം ലഭിച്ചതോടെ ഇന്ത്യൻ വിപണിയിൽ പുതിയ മോഡലുകളുടെയും ഇലക്ട്രിക് കാറുകളുടെയും വിപുലമായ ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് ഇപ്പോള്‍ ടാറ്റാ മോട്ടോഴ്‍സ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ മോഡലുകൾ മാത്രമല്ല, നെക്‌സോൺ, ടിയാഗോ, ടിഗോർ എന്നിവയുൾപ്പെടെ നിലവിലുള്ള ശ്രേണിയുടെ പുതിയ തലമുറകളും ടാറ്റ മോട്ടോഴ്‌സ് വികസിപ്പിക്കുന്നുണ്ട്.
ഇതൊക്കെ കൂടാതെ ഇപ്പോൾ ഒരു പുതിയ ഡാർക്ക് എഡിഷന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ് എന്ന് ടീം ബിഎച്ച്‍പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മോഡല്‍ 2022 ന്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. ഹാരിയർ ഡാർക്ക് എഡിഷൻ പോലെ, പുതിയ ടാറ്റ സഫാരി ഡാർക്ക് എഡിഷനും ഓൾ-ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കും.
undefined
ഡാർക്ക് എഡിഷന് ബ്ലാക്ക്-ഔട്ട് ഫ്രണ്ട് ഗ്രില്ലും ബ്ലാക്ക് അലോയ് വീലുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ മോഡലിലെ ക്രോം ട്രീറ്റ്‌മെന്റ് ബ്ലാക്ക് ട്രിം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. ക്യാബിനിനുള്ളിൽ, സഫാരി ഡാർക്ക് എഡിഷന് ബെനെക്കെ കലിക്കോ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും സീറ്റ് ഹെഡ്‌റെസ്റ്റുകളിൽ ഡാർക്ക് എംബ്രോയിഡറിയും ലഭിക്കാൻ സാധ്യതയുണ്ട്. ഹാരിയർ ഡാർക്ക് എഡിഷനിലും ഇത് തന്നെയാണ് വാഗ്ദാനം ചെയ്‍തിരിക്കുന്നത്.
168 bhp കരുത്തും 350 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന നിലവിലെ സഫാരിയുടെ 2.0 ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്‍ഡ് ഡീസൽ എഞ്ചിൻ സഫാരിയുടെ ഡാർക്ക് എഡിഷനിലും തുടര്‍ന്നേക്കും. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം നിലവിലെ ടാറ്റാ സഫാരിയപ്പറ്റി പറയുകയാണെങ്കില്‍ ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് ഈ വര്‍ഷം ആദ്യമാണ് വിപണിയില്‍ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍. 2021 ഫെബ്രുവരിയിലാണ് പുതിയ സഫാരിയെ കമ്പനി അവതരിപ്പിക്കുന്നത്. പൂനെയ്ക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്.
പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.
ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു. 2.0 ലിറ്റർ ടർബോ ചാർജ്ഡ് കെയ്റോടെക് എഞ്ചിൻ, അതിൻറെ 2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്. എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് ക്രെറ്റ, തുടങ്ങിയവരാണ് സഫാരിയുടെ നിരത്തിലെയും വിപണിയിലെയും മുഖ്യ എതിരാളികള്‍.