പാലത്തില്‍ നിന്ന് മറിഞ്ഞ് നെക്സോണ്‍, പോറലുപോലുമില്ലാതെ കുടുംബം, മാസ്സാണ് ടാറ്റയെന്ന് ഉടമ!

By Web Team  |  First Published Jul 14, 2021, 6:49 PM IST

നെക്‌സോണിന്റെ സുരക്ഷയ്ക്ക് തെളിവാകുന്ന പുതിയ ഒരു അപകട സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


രാജ്യത്തെ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ മുഖച്ഛായ മാറ്റിയ വാഹനമാണ് നെക്സോണ്‍. 2017 സെപ്റ്റംബറിലാണ് ടാറ്റ ആദ്യ നെക്സോണിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. 

നിരത്തിലെത്തിയതിനു തൊട്ടുപിന്നാലെ ടാറ്റയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ യശസ് വാനോളം ഉയര്‍ത്തി നെക്‌സോൺ.  2018ല്‍ ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയാണ് നെക്സോണ്‍ രാജ്യത്തിന്‍റെ അഭിമാനമായത്.  ക്രാഷ് ടെസ്റ്റില്‍ മാത്രമല്ല, പല അപകടങ്ങളെയും അതിജീവിച്ച ഈ വാഹനത്തിന്റെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. നെക്‌സോണിന്റെ സുരക്ഷയ്ക്ക് തെളിവാകുന്ന പുതിയ ഒരു അപകട സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Latest Videos

undefined

നെക്സോണിന്‍റെ മിടുക്ക് കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടിയ രവിരാജ് സിംഗ് എന്ന ഉടമയുടെ അനുഭവം കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ടാറ്റ നെക്‌സോണില്‍ തന്റെ കുടുംബത്തിനൊപ്പം ഒരു ഒറ്റവരി പാതയിലൂടെയുള്ള യാത്രയില്‍ തനിക്ക് ഉണ്ടായ അപകടവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്തിന്റെയും അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. 

വീതി കുറഞ്ഞ റോഡിലൂടെ പോകുമ്പോള്‍ തന്റെ വാഹനത്തെ ഒരു ബൈക്ക് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും എതിരേ മറ്റൊരു ബൈക്ക് വരുന്നത് കണ്ട് വെട്ടിച്ച് തന്റെ വാഹനത്തില്‍ ഇടിച്ചെന്നും രവിരാജ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്‍ടമായ നെക്‌സോണ്‍ റോഡിലെ ചെറിയ പാലത്തിനു മുകളില്‍ നിന്ന് വയലിലേക്ക് മറിഞ്ഞു. 

എന്നാല്‍, വാഹനം മറിഞ്ഞിട്ടും തന്റെ വാഹനത്തിലുണ്ടായിരുന്ന താന്‍ ഉള്‍പ്പെടെയുള്ള നാല് യാത്രക്കാര്‍ കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടെന്നും രവിരാജ് പറയുന്നു. രവിരാജും മാതാപിതാക്കളും മുത്തശ്ശിയുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. വയലിലെ വെള്ളത്തില്‍ തലകീഴായി കിടക്കുന്ന നെക്സോണിന്‍റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പുതുതലമുറ നെക്‌സോണിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് രവിരാജിന്‍റേത്. വാഹനത്തിനും വളരെ നിസാരമായ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഓണേഴ്‌സ് ഗ്രൂപ്പ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്‍മയിലാണ് രവിരാജ് സിംഗ് തന്‍റെ അനുഭവം പങ്കുവെച്ചത്. 

മൂന്നരവർഷത്തോളം എടുത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ കമ്പനി രൂപകല്‍പ്പന ചെയ്‍ത് അവതരിപ്പിച്ചത്. 17 ലക്ഷം കിലോമീറ്റര്‍ പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയും മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചും സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റിയുമൊക്കെ കർശനമായ പരീക്ഷണ നിരീക്ഷണങ്ങൾക്കു ശേഷമായിരുന്നു മൂന്നരവര്‍ഷങ്ങള്‍ക്കു മുമ്പ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്. 

എത്തി നാല് വര്‍ഷം തികയും മുമ്പേ നിരത്തിലും വിപണിയിലും സൂപ്പര്‍ഹിറ്റാണ് നെക്സോണ്‍. രണ്ട് ലക്ഷം യൂണിറ്റ് നെക്‌സോണുകളാണ് ഇതുവരെ ടാറ്റ നിര്‍മിച്ചു വിറ്റതെന്നാണ് കണക്കുകള്‍.  2020 നവംബറിലാണ് ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് നെക്‌സോണ്‍ മറികടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് പുതിയ 50,000 യൂണിറ്റ് നെക്‌സോണ്‍ നിര്‍മിച്ചത്.

നിലവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്‌സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്‌സോണുകള്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്. അടുത്തിടെ എസ്‌യുവിയുടെ ‘ടെക്ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന്‍ അവസാനിപ്പിച്ചിരുന്നു.

ടാറ്റ നെക്സോണ്‍ ഇപ്പോൾ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എൻജിൻ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.

2020 ആദ്യമാണ് മലിനീകരണ നിയന്ത്രണത്തിൽ ബി എസ് 6 നിലവാരമുള്ള നെക്സോണ്‍ വിപണിയില്‍ എത്തിയത്. പിന്നാലെ 2020 സെപ്റ്റംബറില്‍ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപനയ്ക്കെത്തുന്ന ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരും ടാറ്റ നെക്സോണ്‍ സ്വന്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!