വമ്പൻ വിലക്കുറവിൽ ടാറ്റ ഇലക്ട്രിക്ക് കാറുകൾ

By Web TeamFirst Published Feb 15, 2024, 11:03 AM IST
Highlights

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളായ നെക്‌സണിന്റെയും ടിയാഗോയുടെയും വിലയില്‍ ഈ കുറവ് പ്രതിഫലിക്കും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.  

രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റമോട്ടോഴ്‌സ് വാഹനശ്രേണിയിലെ ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ  ഇലക്ട്രിക് വാഹനശൃംഖലയായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് (ടി.പി.ഇ.എം.) ഉപഭോക്താക്കള്‍ക്കായി ഈ വന്‍ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളായ നെക്‌സണിന്റെയും ടിയാഗോയുടെയും വിലയില്‍ ഈ കുറവ് പ്രതിഫലിക്കും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.  

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രത്യേകതകളുള്ള ഇലക്ട്രിക്ക് വെഹിക്കിള്‍ എന്നറിയപ്പെടുന്ന നെക്‌സണിന്  വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് ലഭിക്കും. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിയാഗോ ഇലക്ട്രിക്കിന് വിലയില്‍ 70,000 രൂപ വരെ കുറവ് ലഭിക്കും. ഇതിന്റെ ബേസ് മോഡലിന്റെ വില 7.99 ലക്ഷമാണ്. അടുത്തിടെയായി വിപണിയില്‍ അവതരിപ്പിച്ച പഞ്ച് ഇലക്ട്രിക്കിന് നിലവിലെ ഓഫറുകള്‍ തുടരും.

Latest Videos

ടാറ്റ നെക്‌സോൺ ഇവി എൻട്രി ലെവൽ മീഡിയം റേഞ്ച് (എംആർ) വേരിയൻ്റിന് ഇപ്പോൾ 14.49 ലക്ഷം രൂപയാണ് വില.  ഇത് 25,000 രൂപയോളം കുറഞ്ഞു. അതേസമയം ലോംഗ് റേഞ്ച് (എൽആർ) വേരിയൻ്റിന് 1.20 ലക്ഷം രൂപയുടെ വൻ വിലക്കുറവ് ലഭിക്കുന്നു, ഇപ്പോൾ വില 16.99 ലക്ഷം രൂപയാണ് വില. ടാറ്റ ടിയാഗോ EV ബേസ് വേരിയൻ്റിന് ഇപ്പോൾ 7.99 ലക്ഷം രൂപയാണ് വില. 70,000 രൂപയാണ് കുറച്ചത്.

ടാറ്റ ടിയാഗോ ഇവി 2022 ഒക്ടോബറിലാണ് 8.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചത്. ടാറ്റ ടിയാഗോ ഇവിക്ക് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 24 kWh ബാറ്ററി പായ്ക്ക്, എംഐഡിസി റേഞ്ച് 315 കി.മീ. 250 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് പറയപ്പെടുന്ന 19.2 kWh ബാറ്ററി പായ്ക്കാണ് മറ്റൊരു ഓപ്ഷൻ. അടുത്തിടെ, എംജി മോട്ടോറും രണ്ട് വാതിലുകളുള്ള എംജി കോമറ്റ് ഇവിയുടെ വിലയിൽ 1.40 ലക്ഷം രൂപ വരെ കുറച്ചിരുന്നു . കൂടുതൽ ബ്രാൻഡുകൾ ഈ പ്രവണത പിന്തുടരുമെന്നും ഇന്ത്യയിൽ അവരുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കൽ പ്രഖ്യാപിക്കുമെന്നും റിപ്പോ‍ർട്ടുകൾ ഉണ്ട്. നിലവിൽ 70 ശതമാനത്തിലധികം വിപണി വിഹിതവുമായി പാസഞ്ചർ ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സാണ് ആധിപത്യം പുലർത്തുന്നത്.

youtubevideo
 

click me!