വെറും 72 മണിക്കൂര്‍, ജിപ്‍സിയുടെ സഹോദരനെ ജനം വാങ്ങിത്തീര്‍ത്തു!

By Web Team  |  First Published Dec 2, 2020, 3:29 PM IST

ബുക്കിംഗ് ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ മുഴുവന്‍ വാഹനങ്ങളും വിറ്റു തീര്‍ന്നു


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ ജനപ്രിയ മിനി എസ്‍യുവിയായ ജിംനി പുറത്തിറങ്ങിയ രാജ്യങ്ങളിലെല്ലാം സൂപ്പർ ഹിറ്റാണ്. ജപ്പാനിലും യൂറോപ്പിലേയും മികച്ച പ്രതികരണമാണ് വാഹനത്തിന്. ഇപ്പോഴിതാ മെക്സികോയില്‍ ബുക്കിംഗ് ആരംഭിച്ച് 72 മണിക്കൂറിനുള്ളിൽ മുഴുവന്‍ ജിംനികളും വിറ്റു തീര്‍ന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്സിക്കോയ്ക്കായി 1000 ജിംനികളാണ് കമ്പനി അനുവദിച്ചത്.

ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ഏപ്രില്‍ മാസത്തിലാണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു. ഇപ്പോള്‍ നാലാം തലമുറയാണ് നിരത്തില്‍. ലോകമാകെ 194 നഗരങ്ങളിലായി 28.50 ലക്ഷം യൂണിറ്റ് സുസുകി ജിംനികളാണ് ഇതുവരെ വിറ്റത്. രണ്ടു വർഷം മുമ്പ് രാജ്യാന്തര വിപണിയിൽ അരങ്ങേറിയതു മുതൽ വൻ ഡിമാന്റാണ് പുതിയ സുസുക്കി ജിംനിക്ക്. 

Latest Videos

undefined

2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും എത്തുന്നുണ്ട്.  ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്. പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയും എസ്‌യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു. പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. ഇന്റീരിയറും ലളിതമാണ് . അതെ സമയം എം‌ഐ‌ഡി (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിൾ സ്വിച്ചുകൾ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ജിംനിയുടെ ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.

102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്ലോബല്‍ സ്പെക്ക് ജിംനിയുടെ ഹൃദയം. ഉല്‍പ്പാദിപ്പിക്കുന്ന കരുത്തും ലഭിക്കുന്ന ഇന്ധനക്ഷമതയും മികച്ചതാണ്. മൂന്നാം തലമുറ മോഡല്‍ മുതല്‍ കോയില്‍ സ്പ്രിംഗ് യൂണിറ്റിലേക്ക് സസ്‌പെന്‍ഷന്‍ മാറിയിരുന്നു. കൂടാതെ വാക്വം ലോക്കിംഗ് ഹബ്ബുകള്‍ ഇലക്ട്രോണിക് 4 വീല്‍ ഡ്രൈവ് സംവിധാനത്തിലേക്ക് മാറി. ഒറിജിനല്‍ എസ് യുവിയുടെ റെട്രോ ഭംഗി നിലനിര്‍ത്തിയതിനൊപ്പം തന്നെ സുസുകി ജിം‌നിയുടെ രൂപകല്‍പ്പന മുമ്പെന്നത്തേക്കാളും ആധുനികമായി.

ജിംനി സ്റ്റാന്റേര്‍ഡ്, ജിംനി സിയേറ എന്നീ രണ്ട് വകഭേദങ്ങളാണ് ജപ്പാനില്‍ ജിംനിക്കുള്ളത്.  2018ല്‍ യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ്ങ് ജിംനി സ്വന്തമാക്കിയിരുന്നു. ജിംനിയെ അടിസ്ഥാനമാക്കി 2019ല്‍ ഒരു മോണ്‍സ്റ്റര്‍ ട്രക്കും പിക്കപ്പ് കണ്‍സെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു.  42 ഇഞ്ച് സൂപ്പര്‍ സൈസ്ഡ് ടയര്‍, ഡെഡ്‌ലോക്ക് വീലുകള്‍, കരുത്തേറിയ മെറ്റല്‍ സസ്‌പെന്‍ഷന്‍, ഫ്‌ളാഷി കളര്‍ സ്‌കീം എന്നിവ നല്‍കിയാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളത്. 

സുസുക്കി ജിംനിയുമായി ഇന്ത്യ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്.  എന്നാല്‍ മുപ്പത് വര്‍ഷം നീണ്ട ഇന്ത്യന്‍ ജീവിതത്തിനിടെ ജിപ്‌സി നിരവധി പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങളും പാലിക്കുംവിധം പരിഷ്‌കരിക്കില്ലെന്ന് മാരുതി സുസുക്കി തീരുമാനിച്ചതോടെ ഇന്ത്യയില്‍ നിന്നും അടുത്തിടെ ജിപ്‌സി പിന്‍വാങ്ങുകയും ചെയ്‍തു. 

ഇതാദ്യമായി പുതുതലമുറ സുസുക്കി ജിംനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി സുസുക്കി. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ എസ് യുവി പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മറ്റ് വിപണികളില്‍ വില്‍ക്കുന്നതില്‍നിന്ന് വ്യത്യസ്‍തമായിരിക്കും ഇന്ത്യാ സ്‌പെക് ജിംനി. ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ജിംനിയുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടം നടത്തുന്നത് ജിംനിയുടെ മൂന്നു ഡോർ പതിപ്പാണെങ്കിലും ഇന്ത്യയിൽ എത്തുക അഞ്ച് ഡോർ പതിപ്പായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകല്‍.  വൈഡബ്ല്യു ഡി എന്ന കോഡുനാമത്തിൽ വികസിപ്പിക്കുന്ന അഞ്ച് ഡോർ പതിപ്പ് ഇന്ത്യൻ വിപണിയിൽ മാത്രമായിരിക്കില്ല മറ്റു രാജ്യാന്തര വിപണിയിലും എത്തിയേക്കും. 

വീൽ ബേസ് കൂടുതലുള്ള അഞ്ച് ഡോർ അഥവാ രണ്ടാം നിര സീറ്റുള്ള ജിംനി സിയറ മോഡൽ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് ഡോർ ജിംനി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ പ്രായോഗിക മാറ്റങ്ങൾ വരുത്തിയാവും വില്‍പ്പനക്ക് എത്തുക. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി എത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെയായിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നിലവിൽ സുസുക്കിയുടെ ജപ്പാനിലെ കൊസായി പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. രാജ്യാന്തര വിപണിയിൽ ജിംനിക്ക് ലഭിക്കുന്ന മികച്ച പ്രചാരം ഉത്പാദനം കൂട്ടാൻ സുസുക്കിയെ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഗുജറാത്തിലുള്ള സുസുക്കി പ്ലാന്റില്‍ നിര്‍മ്മിക്കുന്ന വാഹനം രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതിയും ചെയ്‍തേക്കും. മാസം 4000 മുതൽ 5000 വരെ യൂണിറ്റ് നിർമിക്കാനാണ് മാരുതിയുടെ പദ്ധതി. തുടക്കത്തിൽ രാജ്യാന്തര വിപണിക്കും അതിനുശേഷം ഇന്ത്യൻ വിപണിക്കുമായുള്ള ജിംനി ഗുജറാത്ത് പ്ലാന്‍റില്‍ നിന്നും പുറത്തിറക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

click me!