"അയ്യെടാ മോനേ ടൊയോട്ടേ നിന്‍റെ മോഹം കൊള്ളാലോ..!" ഇവരെ ഒരിക്കലും നിങ്ങൾക്ക് തരില്ലെന്ന് മാരുതി സുസുക്കി!

By Web TeamFirst Published Dec 31, 2023, 10:06 AM IST
Highlights

തങ്ങളുടെ ഓഫ്‌റോഡ് എസ്‌യുവിയായ ജിംനിയും ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റും ടൊയോട്ടയ്ക്ക് നൽകില്ലെന്ന് സുസുക്കി വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം കഴിഞ്ഞ കുറച്ചുകാലമായി നിലവിൽ വന്നിട്ട്. ഇതനുസരിച്ച് ഇരുകമ്പനികളും മോഡലുകൾ പരസ്‍പരം റീ ബാഡ്‍ജ് ചെയ്‍ത് പുറത്തിറക്കുന്നു. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, മാരുതി സുസുക്കി ഇൻവിക്റ്റോ തുടങ്ങിയ കാറുകൾ ഇതിന് ഉദാഹരണങ്ങളാണ്. ഈ കാറുകളെല്ലാം സമാനമാണ്. പക്ഷേ അവയ്ക്ക് വ്യത്യസ്‍തമായ പേരുകളുണ്ട്. വരും ദിവസങ്ങളിൽ, ഇരു കമ്പനികൾക്കും ഒരുമിച്ച് സമാനമായ മറ്റ് മോഡലുകളും അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. അതേസമയം, തങ്ങളുടെ ഓഫ്‌റോഡ് എസ്‌യുവിയായ ജിംനിയും ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റും ടൊയോട്ടയ്ക്ക് നൽകില്ലെന്ന് സുസുക്കി വ്യക്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകൾ.

“ജിംനിയെയും സ്വിഫ്റ്റിനെയും റീ ബാഡ്‍ജ് ചെയ്യാൻ ടൊയോട്ട ആഗ്രഹിച്ചു.. പക്ഷേ ഞങ്ങൾ വിനയപൂർവം നിരസിച്ചു,” സുസുക്കി വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാർ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

മാരുതി സുസുക്കിയുടെ ജിംനി, സ്വിഫ്റ്റ് എന്നിവയുടെ റീബാഡ്‍ജ് ചെയ്‍ത മോഡലുകൾ പുറത്തിറക്കാൻ ടൊയോട്ട പദ്ധതിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ മാരുതി സുസുക്കി ഇക്കാര്യം നിരസിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഈ രണ്ട് മോഡലുകളും മാരുതി സുസുക്കിയുടെ ജനപ്രിയ ഡിഎൻഎയുടെ ഭാഗമാണെന്ന് മാരുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇക്കാരണത്താൽ ഈ കാറുകൾ ആരുമായും പങ്കിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഈ കാറുകൾക്ക് ടൊയോട്ട ബാഡ്‍ജുകൾ ഉണ്ടെങ്കിൽ അവയുടെ ജനപ്രീതി കുറഞ്ഞേക്കാം എന്നാണ് കമ്പനിയിലെ ചിലർ കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

ഓരോ മാസവും 17000 യൂണിറ്റ് സ്വിഫ്റ്റ് വിറ്റഴിക്കപ്പെടുന്നു എന്നാണ് കണക്കുകൾ. ടൊയോട്ട ലൈഫ്‌സ്റ്റൈൽ എസ്‌യുവിയായ മാരുതി സുസുക്കി ജിംനിയുടെ സ്വന്തം പതിപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. കാരണം ഇത് ഫോർച്യൂണറിന്റെ വളരെ വിലകുറഞ്ഞ 4x4 ഓപ്ഷനാണ്. ഉയർന്ന വില കാരണം ആളുകൾ ഇത് വാങ്ങാൻ മടിക്കുന്നു. അതേസമയം, ജിംനി ടൊയോട്ടയുമായി പങ്കിടുന്നതിലൂടെ മാരുതി സുസുക്കി വിൽപ്പനയിൽ വർദ്ധനവ് നേടിയേക്കാം എന്ന് വാദിക്കുന്നവരും ഉണ്ട്. തുടക്കത്തില്‍ മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ജിമ്മിനിയുടെ വില്‍പ്പന കുറയുന്നതും പലരും ചൂണ്ടിക്കാണിക്കുന്നു. സ്വിഫ്റ്റ് റീബാഡ്‍ജ് ചെയ്യാൻ ആഗ്രഹിച്ചതിന് പിന്നിലെ ടൊയോട്ടയുടെ ഉദ്ദേശ്യം വിൽപ്പന വർദ്ധിപ്പിക്കുക എന്നതാണ്. 

അതേസമയം ഇന്ത്യയിലെ ടൊയോട്ട-മാരുതി സുസുക്കി പങ്കാളിത്തം വിവിധ മോഡലുകളും പ്ലാറ്റ്‌ഫോമുകളും പങ്കിടുന്നു. കുറഞ്ഞ നിക്ഷേപ ബാഡ്‍ജ് എഞ്ചിനീയറിംഗിലൂടെ ഈ കൂട്ടുകെട്ട് ഒരു വിജയമാണെന്ന് തെളിയിച്ചു. ഇത് രണ്ട് കമ്പനികൾക്കും വിൽപനയിൽ ഉറച്ച ഉയർച്ചയോടെ വിവിധ വില പോയിന്റുകളിൽ ഗണ്യമായി വലിയൊരു ശ്രേണി നൽകി. ടൊയോട്ടയുടെയും സുസുക്കിയുടെയും ആഗോള വിപണികൾക്കായി മാരുതി ഇവികൾ നിർമ്മിക്കും. രണ്ട് കമ്പനികളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കൂടുതൽ ശക്തമാകാൻ പോകുകയാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. 

അതേസമയം സുസുക്കിയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കാരണം ടൊയോട്ടയുടെ ഇന്ത്യയിലെ വിൽപ്പന വർദ്ധിച്ചു. ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 40 ശതമാനം യഥാക്രമം ബലേനോ, ഗ്രാൻഡ് വിറ്റാര എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ഗ്ലാൻസ ഹാച്ച്ബാക്കും അർബൻ ക്രൂയിസറുമാണ്. നിലവിൽ ടൊയോട്ടയുടെ ഉൽപ്പാദന ശേഷിയുടെ മൂന്നിൽ രണ്ട് ഭാഗമാണ് മാരുതി സുസുക്കി ഉപയോഗിക്കുന്നത്. ഭാവിയില്‍ പ്രതിവർഷം അഞ്ച് ലക്ഷം വാഹനങ്ങളുടെ ഉൽപ്പാദന ശേഷിയാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ടൊയോട്ട ഒരു 'മിനി' ലാൻഡ് ക്രൂയിസറും ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. 

youtubevideo

click me!