വില കുറയും, ജിംനിയുടെ പുതിയ പതിപ്പുമായി സുസുക്കി

By Web Team  |  First Published Jun 20, 2021, 2:48 PM IST

സുസുക്കി ജിംനിയുടെ ഏറ്റവും വിലക്കുറവിലുള്ള പതിപ്പായിരിക്കും ജിംനി ലൈറ്റ്


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ പങ്കാളിയുമായ സുസുക്കിയുടെ ആഗോളതലത്തിലെ ജനപ്രിയ മോഡലാണ് ജിംനി. അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള, മാരുതി ജിപ്‍സിയുടെ സഹോദരന്‍ കൂടിയായ ഈ കോംപാക്‌ട് മോഡലിന്‍റെ പുതിയൊരു പതിപ്പിനെക്കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജിംനി ലൈറ്റ് എന്ന ഈ എൻട്രി ലെവൽ വേരിയന്‍റിനെ ഓസ്ട്രേലിയൻ വിപണിയിലാണ് കമ്പനി അവതരിപ്പിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. സുസുക്കി ജിംനിയുടെ ഏറ്റവും വിലക്കുറവിലുള്ള പതിപ്പായിരിക്കും ജിംനി ലൈറ്റ്. 

നിലവിൽ വൻ ബുക്കിംഗ് കാലാവധിയുണ്ട് വാഹനത്തിന്. ഇതൊഴിവാക്കാനും കൂടുതൽ ഉപഭോക്താക്കളിലേക്ക് ജിംനിയെ എത്തിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ ആറു മുതൽ എട്ട് മാസം വരെ കാത്തിരിക്കണം വാഹനത്തിന്. ചെലവ് ചരുക്കി വാഹനത്തിന്‍റെ വില കുറയ്ക്കാനും ഈ പുതിയ മോഡല്‍ സഹായിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ചെലവ് കുറക്കുന്നതിനായി ജിംനി ലൈറ്റിനായുള്ള ചില സ്റ്റാൻഡേർഡ് ഉപകരണങ്ങൾ സുസുക്കി നീക്കം ചെയ്‌തു. അകത്തും പുറത്തും മാറ്റങ്ങൾ വരുത്തി. 15 ഇഞ്ച് അലോയ് വീലുകൾക്ക് പകരം പുതിയ 15 ഇഞ്ച് സ്റ്റീൽ വീലുകളാണ് എസ്‌യുവിക്ക് ഇപ്പോൾ ലഭിക്കുക. നിലവിലെ മോഡലിൽ വാഗ്ദാനം ചെയ്യുന്ന 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുപകരം അടിസ്ഥാന ഇൻ-ഡാഷ് റേഡിയോ / സിഡി പ്ലെയറും ഉള്‍പ്പെടുത്തി. 

Latest Videos

undefined

അതേസമയം ജിംനിയെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കാത്തിരിക്കുകയാണ്. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. നാല് പേർക്ക് യാത്ര ചെയ്യാവുന്ന മൂന്ന് ഡോർ മോഡൽ ആയാണ് ജിംനി എത്തിയത്. എന്നാൽ ഈ ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് പിന്നീട് മാരുതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. 

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാതിരിക്കുന്നതിനു പിന്നില്‍ ജിംനിയുടെ ബോഡി സ്റ്റൈൽ ആണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ ഇന്റീരിയർ സ്പേസ് ഒരു പ്രധാന ഘടകമാണ്, അതുകൊണ്ട് ഈ ബോഡി സ്റ്റൈൽ വിജയിക്കുമൊ എന്ന് കമ്പനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്കായി ഇപ്പോൾ ജിംനിയുടെ 5 സീറ്റർ പതിപ്പിന്റെ പ്രവർത്തനങ്ങളിലാണ് മാരുതി സുസുക്കി എന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു. ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റർ ജിംനി ഒരുങ്ങുന്നതെന്നായിരുന്നു സൂചനകള്‍. 

സുസുക്കി ജിംനിയുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്.  നാലാം തലമുറ ജിപ്‍സിയെയാണ് കമ്പനി ജിംനിയായി അവതരിപ്പിച്ചത്. ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്. പുറകിലെ ഡോറിൽ ക്രമീകരിച്ചിരിക്കുന്ന സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവയും എസ്‌യുവി ഭാഷ്യം ഊട്ടിയുറപ്പിക്കുന്നു.

പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. ഇന്റീരിയറും ലളിതമാണ് . അതെ സമയം എം‌ഐ‌ഡി (മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ), വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ടോഗിൾ സ്വിച്ചുകൾ എന്നിവയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ജിംനിയുടെ ഇന്റീരിയറിൽ ഇടം പിടിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!