മിക്കവാറും CKD റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
2022-ൽ ഇനിയാക്ക് iV ( Skoda Enyaq iV) ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ (Skoda) പദ്ധതിയിടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മിക്കവാറും CKD റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങളുടെ ആഗോള ഇവി ലൈനപ്പ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് സ്കോഡ. കൂടാതെ ഇന്ത്യയിലെ വളരുന്ന ഇവി വിപണിയും സ്‍കോഡ പഠിക്കുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന ആഡംബര കാർ നിർമ്മാതാക്കൾ പോലും ഇവിടെ EV-കളിൽ മികച്ച വിജയം കണ്ടെത്തിയതും സഹോദര ബ്രാൻഡായ ഔഡിയുടെ ഇന്ത്യൻ ഇവി വിപണിയിലെ മുന്നേറ്റവും സ്കോഡ സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
“ഔഡി ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്, ഇ-ട്രോൺ ജിടി എന്നിവ കൊണ്ടുവന്നു, അവയ്ക്ക് വന്‍ ഡിമാന്‍ഡുണ്ടെന്ന് ഉറപ്പാണ്.." സ്‍കോഡയുടെ ഇവി വീക്ഷണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, സ്കോഡ ഓട്ടോയുടെ ബോർഡ് ചെയർമാൻ തോമസ് സ്‍കഫർ, ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു, ഇന്ത്യൻ ഇവി വിപണി സ്കോഡയ്ക്ക് ഉടനടി മുൻഗണന നൽകുന്നില്ലെങ്കിലും, ചെക്ക് വാഹന നിർമ്മാതാവ് രാജ്യത്തെ ഇവി മത്സരത്തിൽ പിന്നിലാകാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്പനി പറയുന്നു.
അതേസമയം ഇന്ത്യയിൽ ഇനിയാക്ക് iV യുടെ വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയാൻ തോമസ് സ്‍കഫർ വിസമ്മതിച്ചു. അടുത്ത വർഷം ചിലപ്പോള്‍ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നേക്കാമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എൻയാക് ഐവി ഇന്ത്യയില്‍ എത്തിക്കാന്‍ സ്കോഡ CKD (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ) റൂട്ട് പര്യവേക്ഷണം ചെയ്യുകയാണെന്നും 2023-ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
നേരിട്ടുള്ള ഇറക്കുമതിയായി എന്യാക് iV കൊണ്ടുവരുന്നത് വിപണിയിലേക്കുള്ള ഏറ്റവും എളുപ്പവും വേഗമേറിയതുമായ വഴിയായിരിക്കും, എന്നാൽ ഉയർന്ന കസ്റ്റംസ് തീരുവ എൻയാക് ഐവിയെ വിലയേറിയതാക്കും. എലോൺ മസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് വാഹന നിർമ്മാണ കമ്പനികളുടെ തലവന്മാരുടെയും അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, മുഴുവൻ ഇറക്കുമതിയുടെയും തീരുവ കുറയ്ക്കാൻ ഇന്ത്യൻ ഗവൺമെന്റ് തയ്യാറായിട്ടില്ല എന്നതും കമ്പനി ഉറ്റുനോക്കുന്നുണ്ട്.
2020 സെപ്റ്റംബറിൽ ആഗോളതലത്തിൽ അവതരിപ്പിച്ച സ്കോഡ എൻയാക് iV, കമ്പനിയുടെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് വാഹനമാണ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡല്‍. മൂന്ന് ബാറ്ററി കപ്പാസിറ്റികളും (55-82kWh വരെ), പിൻ അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവും (148-265hp പവർ ഔട്ട്പുട്ടോടെ), 306hp RS പെർഫോമൻസ് വേരിയന്റുമായി ആഗോളതലത്തിൽ ഇനിയാക്ക് iV ലഭ്യമാണ്. വിവിധ വേരിയന്‍റുകളെ ആശ്രയിച്ച്, ഒറ്റ ചാർജിൽ 340-510 കിലോമീറ്ററാണ് അവകാശപ്പെടുന്ന ഡ്രൈവിംഗ് റേഞ്ച്. ഇന്ത്യയിൽ, ചെറിയ ബാറ്ററി ഓപ്ഷനുകളുള്ള ടൂ-വീൽ ഡ്രൈവ് പതിപ്പ് സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. കാരണം ഇത് വിപണിയിൽ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ഇനിയാക്ക് iV-യെ സ്ഥാപിക്കാൻ സഹായിക്കും.
അതേസമയം ഇന്ത്യയിലെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവി വിൽപന ഇപ്പോഴും കുറവാണെങ്കിലും വർധിച്ചുവരികയാണ്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ വാഹന വിൽപ്പന 2021 സാമ്പത്തിക വർഷത്തിലെ മൊത്തം ഇവി വിൽപ്പനയെ മറികടക്കുകയും 234 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുകയും ചെയ്‍തു എന്നതിൽ നിന്ന് ഇത് വ്യക്തമാണ്.
യൂറോപ്പ് പോലുള്ള വിപണികളിൽ, പ്രത്യേകിച്ച് പടിഞ്ഞാറൻ യൂറോപ്പിൽ, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സ്‍കഫര്‍ പറഞ്ഞു. "യൂറോപ്പിൽ ഇനിയാക്ക് iV ഏകദേശം 75,000 ഓർഡറുകൾ ഉണ്ട്. ഈ ആവശ്യങ്ങളെല്ലാം എങ്ങനെ നിറവേറ്റണമെന്ന് ഞങ്ങൾക്ക് അറിയില്ല, ഇത് അതിശയകരമാണ്..” ഇതൊരു സ്വാഭാവികമായ ഡിമാൻഡ് ആണെന്നും സർക്കാർ ആനുകൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 2030-ലേയ്‌ക്ക് ഇവികൾക്ക് അതിശയകരമായ ഒരു മുന്നേറ്റമുണ്ടെന്നും ഇത് ഇലക്ട്രിക്ക് മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നുവെന്നും സ്‍കോഡ വ്യക്തമാക്കുന്നു.