ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് തലശേരി -മാഹി ബൈപ്പാസ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ദേശീയപാതയിലെ തലശ്ശേരി – മാഹി ബൈപ്പാസ് ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഇതേ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതോടൊപ്പം ഓൺലൈനായി മാഹി ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം കാലങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. തലശ്ശേരി - മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.
undefined
മാഹി, തലശേരി പട്ടണങ്ങളിൽ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ 20 മിനിറ്റ് കൊണ്ട് വാഹനങ്ങൾക്ക് എത്തിച്ചേരാം. തലശേരി, മാഹി
പട്ടണങ്ങളിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഇകെ.കെ കമ്പനിക്കാണ് നിർമ്മാണ ചുമതല. 2021 ലായിരുന്നു പാത ഗതാഗതത്തിന് തുറന്നുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പ്രവൃത്തി പൂർത്തീകരിക്കാൻ രണ്ട് വർഷം നീണ്ടുപോയി. ബാലത്തിൽ പാലം പ്രവൃത്തി നടക്കവെ 2020 ൽ ഇതിന്റെ ബീമുകൾ പുഴയിൽ പതിച്ചതോടെയാണ് പ്രവൃത്തി പൂർത്തീകരിക്കാൻ സമയമെടുത്തത്. 900 മീറ്റർ നീളമായിരുന്നു പാലത്തിന്റേത്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ പ്രദേശ വാസികളുടെ പ്രതിഷേധം കാരണം ദേശീയപാത വിഭാഗം പാലത്തിന്റെ നീളം വീണ്ടും 66 മീറ്റർ കൂടി നീട്ടിയിരുന്നു.
പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റർ നീളുന്ന പാലം ഉൾപ്പെടെ നാലു വലിയ പാലങ്ങളും അഴിയൂർ മുക്കാളിയിലെ റെയിൽവേ മേൽപാലം, നാല് വെഹിക്കുലാർ അണ്ടർപാസുകൾ, 12 ലൈറ്റ് വെഹിക്കുലാർ അണ്ടർപാസുകൾ, ഒരു വെഹിക്കുലാർ ഓവർപാസ്, അഞ്ച് സ്മോൾ വെഹിക്കുലാർ അണ്ടർപാസുകൾ, എന്നിവയാണ് മാഹി - മുഴപ്പിലങ്ങാട് ബൈപാസിൽ ഉൾപ്പെടുന്നത്. 2020 മേയിൽ നിർമാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചാണ് നിർമാണം തുടങ്ങിയതെങ്കിലും കൊവിഡ് ലോക്ഡൗണും നെട്ടൂർ ബാലത്തെ പാലത്തിന്റെ നിർമാണത്തിൽ വന്ന പ്രശ്നങ്ങളും നിർമാണത്തിന് തടസമാവുകയായിരുന്നു.
അതേസമയം ബൈപാസ് പ്രവൃത്തിയിൽ ബാക്കിയുണ്ടായിരുന്ന അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ മുഴുവൻ ഗർഡറുകളും സ്ഥാപിച്ച് ടാറിങ്ങും പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കൽ നീണ്ട 13 സ്ഥലങ്ങളിൽ സർവീസ് റോഡ് നിർമാണം ബാക്കിയുണ്ട്. ഇത് ഉടൻ പൂർത്തിയാക്കാൻ കഴിയില്ല. ഉദ്ഘാടന ചടങ്ങോടെ തൊഴിലാളികളെ പിൻവലിക്കാനാണ് കരാർ കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഭൂമി വിട്ടുകിട്ടുന്നത് വൈകുന്ന സാഹചര്യത്തിൽ തൊഴിലാളികളെ അനിശ്ചിതമായി ഇവിടെ നിയോഗിക്കുന്നത് കനത്ത നഷ്ടമുണ്ടാക്കുമെന്നും കമ്പനി പറയുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ട്.