കളയില്ല ജീവന്‍, ഇടിച്ചു നേടി ഇന്നോവയെ വിറപ്പിച്ച ഇത്തിരിക്കുഞ്ഞന്‍!

By Web Team  |  First Published Jun 2, 2021, 1:11 PM IST

സുരക്ഷാ പരീക്ഷയില്‍ മികച്ച പ്രകടനവുമായി റെനോ ട്രൈബര്‍ 


രാജ്യത്തെ എംപിവി സെഗമെന്‍റില്‍ ഇന്നോവയെന്ന വല്ല്യേട്ടനെ വിറപ്പിച്ച ഒരു കൊച്ചുപയ്യനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ട്രൈബര്‍. കമ്പനിയുടെ ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നായ ട്രൈബറിന്‍റെ 2021 പതിപ്പിനെ അടുത്തിടെയാണ് കമ്പനി വിപണിക്ക് പരിചയപ്പെടുത്തുന്നത്. 

ഇപ്പോഴിതാ സുരക്ഷാ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‍ച വച്ചിരിക്കുകയാണ് ട്രൈബര്‍ എന്നാണ് പുതിയ വാര്‍ത്തകള്‍. ഗ്ലോബൽ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ഇടി പരീക്ഷയിൽ സുരക്ഷയില്‍ നാല് സ്റ്റാറുകളാണ് ട്രൈബർ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

മുൻ സീറ്റിലെ മുതിർന്നവരുടെ സുരക്ഷയ്ക്ക് നാലു സ്റ്റാറും പിൻ സീറ്റിലെ കുട്ടികളുടെ സുരക്ഷയിൽ 3 സ്റ്റാറുമാണ് ട്രൈബർ സ്വന്തമാക്കിയത്. രണ്ടു എയർബാഗുകളും എബിഎസുമുള്ള മോഡലാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. 

2019-ഓഗസ്റ്റിലാണ് എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെ റെനോ അവതരിപ്പിക്കുന്നത്. ബിഎസ്4 പെട്രോള്‍ എഞ്ചിനിലായിരുന്ന ട്രൈബറിനെ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്. 2020 ജനുവരിയില്‍ വാഹനത്തിന്റെ ബിഎസ്6 പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചു.  ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വില തന്നെയായിരുന്നു പ്രധാന പ്രത്യേകത.

നിലവിലുള്ള മോഡലിനെക്കാള്‍ കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ട്രൈബറിൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ, ഫോണ്‍ നിയന്ത്രണങ്ങള്‍ എന്നിവ ലഭിക്കുന്നു. ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനും,എല്ലാ കളര്‍ ഓപ്ഷനുകളിലുടനീളം ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയറുകളും പുതിയ ബോഡി കളറും ലഭിക്കുന്നുണ്ട്. മൂണ്‍ലൈറ്റ് സില്‍വര്‍, ഇലക്ട്രിക് ബ്ലൂ, മെറ്റല്‍ മസ്റ്റാര്‍ഡ്, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് എന്നീ അഞ്ച് നിറങ്ങളിലാണ് പുതിയ ട്രൈബര്‍ എത്തുന്നത്. ഈ അഞ്ച് നിറങ്ങളുടെയും ഡ്യുവല്‍ ടോണ്‍ പതിപ്പും എത്തുന്നുണ്ട്. ഈ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഇതില്‍ നല്‍കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ 17,000 രൂപ അധികമാണ് ഡ്യുവല്‍ ടോണിന്. ട്രൈബര്‍ നിരയില്‍ മുമ്പുണ്ടായിരുന്ന ഫെയറി റെഡ് നിറം നിരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.

3990 എം.എം. നീളം, 1739 എം.എം. വീതി, 1643 എം.എം. ഉയരം, 2636 എം.എം. വീല്‍ബേസുമാണ് ട്രൈബറിനുള്ളത്. 947 കിലോഗ്രാമാണ് ഭാരം. ക്വിഡിലെ  1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിന് കരുത്തേകുന്നത്. 6250 ആര്‍.പി.എമ്മില്‍ 72 പി.എസ് പവറും 3500 ആര്‍.പി.എമ്മില്‍ 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

അടുത്തിടെ ട്രൈബറിന്റെ ഇതുവരെയുള്ള മൊത്തം വിൽപന 75,000 യൂണിറ്റ് പിന്നിട്ടിരുന്നു. വിപണിയില്‍ എത്തി വെറും 21 മാസങ്ങള്‍ക്ക് ഉള്ളിലാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയത്.  ഓഗസ്റ്റ് മുതൽ 2020 മാർച്ച് 31 വരെയുള്ള കാലത്തിനിടെ 33,860 യൂണിറ്റ് വിൽപനയാണു ട്രൈബർ നേടിയത്. 2020 - 21 സാമ്പത്തിക വർഷത്തെ വിൽപനയാവട്ടെ 74,816 യൂണിറ്റും. കഴിഞ്ഞ ജനുവരി - മാർച്ച് കാലത്ത് 11,768 ട്രൈബറുകളെ റെനോ വിറ്റു. പ്രതിമാസം ശരാശരി  3,922 യൂണിറ്റും ദിവസേന 126 എണ്ണവും എന്ന് കണക്കുകള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!