10 മിനിറ്റു കൊണ്ട് ഫുൾ ചാർജ്ജ് ചെയ്യാം, ബാറ്ററിയിലും വലിയ മാറ്റം; പുതിയ ഇലക്ട്രിക് ടു വീലറുകൾ വിപണിയിലേക്ക്

By Web Team  |  First Published Nov 18, 2023, 5:44 AM IST

വീടുകളില്‍ നിന്നും 16 ആമ്പിയര്‍ പവ്വര്‍ ലഭ്യമായ മറ്റെവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.


തിരുവനന്തപുരം: അതിവേഗ ചാർജിംഗ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സൂപ്പർ ബൈക്ക് കേരളത്തിന്റെ നിരത്തുകളിൽ ഉടൻ എത്തുന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹിന്ദുസ്ഥാന്‍ ഇ.വി മോട്ടോഴ്‌സ് കോർപ്പറേഷൻ കേരളത്തില്‍ തന്നെ അസംബിൾ ചെയ്യുന്ന ലാന്‍ഡി ഇ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ കൊമേഴ്‌സല്‍ ലോഞ്ച്  തിരുവനന്തപുരത്ത് നടന്നു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ വച്ച് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ബിജു പ്രഭാക ലോഞ്ചിങ് നിര്‍വ്വഹിച്ചു. എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് മാത്യു ജോണിന് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്സ് കോർപ്പറേഷൻ എംഡി ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.

മറ്റ് ഇലക്ട്രിക് വാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ പ്രത്യേകതയുള്ള അഞ്ചാം തലമുറ എല്‍.ടി.ഒ  പവര്‍ ബാങ്ക് ഉപയോഗിച്ചുകൊണ്ടുള്ള ബൈക്കുകളാണ് ഹിന്ദുസ്ഥാന്‍ ഇ.വി മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ അവതരിപ്പിക്കുന്ന ലാന്‍ഡി ഈ ഹോഴ്‌സ് എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്നു.  ഇത് അഞ്ചു മുതല്‍ 10 മിനിറ്റ് വരെ സമയം കൊണ്ട് ഫ്ലാഷ് ചാര്‍ജിംഗ് എന്ന സംവിധാനത്തിലൂടെ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. മാത്രമല്ല വീടുകളില്‍ നിന്നും 16 ആമ്പിയര്‍ പവ്വര്‍ ലഭ്യമായ മറ്റെവിടെ നിന്നും വെറും ഒരു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 
പ്രത്യേകതരം ലിഥിയം കെമിസ്ട്രിയില്‍ (5th Generation Lithium Titanate Oxi Nano)  പ്രവര്‍ത്തിക്കുന്ന ബാറ്ററി പാക്കാണ് ഈ വാഹനത്തില്‍ ഉപയോഗിക്കുന്നതെന്നും അതുകൊണ്ടുതന്നെ ബാറ്ററികള്‍ക്ക് വാഹനത്തിനേക്കാള്‍ ലൈഫ് ലഭിക്കുമെന്നും നിര്‍മാതാക്കാള്‍ അവകാശപ്പെടുന്നു.  മാത്രമല്ല ചാര്‍ജ് ചെയ്യുമ്പോഴും ഡിസ് ചാര്‍ജ് ചെയ്യുമ്പോഴും യാതൊരു തരത്തിലുള്ള താപം ഉല്പാദിപ്പിക്കാന്‍ സാധ്യതയില്ലാത്ത തരത്തിലുള്ള നിര്‍മ്മാണ ശൈലിയാണ് ഇത്തരം ബാറ്ററി പാക്കുകള്‍ക്ക് ഉള്ളതുകൊണ്ട് അപ്രതീക്ഷിത തീപിടുത്തത്തിന് യാതൊരു സാധ്യതയുമില്ലായെന്ന് ഉറപ്പുവരുത്തുന്നതായും കമ്പനി പറയുന്നു.

Latest Videos

undefined

സൂപ്പര്‍ ബൈക്കുകളെ കൂടാതെ അതിവേഗ ചാര്‍ജിംഗ് സംവിധാനത്തോടെ തന്നെ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്ന പേരിലുള്ള ഇലട്രിക് സൂപ്പര്‍ സ്‌കൂട്ടറുകളും ഇതോടൊപ്പം കമ്പനി പുറത്തിറക്കുന്നുണ്ട്. ഇവയ്ക്ക് ഇന്ത്യയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രിക് വാഹന നിര്‍മ്മാണ അംഗീകാരവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അംഗീകാവും ലഭിച്ചിട്ടുണ്ട്. മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് നാലു മുതല്‍ എട്ടു മണിക്കൂറുകള്‍ വരെ സമയം ആവശ്യമുള്ളപ്പോള്‍ ഈ വാഹനങ്ങള്‍ തരംഗമാവുമെന്നാണ് കമ്പനിയുടെ പതീക്ഷ. തുടക്കത്തില്‍ കേരളത്തില്‍ തിരുവനന്തപുരം,തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഡീലര്‍ഷിപ്പ് റീട്ടെയില്‍ ഔട്ട് ലെറ്റുകളും തമിഴ്‌നാട്ടില്‍ ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങി 6 പ്രമുഖ കേന്ദ്രങ്ങളില്‍ ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളും ഉടന്‍ ആരംഭിക്കുന്നതാണ്.

Read also:  സൗജന്യമായി വെള്ളം, ഫ്രൂട്ടി, കുട, സ്നാക്ക്സ്, മരുന്ന്; അബ്ദുൾ ഖദീറിന്റെ വെറൈറ്റി ഓട്ടോ വൈറലാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!