നാലാം തലമുറ സ്വിഫ്റ്റിന്‍റെ പണിപ്പുരയിലാണ് കമ്പനിയെന്നും 2022 പകുതിയോടെ വാഹനം ആഗോള വിപണിയിൽ എത്തിയേക്കുമെന്നും റിപ്പോര്‍ട്ട്
ജനപ്രിയ ഹാച്ച്ബാക്കായ മാരുതി സുസുക്കി സ്വിഫ്റ്റ് നിലവിൽ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഹാച്ച്ബാക്ക് വാഹന വിപണിയുടെയും ഒപ്പം മാരുതി സുസുക്കിയുടെയും തലേവര തന്നെമാറ്റിയെഴുതിയ തലൈവരാണ് അക്ഷരാര്‍ത്ഥത്തില്‍ സ്വിഫ്റ്റ്. ഇപ്പോഴിതാ ഈ ജനപ്രിയ മോഡല്‍ തലമുറ മാറ്റത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ മൂന്നാം തലമുറ സ്വിഫ്റ്റാണ് വിപണിയില്‍ ഉള്ളത്. ഇപ്പോള്‍ നാലാം തലമുറ സ്വിഫ്റ്റിന്‍റെ പണിപ്പുരയിലാണ് കമ്പനിയെന്നും 2022 പകുതിയോടെ വാഹനം ആഗോള വിപണിയിൽ എത്തിയേക്കുമെന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുസുക്കിയുടെ ജന്മദേശമായ ജപ്പാനിലായിരിക്കും സ്വിഫ്റ്റ് ആദ്യം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
നാലാം തലമുറ സ്വിഫ്റ്റിന് പുതിയ ഡിസൈൻ ഭാഷ നൽകാനാണ് സുസുക്കിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. പുതിയ പ്ലാറ്റ്ഫോം ഇന്ത്യയിലേയ്ക്ക് എത്തുമോ എന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, മാരുതി സുസുക്കിയുടെ മിക്ക വാഹനങ്ങളും ഹാർടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, നാല് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ കൂടുതൽ പരിഷ്കൃതവും പുനർനിർമിച്ചതുമായ പതിപ്പായിരിക്കും പുത്തന്‍ സ്വിഫ്റ്റിന്‍റെ ഹൃദയം. 90 പിഎസ് പരമാവധി കരുത്തും 113 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ഈ എഞ്ചിനില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയേക്കും. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനും മാലിന്യം പുറന്തള്ളൽ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്സാണ് വാഹനത്തിലുള്ളത്. മാനുവൽ ഗിയർബോക്‌സിന് 23.20 കിമീ/എഎംടി വേരിയൻറിന് 23.76 കിമീ/ലിറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. 2023 മേയിൽ സ്വിഫ്റ്റ് സ്പോർട്സ് അവതരിപ്പിക്കാനും സുസുക്കിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നിലവിലെ സ്വഫ്റ്റ് 2017 ലാണ് അന്താരാഷ്ട്ര മാർക്കറ്റിലെത്തിയത്. 2018 ൽ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണിത്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഒരു പതിറ്റാണ്ടിലേറെയായി വിപണിയിലുള്ള സ്വിഫ്റ്റ് വാഹന മോഡിഫയർമാരുടെ ഇടയിൽ ഇപ്പോഴും പ്രചാരമുള്ള വാഹനങ്ങളിലൊന്നാണ്. നിലവിൽ മൂന്നാം തലമുറ സ്വിഫ്റ്റ് വിപണിയില്‍ എത്തുന്നത്. ചെറിയ മാറ്റങ്ങളോടെ മാരുതി സുസുക്കി അടുത്തിടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2021 പതിപ്പ് പുറത്തിറക്കിയിരുന്നു. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona