22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?!

By Web Team  |  First Published Aug 16, 2021, 2:40 PM IST

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്. 


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത്‌ മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍. 20 വർഷത്തിലേറെ പഴക്കമുളള സ്വകാര്യ വാഹനങ്ങളുടെ എണ്ണം 14.9 ലക്ഷം ആണ്. രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്.  മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്. 

Latest Videos

undefined

നിലവില്‍ കേരളത്തിലെ ആകെ വാഹനങ്ങളുടെ എണ്ണം 1,41,84,184 ആണ്. പ്രതിവര്‍ഷം 10.7 ശതമാനം എന്ന നിലയിലാണ് സംസ്ഥാനത്തെ വാഹനങ്ങളുടെ വളര്‍ച്ച.  സംസ്ഥാനത്ത് 1,000 ആളുകള്‍ക്ക് 425 വാഹനങ്ങള്‍ എന്നതാണ്സ്ഥിതി. ലോക വികസന സൂചകങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ 1,000 ആളുകള്‍ക്ക് 18 വാഹനങ്ങള്‍ എന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ ഇത് 47-ഉം അമേരിക്കയില്‍ 507-ഉം ആണ്. അതായത് കേരളത്തിലെ വാഹനങ്ങളുടെ എണ്ണം ചൈനയേക്കാള്‍ ഒരുപാട് മുന്നിലും വികസിതരാജ്യങ്ങള്‍ക്ക് തുല്യവുമാണ്.

സംസ്ഥാനത്തെ മൊത്തം വാഹനങ്ങളുടെ 65 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. അതിനാല്‍ പൊളിച്ചക്കല്‍ നയം ഏറ്റവും ബാധിക്കുക ഇരുചക്രവാഹനങ്ങളെയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം പഴയ വാഹനങ്ങളില്‍ 70 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. കാറുകള്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഇത് ഏകദേശം 22 ശതമാനത്തോളം വരും. ഓട്ടോറിക്ഷയും ചരക്കു വാഹനങ്ങളും അഞ്ച് ശതമാനവും ഒരു ശതമാനം ബസുകളും ഇതില്‍പ്പെടും. മാത്രമല്ല കേരളത്തില്‍ രണ്ടേകാല്‍ ലക്ഷം വിന്റേജ് വാഹനങ്ങളുണ്ടെന്നും കണക്കുകള്‍ പറയുന്നു. പുതിയ നിയമം വന്നാല്‍ ഇവയ്ക്കും നിരത്തിലിറങ്ങാനാകില്ല. 

അന്തിമ ഉത്തരവ് ഇറങ്ങിയാൽ മാത്രമേ കൂടുതൽ വ്യക്തത വരുകയുള്ളൂവെന്നു സംസ്ഥാന മോട്ടർ വാഹനവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 15 വർഷം പഴക്കമുള്ള ബസും മറ്റു വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും നിർബന്ധമായും പൊളിക്കണമെന്നല്ല സർക്കാർ നിർദേശം. രണ്ട് ഫിറ്റ്നസ് ടെസ്റ്റുകളും പാസായില്ലെങ്കിൽ മാത്രമേ പൊളിക്കൽ നിർബന്ധമാകുന്നുള്ളൂ. പുതിയ നയം സംബന്ധിച്ച്‌  പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടൻ അന്തിമ വിജ്ഞാപനം ഇറങ്ങിയേക്കും. 

പുതിയ വാഹനം വാങ്ങുമ്പോൾ ആകർഷകമായ ആനുകൂല്യങ്ങളും പൊളിക്കൽ നയത്തിൽ പറഞ്ഞിട്ടുള്ളതിനാൽ കൂടുതൽ പേരും പുതിയ വാഹനങ്ങളിലേക്കു പോകുമെന്നാണു കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നത്. പഴക്കം ചെന്ന ഒരു വാഹനം, പുതിയ 14 വാഹനങ്ങളുടെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്.

മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. കാലാവധി പൂർത്തിയായ  വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും  ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ പൊളിക്കുകയുമായിരിക്കും നടപടി. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്നസ് ടെസ്‌റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസി വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം  രാജ്യത്ത് പ്രഖ്യാപിച്ച പൊളിക്കല്‍ നയത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് കഴിഞ്ഞദിവസം നയത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ മന്ത്രി ആന്‍റണി രാജു പറയുന്നു. 

മലിനീകരണമാണ് പ്രശ്‍നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ്   സ്വീകരിക്കേണ്ടത്. എന്നാൽ വൻകിട വാഹന  നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്, സംസ്ഥാനത്തിന്‍റെ നയം വ്യക്തമാക്കി ഗതാഗത മന്ത്രി പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!