കടുത്ത നടപടിക്ക് എംവിഡി, ഓരോ നിയമലംഘനത്തിനും 5000 രൂപ പിഴ, രൂപമാറ്റവും ലൈറ്റും അടക്കമുള്ളവയ്ക്ക് പണി കിട്ടും

By Web Team  |  First Published Nov 28, 2023, 11:18 AM IST

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധം വാഹനത്തിനുള്ളിലും പുറത്തും ലൈറ്റുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും.


ലേസര്‍ ലൈറ്റ് ഘടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ അനധികൃത രൂപമാറ്റങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ കൃത്യമായ നടപടിയെടുക്കാന്‍ കഴിഞ്ഞ മാസവും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല തീര്‍ത്ഥാടന കാലമായതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് മോട്ടാര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപടികള്‍ കടുപ്പിക്കുന്നത്. 

രൂപമാറ്റം വരുത്തുകയും എല്‍ഇഡി ലൈറ്റുകള്‍ ഫിറ്റ് ചെയ്യുകയും ചെയ്ത വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കൊണ്ട് വീഡിയോകള്‍ ചെയ്യുന്ന വ്ളോഗര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ മാസമാണ്. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം രൂപമാറ്റങ്ങള്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. എല്‍ഇഡി ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, നിയോണ്‍ ലൈറ്റുകള്‍ എന്നിങ്ങനെയുള്ള ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Latest Videos

undefined

സീറ്റ് ബെല്‍റ്റ് ഇട്ടില്ല, കാസര്‍കോട്ടുകാരനായ 74കാരന് 74,500 രൂപ പിഴ!

ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിധം വാഹനത്തിനുള്ളിലും പുറത്തും ലൈറ്റുകള്‍ക്ക് രൂപമാറ്റം വരുത്തിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പരിശോധിക്കും. കാല്‍നട യാത്രക്കാരുടെ വരെ ജീവന്‍ അപകടത്തിലാവാന്‍ വാഹനങ്ങളിലെ വര്‍ണ ശബള ലൈറ്റുകള്‍ കാരണമാകുന്നുണ്ടെന്ന്, സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാന്‍ ആര്‍ടിഒമാര്‍ക്കും ജോയിന്‍റ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തീര്‍ത്ഥാടനത്തിന് എത്താറുണ്ട്. അതിനാല്‍ നടപടി എടുക്കുന്നതിനെ കുറിച്ച് കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരെ അറിയിക്കും.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!