ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!

By Web Team  |  First Published Feb 2, 2021, 1:29 PM IST

ക്യാമറകളെ കബളിപ്പിക്കാന്‍ ടിപ്പര്‍ ലോറികള്‍ നമ്പര്‍ പ്ലേറ്റുകളില്‍ മണ്ണും ചെളിയും മന:പൂര്‍വ്വം പുരട്ടുന്നു


ക്യാമറകളില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിച്ച വാഹനങ്ങളെ പിടികൂടി മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം. ചാലക്കുടി ദേശീയപാതയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് നിരവധി വാഹനങ്ങള്‍ ഇത്തരത്തില്‍ കുടുങ്ങിയത്.

ഇങ്ങനെ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ച് ഓടിയ 15 വാഹനങ്ങളാണ് ഒറ്റയടിക്ക് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ക്ക് 3,000 രൂപയും മിനി ലോറി ഉള്‍പ്പെടെ ഇടത്തരം വാഹനങ്ങള്‍ക്ക് 4000 രൂപയുമാണ് പിഴ ഈടാക്കിയത്. ലോറികള്‍ക്ക് 7,000 രൂപയും ഈടാക്കി.

Latest Videos

undefined

ക്യാമറകളില്‍പ്പെടാതിരിക്കാന്‍ വ്യാപകമായി നമ്പര്‍ പ്ലേറ്റ് മറയ്ക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറികളിലും മിനി ലോറികളിലും തകിടുകള്‍ സ്ഥാപിച്ചാണ് പ്ലേറ്റുകള്‍ മറച്ചിരുന്നത്. ഇത് വര്‍ക്ക് ഷോപ്പുകളില്‍ കൊണ്ടുപോയി മുറിച്ചുനീക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി ബൈക്കുകളില്‍ പായുന്നവരെ പൂട്ടാനും മോട്ടോര്‍ വാഹന വകുപ്പ് നീക്കം നടത്തുന്നുണ്ട്. മുന്നില്‍ നമ്പര്‍ പ്ലേറ്റുണ്ടെങ്കിലും പിന്നില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്ന സംഘങ്ങളാണ് ഏറെയും.  പരാതി വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എറണാകുളം ജില്ലിയലെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. 

അക്കങ്ങള്‍ വ്യക്തമാകാത്ത തരത്തില്‍ ചിലര്‍ മനഃപൂര്‍വം നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചുവെയ്ക്കുന്നതായും കണ്ടെത്തി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറികളും മറ്റുമായി വരുന്ന ലോറികളില്‍ ചിലത് പിന്നിലെ നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്യാമറകളെ കബളിപ്പിക്കാന്‍ ടിപ്പര്‍ ലോറികള്‍ നമ്പര്‍ പ്ലേറ്റുകളില്‍ മണ്ണും ചെളിയും പുരട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരക്കാര്‍ക്കും 5,000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം. 

നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം, നമ്പര്‍പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്താനാണ് നീക്കം. 
 

click me!