എംവിഡിക്ക് വേണം ഡ്രോൺ എഐ ക്യാമറകൾ; ചെലവ് 400 കോടി, ഓരോ ജില്ലയിലും 10 എണ്ണം വീതം, നിയമലംഘകരെ വിടാതെ പിടികൂടും 

By Web Team  |  First Published Aug 13, 2023, 8:53 AM IST

ഗതാ​ഗത നിയമലംഘനങ്ങൾ പഴുതടക്കാനാണ് പുതിയ സംവിധാനം ആവശ്യപ്പെടുന്നത്. ഒരു ജില്ലയിൽ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ.


തിരുവനന്തപുരം: കേരളത്തിലെ പ്രധാന റോഡുകളിൽ 700ഓളം എഐ ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെ ആകാശത്തുനിന്നും നിരീക്ഷണം ശക്തമാക്കാനുറച്ച് മോട്ടോർ വാഹന വകുപ്പ്. ഡ്രോണിൽ എഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് പുതിയ നിർദേശം സർക്കാറിന് മുന്നിൽവെച്ചത്. നിലവിലെ എഐ ക്യാമറകൾക്ക് പുറമെ, ഒരു ജില്ലയിൽ 10 എ ഐ ഡ്രോൺ ക്യാമറകൾ വേണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ വിശദ റിപ്പോർട്ടും സമർപ്പിച്ചു. ഇപ്പോൾ ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ നിയമ ലംഘനങ്ങൾ നടക്കുന്നുവെന്നാണ് വിലയിരുത്തൽ. ​ഗ്രാമീണ പ്രദേശങ്ങളിൽ ഇപ്പോഴും പൊലീസിന്റെ പരിശോധനയാണ് ആശ്രയം.

അതുകൊണ്ടുതന്നെ ​ഗതാ​ഗത നിയമലംഘനങ്ങൾ പഴുതടക്കാനാണ് പുതിയ സംവിധാനം ആവശ്യപ്പെടുന്നത്. ഒരു ജില്ലയിൽ 10 ഡ്രോണെങ്കിലും വേണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ.  പദ്ധതിക്ക് കണക്കാക്കുന്ന ചെലവ് 400 കോടി രൂപയാണ്.  ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. മറ്റു സാങ്കേതിക വശങ്ങളും പ്രായോ​ഗികതയും പരി​ഗണിച്ചായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.

Latest Videos

undefined

 232 കോടി മുടക്കിയാണ് നിലവിൽ സംസ്ഥാനത്തെ റോഡുകളിൽ എഐ ക്യാമറ സ്ഥാപിച്ചിട്ടിുള്ളത്. പദ്ധതിയിൽ പ്രതിപക്ഷം അഴിമതി ആരോപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. സ്ഥാപിച്ച 726 ൽ 692 എണ്ണം മാത്രമെ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.  ക്യാമറകൾ സ്ഥാപിച്ചതോടെ ​ഗതാ​ഗത നിയമലംഘങ്ങൾക്ക് കുറവുണ്ടെന്നാണ് മോട്ടോർവാഹന വകുപ്പിൻെറ വിലയിരുത്തൽ. 

സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം, വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. 2022 ജൂലൈയിൽ റോഡപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നെങ്കിൽ 2023 ജൂലൈയിൽ ഇത് 3316 ആയി കുറഞ്ഞു. ജൂൺ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 നിയമലംഘനങ്ങൾ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി.

25,81,00,000 രൂപ  ഇ- ചലാൻ വഴി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വിഐപി വാഹനങ്ങളെ പിഴയിൽ നിന്നും ഒഴിവാക്കുന്നുവെന്ന ആരോപണം തള്ളിയ മന്ത്രി, 10 എം പിമാരുടെ വാഹനങ്ങൾക്കും പിഴയിട്ടതായും വ്യക്തമാക്കി. വി ഐ പി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എംഎൽഎമാരുടേയും എം പിമാരുടേയും വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണ് പിഴയിട്ടത്.

click me!