കണ്ണൂരിലെ ബൈക്ക് യാത്രികന് എഐ കാമറ പിഴ ബൈക്ക് വിലയേക്കാൾ കൂടുതൽ! കാമറയെ കോക്രി കാട്ടി മുന്നിലൂടെ പോയത് 150 തവണ

By Web Team  |  First Published Nov 9, 2023, 10:26 PM IST

പിഴയടക്കാത്തതിനെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് യുവാവിനെതിരെ നടപടിയെടുത്തത്.


കണ്ണൂര്‍:  എഐ ക്യാമറയെ കൂസാതെ ബൈക്കില്‍ പലതവണയായി നിയമലംഘനം, ഒപ്പം കാമറയെ നോക്കി കൊഞ്ഞനം കുത്തൽ. യുവാവ് പിഴയായി അടക്കേണ്ടത് ബൈക്കിന്റെ വിലയേക്കാൾ വലിയ തുക.മൂന്ന് മാസത്തനിടെ  മൂന്ന് മാസത്തിനിടെ നൂറ്റിയൻപതിലധികം തവണ നിയമലംഘനം നടത്തിയതിന് കണ്ണൂരിലെ യുവാവിന് പിഴയിട്ടത്ത  86,500 രൂപയാണ്.

കണ്ണൂർ പഴയങ്ങാടിയിലെ ക്യാമറയിലാണ് യുവാവിന് പിടിവീണത്. പലതവണയായി നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലില്‍ ലഭിച്ചിട്ടും യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്തു. പിഴയടക്കാത്തതിനെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് യുവാവിനെതിരെ നടപടിയെടുത്തത്.

Latest Videos

undefined

നിയമലംഘനം തുടര്‍ന്നതിന് യുവാവിന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 25കാരനാണ് പലതവണയായി നിയമലംഘനം നടത്തിയതെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ എസി ഷീബ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്.

ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 150ലധികം തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read more: പ്രണയ വിവാഹം, പിന്നാലെ ശാരീരിക ഉപദ്രവം; ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ഇത്രയധികം നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്തതിന്‍റെ കാരണം തേടിയാണ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ വീട്ടില്‍നിന്ന് യുവാവ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 150ലധികം നിയമലംഘനങ്ങളിലായാണ് 86,500 രൂപ യുവാവിന് പിഴയായി അടക്കേണ്ട സാഹചര്യമുണ്ടായത്. ബൈക്കില്‍ നിയമലംഘനം നടത്തിയതിന് ഒരു ബൈക്കിന്‍റെ വില തന്നെ നല്‍കേണ്ട അവസ്ഥയിലാണ് യുവാവെന്നും നോട്ടീസ് ലഭിച്ചാല്‍ പിഴ അടയ്ക്കണമെന്നും നിയമലംഘനം ആവര്‍ത്തിക്കരുതെന്നും എല്ലാവര്‍ക്കും മുന്നറിയിപ്പാണ് ഈ സംഭവമമെന്നും എസി ഷീബ പറഞ്ഞു. ഒന്നര ലക്ഷത്തോളം വിലവരുന്ന യുവാവിന്‍റെ 2019 മോഡല്‍ ബൈക്ക് വിറ്റാല്‍ പോലും പിഴ അടക്കാന്‍ കഴിയില്ലെന്ന സങ്കടമാണ് ഉദ്യോഗസ്ഥരുടെ മുന്നിലകപ്പെട്ട യുവാവ് സങ്കടത്തോടെ പറഞ്ഞതെന്നും പിഴ അടക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

click me!