വില 10 ലക്ഷത്തില്‍ താഴെ, വരുന്നൂ ജൂനിയര്‍ ജീപ്പ്!

By Web TeamFirst Published May 16, 2021, 12:55 PM IST
Highlights

ചെറു എസ്‍യുവി സെഗ്‌മെന്റിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് ചെറു എസ്‍യുവി സെഗ്‌മെന്റിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീപ്പ് ജൂനിയര്‍ എന്നായിരിക്കും ഈ മോഡലിന്‍റെ പേരെന്നു കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീപ്പ് 526 എന്ന കോ‍ഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500 ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിട്രോണിന്‍റെ സി 21 മോഡലുമായി പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടുന്ന വാഹനം 4x4 കഴിവുകൾ ലഭിക്കുന്നതിന് റിയർ ആക്‌സിലിലുള്ള ഒരു ഇ-മോട്ടോറും ഉപയോഗിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചെറു എസ്‌യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്‍യുവി അടുത്ത വർഷം വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന എസ്‌യുവി തുടക്കത്തിൽ ഇന്ത്യയിലും അതിനു ശേഷം രാജ്യാന്തര വിപണിയിലും ജീപ്പ് പുറത്തിറക്കും. പത്തു ലക്ഷത്തിൽ താഴെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ത്തന്നെ ആദ്യ ഫോർവീൽഡ്രൈവ് മോഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‌യുവി സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്‍തമായിരിക്കും.

Latest Videos

രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് (പി‌എച്ച്‌ഇവി) മോഡലുകൾക്കും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. വേരിയന്‍റിനെ ആശ്രയിച്ച് മൊത്തം ഔട്ട്‌പുട്ട് 190 എച്ച്പി അല്ലെങ്കിൽ 240 എച്ച്പിയാണ്​. ഹ്യുണ്ടായ് വെന്യു, കിയ സോനറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അർബൻ ക്രൂസർ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ഫോർഡ് എക്കോസ്പോർട്ട്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിവരോടാകും ജീപ്പ്​ ജൂനിയർ​ വിപണിയിൽ ഏറ്റുമുട്ടുക.  വിറ്റാര ​ബ്രെസ, കിയ സോണറ്റ്​ തുടങ്ങി കോംപാക്​ട്​ എസ്​യുവി വിഭാഗത്തിലെ പ്രധാന എതിരാളികൾക്കൊന്നും ഫോർവീൽ ഡ്രൈവ്​ ഇല്ലാത്തത്​ ജീപ്പ്​ ജൂനിയറിന്​ വിപണിയിൽ മുൻതൂക്കം നൽകും. പുതിയ ജീപ്പിന്റെ റെന്‍ഡറിംഗ് ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!