ഞങ്ങൾക്ക് മഹീന്ദ്ര ജീവനാണ്, ഞങ്ങൾക്ക് ജീപ്പ് എന്ന് പറഞ്ഞാല്‍ അത് മഹീന്ദ്ര ആണ്, ഞങ്ങക്കിട്ട് കൊട്ടിയതാ എന്ന് മനസിലായി, കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നുമൊക്കെ നീളുന്നു കമന്‍റുകള്‍.
ഈ സ്വാതന്ത്ര്യ ദിനത്തിലാണ് ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ ഥാർ പുറത്തിറങ്ങിയത്. അന്നുമുതല്‍ പല വാഹനപ്രേമികളും അടക്കം പറയുന്ന ഒരു കാര്യമാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലര്‍ എസ്‍യുവിയുമായുള്ള പുത്തന്‍ ഥാറിന്‍റെ സാമ്യം. രൂപത്തിലും ഭാവത്തിലും പ്രകടമായ സാമ്യമാണ് ഇരു വാഹനങ്ങളും തമ്മിലുള്ളത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചയാകുകയാണ് അടുത്തിടെ ജീപ്പ് പുറത്തിറക്കിയ ഒരു വീഡിയോ.
ജീപ്പ് ഇന്ത്യയുടെ യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന 'ദി ഒറിജിനൽസ്' എന്ന വീഡിയോ ആണ് വൈറലാകുന്നത്. ലോകത്ത് ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള വ്യത്യാസമാണ് വീഡിയോയുടെ വിഷയം. ലോകത്തിലെ മനോഹരമായ ലാൻഡ്‌മാർക്കുകൾ, കല, എഞ്ചിനീയറിംഗ് ആശയങ്ങൾ എന്നിവ വീഡിയോ ഉയർത്തിക്കാട്ടുന്ന വീഡിയോ യഥാർഥ ആശയങ്ങൾ പകർപ്പുകളേക്കാൾ സ്വതന്ത്രമായി മുന്നേറാനും വഴി നയിക്കാനും മനുഷ്യരാശിയെ പ്രാപ്തമാക്കുമെന്നാണ് പറയുന്നത്.
undefined
റൈറ്റ് സഹോദരന്മാർ നിർമ്മിച്ച ലോകത്തിലെ ആദ്യ വിമാനം, സ്റ്റാച്യു ഓഫ് ലിബർട്ടി, പിരമിഡുകൾ, വാൻഗോഗിന്‍റെയും മൈക്കല്‍ ആഞ്ചലോയുടെയും പെയിൻറിങുകൾ, റോമിലെ കൊളോസിയം, ഡാവിഞ്ചിയുടെ മോണലിസ, ഈഫൽ ടവർ, താജ്മമഹൽ തുടങ്ങിയവയൊക്കെ ഈ വീഡിയോയിൽ കടന്നുവരുന്നുണ്ട്. "യാഥാർത്ഥമായത്, മാറി ചിന്തിക്കാനും അതിൽ ഉറച്ചു നിൽക്കാനും നമ്മെ പ്രേരിപ്പിക്കും, സാധാരണത്വത്തിന്റെ മുകളിലായിരിക്കും അവ, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ അവർ സഞ്ചരിക്കും" എന്നിങ്ങനെ പോകുന്നു വീഡിയോയിലെ ശബ്‍ദ ശകലങ്ങൾ.
യഥാർഥമായതിനെ പകർത്താനൊ പുനർ നിർമിക്കാനൊ കഴിയില്ലെന്നും വീഡിയോയിൽ പറയുന്നു. താജ്മഹലിൽ നിന്ന് പഴയ വില്ലീസ് ജീപ്പിലാണ് വീഡിയൊ അവസാനിക്കുന്നത്. വീഡിയോയുടെ ഈ ഭാഗമാണ് ഏറ്റവും കൌതുകകരം. 'There's Only One' (അങ്ങനെ ഒന്നേയുള്ളൂ) എന്ന വാക്കും ഈ സമയം പ്രദർശിപ്പിക്കുന്നു.
സൈദ്ധാന്തികമായിട്ടാണ് വീഡിയോ എങ്കിലും നൈസായി പുതിയ ഥാറിനിട്ടൊരു പണിയാണ് ഇതെന്നാണ് വീഡിയോ കണ്ട പല വാഹനപ്രേമികളും പറയുന്നത്. മഹാത്മാഗാന്ധിയുടെയും താജ്മഹലിന്റെയും രൂപത്തിൽ വീഡിയോ ഇന്ത്യൻ ബന്ധത്തെ സമർഥമായി സമന്വയിപ്പിക്കുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അതായത് തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചാണ് മഹീന്ദ്ര ഥാർ തയ്യാറാക്കിയിരിക്കുന്നത് എന്ന് പറയാതെ പറയുകയാണ് ജീപ്പ് എന്നും ഒരു വിഭാഗം വാഹനപ്രേമികള്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോയില്‍ കമന്‍റുകളുമായി നിരവധി മലയാളികള്‍ എത്തിയിട്ടുണ്ട്. ഞങ്ങൾക്ക് മഹീന്ദ്ര ജീവനാണെന്നും ഞങ്ങൾക്ക് ജീപ്പ് എന്ന് പറഞ്ഞാല്‍ അത് മഹീന്ദ്ര ആണെന്നും ഞങ്ങക്കിട്ട് കൊട്ടിയതാ എന്ന് മനസിലായെന്നും എന്നാലും തന്റേത് വാങ്ങൂല്ലാന്നും കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ടെന്നും മഹീന്ദ്ര ഥാർ ചിലരുടെ ഉറക്കം കെടുത്തും എന്നുമൊക്കെ നീളുന്നു കമന്‍റുകള്‍. മഹീന്ദ്രയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് ഭൂരിഭാഗവും എന്നതാണ് കൌതുകകരം.
എന്നാല്‍ ഈ വീഡിയോയെ അത്ര തമാശയായി കാണുന്നില്ല പലരും. പുതിയ മഹീന്ദ്ര ഥാറിന്‍റെ രൂപകൽപ്പനയ്‌ക്കെതിരെ ജീപ്പ് നിയമനടപടികൾ ആരംഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വാഹന ലോകത്ത് ചിലരെങ്കിലും. കാരണം കോപ്പിയടി വിഷയത്തില്‍ ജീപ്പും മഹീന്ദ്രയും നേർക്കുനേർ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം മഹീന്ദ്ര അമേരിക്കൻ വിപണിയിൽ ഥാർ അടിസ്ഥാനമായ റോക്‌സർ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ വാഹനങ്ങളുമായുള്ള സാമ്യം ജീപ്പ് കമ്പനി നിയമപ്രശ്‍നമാക്കിയിരുന്നു. കോപ്പിയടി ചൂണ്ടിക്കാട്ടി ജീപ്പിന്റെ മാതൃകമ്പനിയായ ഫിയറ്റ് ക്രൈസ്ലർ ഓട്ടോമൊബൈൽസ് കേസ് കൊടുക്കയും അനുകൂലമായ വിധി നേടുകയും ചെയ്തു. ഇതേത്തുടർന്ന് മഹീന്ദ്ര റോക്‌സോറിന്റെ ഡിസൈനിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരുന്നു.
എന്നാല്‍ മഹീന്ദ്രയും ജീപ്പും തമ്മിലുള്ള ബന്ധവും ചരിത്രത്തിന്‍റെ ഭാഗമാണെന്നതാണ് സത്യം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മഹീന്ദ്ര ഇന്ത്യന്‍ വാഹന ലോകത്തേക്ക് പിച്ചവച്ചത് ജീപ്പിന്റെ സഹായത്തോടെ ആയിരുന്നു. ജീപ്പിന്റെ വില്ലിസ് CJ-3B മോഡൽ അടിസ്ഥാനമാക്കിയ വാഹനങ്ങളാണ് മഹീന്ദ്രയെ ഇന്ത്യന്‍ ജനഹൃദയങ്ങളിലേക്ക് ഓടിച്ചുകയറ്റിയത്. ജീപ്പുമായുള്ള ലൈസന്‍സ് ഡീല്‍ അനുസരിച്ചായിരുന്നു CL 550 MDI, MM 540 മോഡലുകൾ മഹീന്ദ്ര നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ജീപ്പും മഹീന്ദ്രയും തമ്മിലുള്ള ഈ ലൈസൻസിങ് ഡീൽ പിന്നീട് അവസാനിച്ചിരുന്നു.