'കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി', എംവിഡി പറഞ്ഞതിലെ കാര്യം മനസിലാകണമെങ്കിൽ ഈ കുറിപ്പ് വായിക്കണം!

By Web Team  |  First Published Mar 25, 2024, 9:47 PM IST

ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നമ്മൾ വളരെ അശ്രദ്ധമായി കാണുന്ന ഈ സാങ്കേതികത്വങ്ങളെല്ലാം എത്ര വലിയ അപകടത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നു.


ബൈക്കപകടങ്ങൾ തുടർക്കഥയാകുമ്പോൾ, വന്നേക്കാവുന്ന അപകട സാധ്യതകളെ കുറിച്ചും ബൈക്കും റോഡുമായി ബന്ധപ്പെട്ട മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചും വിശദമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ നമ്മൾ വളരെ അശ്രദ്ധമായി കാണുന്ന ഈ സാങ്കേതികത്വങ്ങളെല്ലാം എത്ര വലിയ അപകടത്തിലേക്കാണ് നമ്മളെ തള്ളിവിടുന്നതെന്നും വ്യക്തമാക്കുന്നു.

എംവിഡിയുടെ കുറിപ്പിങ്ങനെ...

Latest Videos

undefined

ഇരുമെയ്യാണെങ്കിലും മനമൊന്നായി... മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാൾ കൂടുതൽ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിൻ്റെ സുരക്ഷ എന്നതിനാലാണ്.

സന്തുലനം അഥവാ ബാലൻസിംഗ് 

ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയിൽ നിർത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീര മനോബുദ്ധികളുടേയും വാഹനത്തിന്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം.  അപ്പോൾ ഡ്രൈവർക്കൊപ്പം ഒരാൾ കൂടിയായാലോ…?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവില്ലേ….? നാം സ്വപ്നേപി വിചാരിക്കാത്ത  ‘പിൻസീറ്റ് ഡ്രൈവിംഗ്‘ പരോക്ഷമായ ഒരു അപകടകാരിയാണ് എന്നറിയുക….. അപ്പോൾ രണ്ടിൽ കൂടുതൽ യാത്രികരുണ്ടെങ്കിൽ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ……?!!ട്രിപ്പിൾ റൈഡേഴ്സ്… ജാഗ്രതൈ

സ്ഥിരത അഥവാ സ്റ്റെബിലിറ്റി 

അതിദ്രുതം മാറി വരുന്ന വ്യത്യസ്ത പ്രതലങ്ങളുമായുള്ള മുൻപിൻ ടയറുകളുടെ കേവലം രണ്ട്  Rolling point  Contact മാത്രമാണ്, ഇരുചക്രവാഹനത്തിൽ സ്ഥിരത അഥവാ സ്റ്റബിലിറ്റിക്ക് ആധാരമായ സംഗതി എന്നത് നമ്മിൽ എത്ര പേർക്ക് ബോധ്യമുണ്ട്… ?!! ഒരു മോട്ടോർ സൈക്കിളിൻ്റെ സുരക്ഷിതപ്രയാണത്തിന് അത്യന്താപേക്ഷിതമായ ഏക ഘടകം പ്രതലവുമായുള്ള മുൻപിൻ ടയറുകളുടെ ഒരുപോലുള്ള പിടിത്തം അഥവാ ഗ്രിപ്പ് മാത്രമാണെന്നത് മറക്കാനേ പാടില്ല…!!

അതായതുത്തമാ... രണ്ടു പ്രതലങ്ങൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന ഘർഷണം അഥവാ ഫ്രിക്ഷൻ എന്ന ഭൂതമാണ്* ഇവിടെ നമ്മുടെ ഏകരക്ഷകൻ എന്നു ചുരുക്കം. റോഡിൻ്റേയും ടയറിൻ്റേയും പ്രതലങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഒരു വാഹനത്തിൻ്റെ റോഡ് ഹോൾഡിംഗ് ക്ഷമത. 

ഈ പ്രതലങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ നേരിയ വ്യത്യാസം തന്നെ ഗ്രിപ്പ് കുറയാനും ഇരുചക്ര വാഹനത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടാനും ഇടവരുത്തിയേക്കാം…!!'കൈയ്യീന്ന് പോവുംന്ന്…' പിന്നെ മെയ്- വഴക്കത്തിന് വലിയ പ്രസക്തിയൊന്നുമില്ല. റോഡിലെ റേസിംഗ്, റോഡിൽ ഇറേസിംഗ് ആകുമെന്ന ഭയവും ജാഗ്രതയും എല്ലായ്പോഴും ഉണ്ടാവണം. 

നമ്മുടെ റോഡിന്റെ അപ്രവചനീയമായ പ്രതല സ്വഭാവത്തെപ്പറ്റിയാണ് നാമേറെ ആശങ്കപ്പെടേണ്ടത്. ശരിയാണ് നമുക്കേറെ പരാതികളുള്ളതും... ഇത്തരം ഒട്ടേറെ മനുഷ്യനിർമ്മിത പ്രതിബന്ധങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടാകും എന്ന വസ്തുത കൂടി കണക്കിലെടുത്തു കരുതലോടെ വേണം നമ്മുടെ യാത്രകൾ എന്നത് ഡ്രൈവിംഗിനെ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ പോലും ഈ പ്രതലസ്വഭാവങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ് എന്നത് ഒരു പക്ഷെ ആരും ചിന്തിക്കാറേയില്ല. ഒരേ യാത്രയിൽ ഒരേ വാഹനം വ്യത്യസ്തതരം റോഡുപ്രതലങ്ങളിലൂടെ കടന്നുപോകുന്നു. കൂടാതെ വാഹനത്തിൻ്റെ വേഗത, ഭാരം, നമ്മുടെ ഇരിപ്പ്, റോഡിൻ്റെ ചരിവ് വളവ് തുടങ്ങി നിരവധി ഘടകങ്ങളും സ്ഥിരതയെ സാരമായി ബാധിക്കും എന്ന കാര്യം ഓടിക്കുന്ന നമുക്ക് ബോധ്യമുണ്ടോ എന്നത് ഓരോ യാത്രയിലും നാം സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം. ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ: 'കിട്ടിയാ കിട്ടി കിട്ടീല്ലെങ്കിൽ പെട്ടി' .

"കയ്യടിക്കെടാ" കേന്ദ്രത്തിന്‍റെ പുതിയ ഇവി പോളിസിയെ അഭിനന്ദിച്ച് 'വിയ്റ്റ്‍നാം കോളനിയിലെ റാവുത്ത‍ർ'!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!