ആംബുലൻസുകളും അഗ്നിശമന ട്രക്കുകളും കടന്നുപോകുന്നത് തടസ്സപ്പെടുത്തുന്ന ഏതൊരു വാഹന ഡ്രൈവർമാർക്കും കനത്ത പിഴ ചുമത്താനാണ് തീരുമാനം.
ലോകമെമ്പാടുമുള്ള റോഡുകളിൽ അടിയന്തര വാഹനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും അത്തരം വാഹനങ്ങൾ സൈറൺ മുഴക്കിയിട്ടും മറ്റു പല വാഹനങ്ങളുടെയും പിന്നിൽ കുടുങ്ങിക്കിടക്കുക പതിവാണ്. ഇത്തരം വാഹനങ്ങൾ നഗര റോഡുകളിൽ ഓടുന്നത് എളുപ്പമാണെന്ന് ഉറപ്പുവരുത്തുന്നതിനായി, തടസം വരുത്തുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കനത്ത പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥർ. ആംബുലൻസുകളും അഗ്നിശമന ട്രക്കുകളും കടന്നുപോകുന്നത് തടസ്സപ്പെടുത്തുന്ന ഏതൊരു വാഹന ഡ്രൈവർമാർക്കും കനത്ത പിഴ ചുമത്താനാണ് തീരുമാനം.
ആംബുലൻസ് അല്ലെങ്കിൽ അഗ്നിശമന ട്രക്ക് കടന്നുപോകുന്നത് തടഞ്ഞതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 10,000 രൂപ പിഴ ചുമത്താനാണ് തീരുമാനം . തെറ്റ് ചെയ്യുന്ന വാഹനമോടിക്കുന്നവരെ തിരിച്ചറിയാൻ സിസിടിവി ക്യാമറകൾ ഉപയോഗിക്കുകയും അവർക്ക് ഇ-ചലാൻ നൽകുകയും ചെയ്യും. വാഹനമോടിക്കുന്നവരെ കൂടുതൽ ബോധവാന്മാരാക്കാനും തൽഫലമായി, അത്യാഹിത വാഹനങ്ങൾക്ക് പിന്നിലേക്ക് പോകാൻ ഇടം നൽകാനും ഇതിന് കഴിയുമെന്ന് ഗുരുഗ്രാം ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
undefined
അടിയന്തര വാഹനങ്ങൾ കടന്നുപോകാൻ ഹരിത ഇടനാഴികൾ സൃഷ്‍ടിക്കുമ്പോൾ, വാഹനമോടിക്കുന്നവർക്കും സാധാരണ റോഡുകളിൽ വഴിയൊരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഗുരുഗ്രാം ട്രാഫിക് പോലീസ് വിഭാഗം വ്യക്തമാക്കുന്നു. മോട്ടോർ വെഹിക്കിൾ ആക്ടിലെ സെക്ഷൻ 194 ഇ പ്രകാരമുള്ള കുറ്റകൃത്യത്തിന് പിഴ തുക 10,000 ആണെന്നും ഗുരുതരമായ അവസ്ഥയിൽ ആംബുലൻസുകളിൽ വിവിധ ആശുപത്രികളിലേക്ക് പോകുന്നവരെ ഇത് സഹായിക്കുമെന്നും ഗുരുഗ്രാം ഡിസിപി വീരേന്ദർ വിജിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഗുരുഗ്രാം ട്രാഫിക് പോലീസ് ഇതിനകം തന്നെ വിവിധ ആശുപത്രികളിലേക്ക് അവയവങ്ങൾ കൊണ്ടുപോകുന്നതിനും ഗുരുതരമായ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും വേണ്ടിയുള്ള ആംബുലൻസുകൾക്ക് ഗ്രീൻ കോറിഡോറുകൾ നൽകുന്നുണ്ട്.
അടുത്തകാലത്തായി ഗുരുഗ്രാമിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നിരവധി ഗുരുഗ്രാം റോഡുകളിലെ ഗതാഗതം രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ മന്ദഗതിയിലാണ്. ഇത് വാഹനമോടിക്കുന്നവർക്ക് വലിയ വെല്ലുവിളിയാണ്. ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് ഇതൊരു പേടിസ്വപ്‍നമാണ്. ഇത് ട്രാഫിക്ക് പൊലീസിന്‍റെ പുതിയ തീരുമാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. വർധിച്ച പിഴയെക്കുറിച്ചുള്ള ഭയം, ഇപ്പോൾ 'ശാഠ്യമുള്ള' വാഹനമോടിക്കുന്നവർക്ക് ഒരു തടസമായി പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.