സ്‍കൂട്ടറിലെ 'സെക്സ്'. പുറത്തിറങ്ങാനാകുന്നില്ലെന്ന പരാതിയുമായി ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി.
പലപ്പോഴും ആളുകള്‍ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ (Fancy Number) ലഭിക്കാന്‍ ലേലം വിളിക്കുകയോ അല്ലെങ്കിൽ രസകരമായ ചില കോമ്പിനേഷൻ ലഭിക്കുന്നതിന് വലിയ തുക മുടക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ആവശ്യപ്പെടാതെ തന്നെ ഒരു 'ഫാന്‍സി രജിസ്ട്രേഷന്‍ നമ്പര്‍' (Fancy Registration Number) ലഭിച്ച് പുലിവാല് പിടിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്. മോഹിച്ച് വാങ്ങിയ സ്‍കൂട്ടറിന് കിട്ടിയ നമ്പര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതു കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് പരാതി പറയുന്ന ദില്ലി സ്വദേശിയായി പെണ്‍കുട്ടിയെക്കുറിച്ച് ഡെയ്‌ലി ഒയെ ഉദ്ദരിച്ച് കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആ കഥ ഇങ്ങനെ. ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയാണ് ഈ പെൺകുട്ടി. ജനക് പുരിയിൽ നിന്ന് നോയിഡയിലേക്കാണ് പെണ്‍കുട്ടിയുടെ പതിവ് യാത്ര. ദീർഘദൂര യാത്രാസമയവും ദില്ലി മെട്രോയിലെ തിരക്കും കാരണം തനിക്ക് ഒരു സ്‍കൂട്ടി വാങ്ങിത്തരണമെന്ന് പെൺകുട്ടി പിതാവിനോട് അഭ്യർത്ഥിച്ചു. അങ്ങനെ ഈ ദീപാവലിക്ക് അച്ഛൻ അവൾക്ക് സമ്മാനമായി ഒരു പുതിയ സ്‍കൂട്ടി തന്നെ വാങ്ങി നല്‍കുകയും ചെയ്‍തു.
undefined
പുതിയ സ്‍കൂട്ടറിന് രജിസ്ട്രേഷന്‍ നമ്പര്‍ ലഭിച്ചതോടെയാണ് പ്രശ്‍നങ്ങളുടെ തുടക്കം. വാഹനത്തിന് ആര്‍ടി ഓഫീസില്‍ നിന്ന് 'DL 3S EX' എന്ന് തുടങ്ങുന്ന നമ്പർ പ്ലേറ്റാണ് ലഭിച്ചത്. സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസാണ് വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പർ പ്ലേറ്റ് നൽകിയത്. എന്നാല്‍ ഈ നമ്പർ പ്ലേറ്റിന്റെ പേരിൽ അയൽവാസികൾ തന്നെ പരിഹസിക്കുകയാണെന്നാണ് പെൺകുട്ടിയുടെ പരാതി. ഈ നമ്പർ പ്ലേറ്റിനെക്കുറിച്ച് അയൽവാസികളും ബന്ധുക്കളും മോശം പരാമർശങ്ങൾ നടത്തുകയാണെന്നും പെണ്‍കുട്ടിയും കുടുംബവും പറയുന്നു.
ഈ നമ്പര്‍ പ്ലേറ്റിന്‍റെ പേരില്‍ അയൽവാസികളും ബന്ധുക്കളും തന്നെ നാണംകെട്ടെന്ന് വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതോടെ മകൾക്ക് സമ്മാനമായി സ്‍കൂട്ടി വാങ്ങി നല്‍കിയ പിതാവ് നമ്പർ മാറ്റി നല്‍കാൻ ഡീലർഷിപ്പിനോട് അഭ്യർത്ഥിച്ചു. എന്നാൽ ഡീലർ ഈ അഭ്യർത്ഥന നിരസിച്ചു. മറ്റ് പലർക്കും ഇതേ നമ്പർ പ്ലേറ്റ് ലഭിച്ചിട്ടുണ്ടെന്നും നിങ്ങളുടെ മകൾ രാജ്ഞിയാണോ എന്ന് ചോദിച്ച് പരിഹസിച്ചെന്നും പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
വാസ്‍തവത്തില്‍ ഡീലർഷിപ്പിന് സ്‍കൂട്ടിക്ക് നൽകിയ നമ്പറുമായി യാതൊരു വിധ ബന്ധവുമില്ല. നിശ്ചതമായ ഒരു രീതി അനുസരിച്ചാണ് രാജ്യത്തെ എല്ലാ റോഡ് ട്രാന്‍സ്‍പോര്‍ട്ട് ഓഫീസുകളും വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കുന്നത്. പുതിയ നിയമം അനുസരിച്ച് രജിസ്ട്രേഷന്‍ നമ്പര്‍ പതിച്ച് നല്‍കേണ്ച ചുമതല ഡീലര്‍ഷിപ്പിനാണെന്ന് മാത്രം.
ഒരോ നമ്പർ പ്ലേറ്റും ഒരു പ്രത്യേക പാറ്റേൺ പിന്തുടരുന്നു. ദില്ലി രജിസ്ട്രേഷനിലുള്ള ഈ നമ്പര്‍ പ്ലേറ്റിന്‍റെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ ഇതിലെ 'DL' എന്ന ആദ്യത്തെ രണ്ട് അക്ഷരമാലകൾ ഡൽഹിയെ സൂചിപ്പിക്കുന്നു. '3' എന്ന സംഖ്യ ജില്ലയെയും സൂചിപ്പിക്കുന്നു. ഇരുചക്രവാഹനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് 'S' എന്ന അക്ഷരം. ബാക്കിയുള്ള രണ്ട് അക്ഷരങ്ങൾ 'EX' ആണ്. ഇത് നിലവിൽ സരായ് കാലേ ഖാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പിന്തുടരുന്ന സീരിസാണ്. അതിനാൽ, നമ്പർ പ്ലേറ്റിൽ DL 3S EX എന്ന് എഴുതിയിരിക്കുന്നു. ആർടിഒ എക്‌സ് സീരീസ് തീരുന്നത് വരെ ഈ നമ്പർ പ്ലേറ്റ് സീരീസ് തുടരും എന്ന് ചുരുക്കം.
തങ്ങളുടെ വാഹനങ്ങളെ വേറിട്ടതാക്കുന്നതിനാൽ ഫാന്‍സി നമ്പർ പ്ലേറ്റ് വേണമെന്ന് പല വാഹന ഉടമകളും ആഗ്രഹിക്കുന്നു. ഇന്ത്യയിൽ, തങ്ങളുടെ ഇഷ്‍ടത്തിനനുസരിച്ച് നമ്പർ പ്ലേറ്റ് ഇഷ്‌ടാനുസൃതമാക്കാൻ കഴിയില്ല. അതുകൊണ്ട് ആർടിഒ ഫാന്‍സി നമ്പറുകളുള്ള രജിസ്ട്രേഷൻ പ്ലേറ്റുകൾ ലേലത്തിനായി ഇടുകയാണ് ചെയ്യുക. ഒരു പുതിയ വാഹനത്തേക്കാള്‍ വിലയുള്ള നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കിയ ഉടമകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധിയുണ്ട്. സിനിമാ താരങ്ങളും ബിസിനസുകാരുമൊക്കെ ഇങ്ങനെ ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കുന്നത് പതിവാണ്. ഇതാ അടുത്തകാലത്ത് നടന്ന ഒരു വമ്പന്‍ ഫാന്‍സി നമ്പര്‍ ലേലത്തെ പരിചയപ്പെടാം.
007 പ്ലേറ്റുള്ള ടൊയോട്ട ഫോർച്യൂണറിന്റെ ഉടമയാണ് ആഷിക് പട്ടേൽ. ജെയിംസ് ബോണ്ടിന്റെ കടുത്ത ആരാധകനായ ആഷിക് പുതിയ ഫോർച്യൂണർ വാങ്ങിയപ്പോൾ, ജെയിംസ് ബോണ്ടിന്‍റെ "007" നമ്പർ പ്ലേറ്റ് ലഭിക്കാൻ ആഗ്രഹിച്ചത് സ്വാഭാവികം. 007 എന്ന നമ്പർ പ്ലേറ്റ് ലഭിക്കാന്‍ 34 ലക്ഷം രൂപയാണ് അദ്ദേഹം ചെലവാക്കിയത്. 30.73 ലക്ഷം രൂപ മാത്രമാണ് പുതിയ ഫോർച്യൂണറിന്റെ എക്‌സ് ഷോറൂം വില എന്നോര്‍ക്കണം!