വന്ദേഭാരതിനായി എക്സ്പ്രസ്സ്‌ ട്രെയിനുകൾ പിടിച്ചിടുന്നില്ലെന്ന് റെയിൽവേ, പ്രതിഷേധമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

By Web Team  |  First Published Oct 28, 2023, 8:42 PM IST

വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന റെയിൽവേ വാദം തള്ളി ഫ്രണ്ട്സ് ഓൺ റെയിൽസ്.  


തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന റെയിൽവേ വാദം തള്ളി ഫ്രണ്ട്സ് ഓൺ റെയിൽസ്.  വന്ദേഭാരതിന് വേണ്ടി എക്സ്പ്രസ്സ്‌ ട്രെയിനുകൾ പിടിച്ചിടുന്നതിലുള്ള ദുരിതം മാധ്യമങ്ങൾ ഏറ്റെടുത്തത് യാത്രക്കാർ സ്റ്റേഷനിൽ സംഘടിച്ചപ്പോഴാണെന്ന് ട്രെയിൻ യാത്രികരുടെ സംഘടന വാർത്താക്കുറിപ്പിൽ പറഞ്ഞു.

കറുത്ത ബാഡ്ജുകൾ ധരിച്ച് പ്ലാറ്റ് ഫോമിൽ പ്രതിഷേധിച്ചപ്പോളാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. അതുകൊണ്ട് തന്നെ വന്ദേഭാരത്‌ മൂലമുള്ള യാത്രാക്ലേശം വെറും മാധ്യമസൃഷ്ടിയല്ല. അതങ്ങനെ റെയിൽവേയ്‌ക്ക് നിസാരവത്ക്കരിക്കാനും സാധ്യമല്ല. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസാണ്  പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകിയത്. കടുത്ത യാത്രാക്ലേശമാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് അവരെ നയിച്ചതെന്നും അവർ വ്യക്തമാക്കി. 

Latest Videos

undefined

യാത്രക്കാർ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങളിൽ തുടർപരമ്പരകളാകുമ്പോഴും കേരളത്തിലെ ജനപ്രതിനിധികളുടെ ഇടപെടൽ വൈകുന്നത് യാത്രക്കാരെ കൂടുതൽ നിരാശപ്പെടുത്തുകയാണ്. ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകളെ വൈകിയോടുന്ന സമയത്തിൽ സ്ഥിരപ്പെടുത്തിയും ബഫർ ടൈമുകൾ അധീകരിപ്പിച്ച് റെക്കോർഡുകളിൽ കൃത്യസമയം പാലിക്കുന്നതായും റെയിൽവേ അവകാശപ്പെടുമ്പോൾ യാത്രക്കാർ നിസ്സഹായരാവുകയാണ്. ഇതിനെതിരെ കേരളത്തിലെ എല്ലാ ജനപ്രതിനിധികളുടെയും സംഘടിതമായ നീക്കമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും ഫ്രണ്ടസ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം സെൻട്രലിൽ വേണാടിന്റെ 05.15 എന്ന പഴയ സമയമാണ് ആദ്യ വന്ദേഭാരതിന് ഇപ്പോൾ നൽകിയിരിക്കുന്നത്. വേണാടിന്റെ സമയത്തിൽ മാറ്റം വരുത്താതെ  05.10 ന്  വന്ദേഭാരതിന് വേണ്ടി ഒരു ഷെഡ്യൂൾ നിശ്ചയിച്ചിരുന്നെങ്കിൽ ഈ ആക്ഷേപത്തിന്  അർത്ഥമില്ലായിരുന്നു. വേണാടിന് ജംഗ്ഷനിലും ഷൊർണൂരിലും അധിക സമയം നൽകി ലേറ്റ് മിനിറ്റുകൾ പരിഹരിച്ചിട്ട് വേഗത വാർധിപ്പിച്ചതായി അവകാശപ്പെടുന്നതിൽ കഴമ്പില്ല. വേഗത വർദ്ധിപ്പിച്ചെങ്കിൽ എന്തുകൊണ്ട് വേണാട് കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ സമയം പാലിക്കുന്നില്ല. എറണാകുളം ജംഗ്ഷനിലും ഷൊർണൂരിലും കൃത്യസമയം പാലിക്കാൻ പാകത്തിനുള്ള ബഫർ ടൈമാണ് വേണാടിന് നൽകിയിരിക്കുന്നത്. 

എക്സ്പ്രസ്സ്‌ ട്രെയിനുകൾക്ക് ഡെസ്റ്റിനേഷൻ പോയിന്റിൽ അമിതമായി നൽകിയിരിക്കുന്ന മണിക്കൂറുകൾ വരുന്ന ബഫർ ടൈമുകളിൽ നേരിയ കുറവ് വരുത്തിയശേഷം വേഗത വർദ്ധിപ്പിച്ചെന്ന് നോട്ടിഫിക്കേഷൻ അടിച്ചിറക്കിയിരിക്കുകയാണ് റെയിൽവേ. കുമ്പളത്ത് പിടിച്ചിടുന്ന 25 മിനിറ്റ് എറണാകുളം ജംഗ്ഷനിലേക്ക് മാറ്റിയത് മാത്രമാണ് കായംകുളം പാസഞ്ചറിൽ നടത്തിയ പരിഷ്കാരം. ചെപ്പാട് നിന്ന് ഏഴ് കിലോമീറ്റർ ദൂരമുള്ള കായംകുളം ജംഗ്ഷനിലേയ്ക്കുള്ള 55  മിനിറ്റ് ബഫർ ടൈമിൽ വരുത്തിയ കുറവിനെയാണ് റെയിൽവേ സ്പീഡ് വർദ്ധനവായി ഇവിടെ അവകാശപ്പെടുന്നത്. വേഗത വർദ്ധിപ്പിച്ചതിന്റെ യഥാർത്ഥ നേട്ടം യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ 06.05 ന് തന്നെ കായംകുളം എക്സ്പ്രസ്സ്‌  ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് നേരത്തെ ഓരോ സ്റ്റേഷനിലും എത്തിച്ചേരാൻ കഴിയണം. എന്നാൽ ഇത് വന്ദേഭാരതിന് പിടിച്ചിടാൻ മാത്രം അനുവദിച്ചിരിക്കുന്ന സ്പീഡ് വർധനവാണ്.  ബഫർ ടൈമിലൂടെ കാലാകാലമായി റെയിൽവേ കരസ്ഥമാക്കുന്ന കപട കൃത്യനിഷ്ഠയാണ് ഈ അവസരത്തിൽ പൊളിച്ചെഴുതേണ്ടത്.

വന്ദേഭാരതിന്റെ സമയത്തിൽ നേരിയ വ്യത്യാസം പോലും വരുത്താതെ റെയിൽവേ കാണിക്കുന്ന പിടിവാശി ശക്തമായ  പ്രതിഷേധങ്ങളിലേയ്ക്ക് മാത്രമേ നയിക്കുകയുള്ളൂ. നിലവിൽ കായംകുളം പാസഞ്ചറിന്റെ സമയമാറ്റത്തിലൂടെ എറണാകുളം ജംഗ്ഷനിൽ നിന്ന് ഏറനാടിന് ശേഷമുള്ള ഇടവേള രണ്ടുമണിക്കൂറിന് മുകളിലേയ്‌ക്ക് വർധിച്ചിരിക്കുകയാണ്.  തന്മൂലം തീരദേശ പാതയിലൂടെയുള്ള യാത്രാക്ലേശം ഇരട്ടിക്കുക മാത്രമാണ് ഉണ്ടായത്. നിലവിൽ വൈകുന്നേരം 06.05 ന് പുറപ്പെടുന്ന കായംകുളം എക്സ്പ്രസ്സിൽ മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ പോലുള്ള സ്റ്റേഷനുകളിൽ നിന്ന് ബസ് മാർഗ്ഗം വീട്ടിലെത്തുന്നവരാണ് ഭൂരിപക്ഷം യാത്രക്കാരും. 

സ്റ്റേഷനിൽ നിന്ന് പ്രാദേശിക ബസ് സർവീസുകൾ ഈ സമയത്ത് ലഭ്യമല്ലെന്നും കടുത്ത മാനസിക സമ്മർദ്ദമാണ് വന്ദേഭാരതിന്റെ വരവോടെ സാധാരണക്കാരന് സമ്മാനിച്ചതെന്നും യാത്രക്കാർ പറയുന്നു. പതിവായി അരമണിക്കൂറോളം വൈകുന്നതിനാൽ മറ്റു ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സ്ത്രീകൾ ജോലി പോലും ഉപേക്ഷിക്കാൻ  നിർബന്ധിതരായി തീർന്നിരിക്കുകയാണ്. പുതുക്കിയ സമയക്രമത്തിൽ ജംഗ്ഷനിൽ നിന്ന് തന്നെ 20 മിനിറ്റ് വൈകിയാണ് പുറപ്പെടുന്നത്.  ഇതോടെ വന്ദേഭാരത്‌ വന്നത് മൂലമുള്ള തുടർച്ചയായ രണ്ട് സമയമാറ്റത്തിലൂടെ 25 മിനിറ്റ് ദുരിതം ഔദ്യോഗികമായി മാറിയിരിക്കുന്നു. വൈകിയോട്ടം നിയമം മൂലം അടിച്ചേൽപ്പിക്കുകയാണ് റെയിൽവേ ഇതിലൂടെ ചെയ്തിരിക്കുന്നത്. അതുകൊണ്ട് കായംകുളം പാസഞ്ചർ 06.05 ന് തന്നെ പുറപ്പെടണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് യാത്രക്കാർ. അതുപോലെ വേണാട് പഴയ സമയക്രമമായ 05.15 ലേയ്ക്ക് പുനസ്ഥാപിക്കുകയും വന്ദേഭാരത് ട്രയൽ രൺ നടത്തിയ 05.10 എന്ന സമയത്തിൽ പുനക്രമീകരിക്കുകയും  ചെയ്യണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആവശ്യപ്പെടുന്നതായും റെയിൽവേയുടെ  പ്രസ്താവന യാത്രക്കാരെ കൂടുതൽ അസ്വസ്ഥരാക്കിയെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.

Read more:  ട്രെയിനിൽ ടിക്കറ്റ് പരിശോധകർ അപമാര്യാദമായി പെരുമാറുന്നു, അപമാനിക്കുന്നു, പരാതികളുണ്ടെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതുകാരണം ട്രെയിനുകൾ വൈകുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി റെയിൽവേ വാർത്താ കുറിപ്പിറക്കിയിരുന്നു. രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റെയിൽവേ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. ട്രെയിൻ നമ്പർ 20633/20634 തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!