ബൊലേറോയുടെ സുരക്ഷ കൂട്ടണം; യുവ ഐപിഎസ് ഓഫീസറുടെ അപകടമരണത്തിൽ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ കമ്മീഷണർ

By Web Team  |  First Published Dec 3, 2024, 12:18 PM IST

നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു. ആവശ്യം യുവ ഐപിഎസ്  ഓഫീസർ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ


രിശീലനം കഴിഞ്ഞ് ആദ്യ പോസ്റ്റിംഗിനായി പോകുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ മഹീന്ദ്ര ബൊലേറോ വാഹനങ്ങളുടെ സുരക്ഷയിൽ ആശങ്ക ഉന്നയിച്ച് മുൻ പൊലീസ് ഉദ്യോഗസ്ഥൻ. നിരവധി പോലീസ് സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥിച്ചു.

മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് കഴിഞ്ഞ ദിവസം മഹീന്ദ്ര ബൊലേറോ മറിഞ്ഞ് കൊല്ലപ്പെട്ടത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ബൊലേറോ ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. 25 വയസ്സായിരുന്നു അദ്ദേഹത്തിന്.

Latest Videos

undefined

2023-ലാണ് ഇദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ഹാസനിലെ എഎസ്‍പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടം. മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നിയമനം ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം ഹാസൻ ജില്ലയിലെ ഹോളനരസിപൂരിൽ പ്രൊബേഷണറി അസിസ്റ്റൻ്റ് പോലീസ് സൂപ്രണ്ടായി ചുമതലയേൽക്കുന്നതിനായി ഹാസൻ ജില്ലയിലേക്ക് പോകുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്രയോട് പൊലീസ് കമ്മീഷണറുടെ ആവശ്യം. നിരവധി പോലീസ്- സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ  മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥിച്ചു.

“റോഡിലെ പോലീസിന്‍റെ നീക്കങ്ങൾ എപ്പോഴും ബുദ്ധിമുട്ടുള്ളതാണ്. തൻ്റെ കരിയർ ആരംഭിക്കാനൊരുങ്ങിയ യുവ ഐപിഎസ് ഓഫീസറുടെ ദാരുണമായ മരണം ഞെട്ടിക്കുന്നതാണ്. ഇന്ത്യൻ പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് മഹീന്ദ്ര ജീപ്പുകളെയാണ്. കാലക്രമേണ, ബൊലേറോ മെച്ചപ്പെട്ടു, എന്നാൽ ഒരു എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ എന്തായിരിക്കണമെന്നതിൽ ഇപ്പോഴും പിന്നിലാണ് ബൊലേറോ" റാവു എഴുതി. 

അദ്ദേഹം ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും ജൂനിയർ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. കർണാടകയിലെ ബൊലേറോ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ആനന്ദ് മഹീന്ദ്ര മുൻകയ്യെടുക്കണമെന്നും ടീം പ്രൊഫഷണലായി അന്വേഷിക്കണമെന്നും റാവു ആവശ്യപ്പെട്ടു. മുതിർന്ന ഉദ്യോഗസ്ഥർ ഈ വാഹനത്തിൽ യാത്ര ചെയ്യാറില്ല. എന്നാൽ ജൂനിയർ ഓഫീസർമാരുടെ ഉപയോഗത്തിനായി അവ വാങ്ങുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ മോശമാണ്. സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് ഇല്ല , എയർ ബാഗുകൾ ഇല്ല, മോശം ലെഗ്റൂം, കൂട്ടിയിടി വിരുദ്ധ മുന്നറിയിപ്പ് ഇല്ല, മെറ്റൽ ഉപയോഗം കാരണം വലിയ പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്,  എയർ കണ്ടീഷനിംഗ് കാര്യക്ഷമം അല്ല, മോശം സീറ്റിംഗ് അഡ്ജസ്റ്റ്മെൻ്റ് തുടങ്ങി മഹീന്ദ്ര ബൊലേറോയിലെ നിരവധി പ്രശ്‍നങ്ങൾ റാവു പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

ഉയർന്ന വേഗതയുള്ള വലിയ വാഹനങ്ങളെ അകമ്പടി സേവിക്കാൻ മഹീന്ദ്ര ബൊലേറോകൾ പൊലീസ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ പ്രശ്‍നങ്ങളിലേക്ക് പ്രത്യേകിച്ച് പിൻസീറ്റ് യാത്രകരുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. ടൊയോട്ട, ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ വിഐപികൾക്ക് 120 കിലോമീറ്ററിലധികം വേഗതയിൽ പൈലറ്റ് ഉപയോഗത്തിനും അകമ്പടി സേവിക്കുന്നതിനും ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാരണങ്ങളാൽ കൂടുതൽ സമ്മർദ്ദത്തിലായ പോലീസുകാരുടെ അപകടങ്ങളും മരണങ്ങളും തടയുന്നതിന് മഹീന്ദ്ര ബൊലേറോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തണമെന്നും ഭാസ്‍കർ റാവു ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു. 

 

click me!