ടെസ്റ്റ് ഇല്ലാതെ പുതുക്കി നൽകിയത് 2500ലേറെ ഡ്രൈവിംഗ് ലൈസൻസ്, കൈക്കൂലി 5000 രൂപ, ഉദ്യോഗസ്ഥർക്ക് പിടിവീണു

By Web Team  |  First Published Oct 15, 2023, 12:07 PM IST

ഏജന്‍റുമാർ വഴിയാണ് ലൈസൻസ് പുതുക്കുന്നതിൽ തട്ടിപ്പ് നടക്കുന്നത്


കൊച്ചി: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിൽ ക്രമക്കേട്. ലൈസൻസ് കാലാവധി പൂർത്തിയായി ഒരു വർഷം കഴിഞ്ഞവർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന്‍റെ കണ്ടെത്തലിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.

20 വർഷമാണ് ഡ്രൈവിംഗ് ലൈസൻസിന്‍റെ കാലാവധി. കാലാവധി പൂർത്തിയായി ഒരു വർഷം പിന്നിട്ടാണ് പുതുക്കുന്നതെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. 2500ലേറെ ഡ്രൈവിംഗ് ലൈസൻസുകൾ ടെസ്റ്റ് ഇല്ലാതെ പണം വാങ്ങി പുതുക്കി നൽകിയെന്നാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ഗുരുവായൂരിൽ. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ടിസി സ്ക്വാഡാണ് തട്ടിപ്പ് അന്വേഷിച്ചത്.

Latest Videos

undefined

എംവിഡി പിടിച്ചപ്പോള്‍ ലൈസന്‍സില്ല, വാട്സ്ആപ് വഴി അയച്ചുകൊടുത്തതില്‍ ചെറിയൊരു പ്രശ്നം; യുവാവ് അറസ്റ്റില്‍

കൊടുവള്ളി, തിരൂരങ്ങാടി, ഗുരുവായൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പാണ് പുറത്തായത്. ടി സി സ്ക്വാഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ പദ്മലാൽ, ടി അനൂപ് മോഹൻ, എം എ ലാലു എന്നിവരെ ട്രാൻസ്പോർട് കമ്മീഷണർ സസ്പെന്‍റ് ചെയ്തു. വിശദമായ അന്വേഷണത്തിനായി തൃശൂർ, കോഴിക്കോട് എൻഫോഴ്സ്മെന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെ ചുമതലപ്പെടുത്തി. 

ഏജന്‍റുമാർ വഴിയാണ് ലൈസൻസ് പുതുക്കുന്നതിൽ തട്ടിപ്പ് നടക്കുന്നത്. ഒരു ലൈസൻസ് ടെസ്റ്റില്ലാതെ പുതുക്കാനുള്ള കൈക്കൂലിയായി 5000 രൂപ വരെ ഏജന്‍റുമാർ ഈടാക്കുന്നു. ആവശ്യക്കാരുടെ അത്യാവശ്യം മുതലെടുത്ത് അതിലേറെയും. കേരളത്തില്‍ എവിടെയാണെങ്കിലും ക്രമക്കേടിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥരുടെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് അപേക്ഷ എത്തിച്ചാണ് തട്ടിപ്പ്. സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും തങ്ങളുടെ പരിധിയിൽ ഉൾപ്പെടാത്തവർക്കും ലൈസൻസ് പുതുക്കി നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

 

click me!