"എന്‍റെ കയ്യിൽ കാറില്ല, എന്‍റെ കയ്യിൽ ബൈക്കില്ല" ബിഹാറിൽ 95 ശതമാനത്തിനും സ്വന്തം വാഹനമില്ലെന്ന് ജാതി സർവേ

By Web Team  |  First Published Nov 10, 2023, 3:18 PM IST

സംസ്ഥാനത്തെ ആകെയുള്ള 13.07 കോടി ജനങ്ങളിൽ 12.48 കോടി പേർക്കും സ്വന്തമായി വാഹനമില്ലെന്ന് ഈ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.


ബിഹാർ സംസ്ഥാനത്ത് ജനങ്ങളിൽ 95.49 ശതമാനത്തിനും സ്വന്തമായി വാഹനങ്ങള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്തിറക്കിയ ജാതി സർവേ റിപ്പോർട്ടാണ് ഈ അമ്പരപ്പിക്കും വിവരം പുറത്തുവിട്ടത്. ജാതി സര്‍വ്വേ റിപ്പോര്‍ട്ട് അനുസരിച്ച് ഇവിടെയുള്ള 95.49 ശതമാനം ആളുകൾക്കും ഒരു തരത്തിലുള്ള വാഹനവും സ്വന്തമായിട്ടില്ല. കൂടുതല്‍ ജനങ്ങളും അവരുടെ ഗതാഗത ആവശ്യങ്ങള്‍ക്കായി പൊതു-ഗതാഗത ഓപ്ഷനുകളെ ആശ്രയിച്ചിരിക്കുന്നു.

ബീഹാറിനായുള്ള ജാതി സർവേ റിപ്പോർട്ട് ചൊവ്വാഴ്ച നിയമസഭയുടെ ഇരുസഭകളിലും മേശപ്പുറത്ത് വെച്ചിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 13.07 കോടി ജനങ്ങളിൽ 12.48 കോടി പേർക്കും സ്വന്തമായി വാഹനമില്ലെന്ന് ഈ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

സംസ്ഥാനത്ത് 0.11 ശതമാനം ആളുകൾക്ക് മാത്രമാണ് സ്വന്തമായി ഒരു കാർ ഉള്ളത്. ഇത് സംസ്ഥാനത്ത് വെറും 5.72 ലക്ഷം പേർ മാത്രമാണ്. മറ്റൊരു 49.68 ലക്ഷം ആളുകൾക്ക് കുറഞ്ഞത് ഒരു ഇരുചക്രവാഹനമെങ്കിലും ഉണ്ട്. അതായത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 3.8 ശതമാനം പേര്‍ മാത്രമാണ് ടൂവീലര്‍ ഉടമകള്‍. ഏകദേശം 1.67 ലക്ഷം, അതായത് ജനസംഖ്യയുടെ 0.13 ശതമാനം ആളുകൾക്ക് കുറഞ്ഞത് ഒരു ട്രാക്ടറെങ്കിലും ഉണ്ട്. പൊതുവിഭാഗത്തിൽപ്പെട്ട 2.01 കോടി ജനങ്ങളിൽ 11.99 ലക്ഷം പേർക്കും ഇരുചക്രവാഹനങ്ങളുണ്ട്.

അഞ്ചരലക്ഷം വിലയും 35 കിമി മൈലേജുമുള്ള ഈ മാരുതി ജനപ്രിയന് ഇപ്പോള്‍ വമ്പൻ വിലക്കിഴിവും

ലോകത്തിലെ മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ സാധാരണ ജനങ്ങളിൽ യാത്രാ വാഹനങ്ങളുടെ സാനിധ്യം വളരെ കുറവാണ്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ വർഷം അവസാനം നടത്തിയ ഒരു സർവേയിൽ നിന്നുള്ള ഡാറ്റ, രാജ്യത്തെ 12 കുടുംബങ്ങളിൽ ഒരു കുടുംബത്തിന് മാത്രമേ കുറഞ്ഞത് ഒരു കാറെങ്കിലും സ്വന്തമായുള്ളുവെന്ന് വെളിപ്പെടുത്തി. ഒരു കുടുംബത്തിന് ഏറ്റവും കൂടുതൽ കാർ ഉടമസ്ഥതയുള്ള സംസ്ഥാനം ഗോവയാണ്.

45.78 ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിലും 2.17 ലക്ഷം പേർ വിദേശത്തുമാണ് ജോലി ചെയ്യുന്നതെന്ന് ബിഹാറിൽ നിന്നുള്ള കുടിയേറ്റത്തെ കുറിച്ചും വിശദമായ റിപ്പോർട്ട് പറയുന്നു. ഈ വർഷം ആദ്യം ജപ്പാനെ പിന്തള്ളി ഇന്ത്യ ഇപ്പോൾ മൂന്നാമത്തെ വലിയ വാഹന വിപണിയാണ്. എന്നാൽ ഇത് പ്രധാനമായും ഇവിടുത്തെ ജനസംഖ്യയുടെ വലിപ്പം മൂലമാണ്, ഒപ്പം കാറുകളുടെ കുറഞ്ഞ നുഴഞ്ഞുകയറ്റം ഒരു വെല്ലുവിളിയാണെങ്കിലും, വാഹന നിർമ്മാതാക്കൾക്കും ഇത് ഒരു അവസരമാണ് എന്നതാണ്.

ബിഹാറിലെ മൂന്നിലൊന്ന് കുടുംബങ്ങളും അതിദരിദ്രമാണെന്നും ജാതി സർവേ റിപ്പോർട്ട് പറയുന്നു. സംസ്ഥാനത്തെ ആകെയുള്ള 2.97 കോടി കുടുംബങ്ങളിൽ 94 ലക്ഷവും (34.13 ശതമാനം) മാസവരുമാനം 6000 രൂപയിൽ താഴെയുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നോക്ക വിഭാഗക്കാർ, ദലിതർ, ആദിവാസികൾ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ളത്. എസ്‌സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണെന്നും എസ്‌സി വിഭാഗത്തിൽനിന്ന് സർവേയിൽ ഉൾപ്പെട്ടവരിൽ ആറ് ശതമാനം പേർ മാത്രമാണ് 12–ാം ക്ലാസ് പൂർത്തിയാക്കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ എന്നിങ്ങനെ 215 വിഭാഗങ്ങളായി തിരിച്ചാണ് ബിഹാർ സർക്കാർ ജാതി സര്‍വേയിൽ ഉള്‍പ്പെടുത്തിയത്.

youtubevideo

click me!