2020 ഏപ്രിലോടെ രാജ്യത്തെ വാഹന വിപണി വളർച്ചയുടെ പാതയിൽ തിരിച്ചെത്തുമെന്ന് ടാറ്റ മോട്ടഴ്സ് പാസഞ്ചർ വാഹന വിഭാഗം മേധാവി
2020 ഏപ്രിലോടെ രാജ്യത്തെ വാഹന വിപണി വളർച്ചയുടെ പാതയിൽ തിരിച്ചെത്തുമെന്ന് ടാറ്റ മോട്ടഴ്സ് പാസഞ്ചർ വാഹന വിഭാഗം മേധാവി മയങ്ക് പരീഖ്. ഈ സാമ്പത്തിക വർഷം ജനുവരി– മാർച്ച് പാദത്തിൽതന്നെ വിൽപനക്കയറ്റം കണ്ടുതുടങ്ങുമെന്നും എന്നാല്‍ വളർച്ച അതിവേഗത്തിലാകാൻ പിന്നെയും സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനങ്ങളുടെ മൊത്ത വിൽപന ഇപ്പോഴും കുറവാണെന്നു വ്യക്തമാക്കിയ പരീഖ് റീട്ടെയിൽ വിൽപന മികച്ച നിലയിലാണെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം വാഹനവിപണിയെ പിടിച്ചുലച്ചത് പല തരം അനിശ്ചിതത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ബിഎസ്–4, ബിഎസ്–6 എന്നിവ സംബന്ധിച്ച അനിശ്ചിതത്വവും വാഹനങ്ങളുടെ ജിഎസ്ടി നിരക്കുകൾ കുറയുമെന്ന പ്രചാരണവുമൊക്കെ ഇതിനു കാരണമായെന്ന് അദ്ദേഹ വ്യക്തമാക്കി.
വായ്‍പാ ലഭ്യത കുറഞ്ഞതും വിപണിയെ സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. അപേക്ഷിക്കുന്നവരിൽ 90–92% പേർക്ക് വാഹനവായ്പ കിട്ടുമായിരുന്നത് 68–69% പേരിലേക്കു താണു. കടമെടുപ്പുശേഷി സംബന്ധിച്ച ക്രെഡിറ്റ് സ്കോർ 650 ഉണ്ടെങ്കിലും വായ്പ കിട്ടുമായിരുന്ന സ്ഥാനത്ത് സ്കോർ 750 വരെ ആവശ്യമായിവന്നതും വാഹനവിപണിക്ക് വിനയായതായി പരീഖ് വ്യക്തമാക്കി.