ശക്തമായ ക്യാബിൻ തുണയാകുമോ? അർജ്ജുൻ ഓടിച്ചിരുന്നത് ഭാരത് ബെൻസിന്‍റെ ഈ അത്യാധുനിക ട്രക്ക്

By Web Team  |  First Published Jul 21, 2024, 5:38 PM IST

ഭാരത് ബെൻസിന്റെ 3523R BSVI 8X2N3-10 എന്ന 12 വീൽ ട്രക്കിന്റെ ഏറ്റവും പുതിയ മോഡലാണ് അർജുൻ ഓടിച്ചിരുന്നത്.  ഭാരത് ബെൻസിന്‍റെ ഈ ട്രക്കിന്‍റെ ഡ്രൈവർ ക്യാബിൻ സ്ട്രോംഗ് ആണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. 


ർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ തിരിച്ചുവരവിനായുള്ള പ്രാത്ഥനയിലാണ് ലോകമെമ്പാടുമുള്ള മലയാളികൾ. കർണാടക രജിസ്ട്രേഷനിലുള്ള  KA 15A 7427 എന്ന ഭാരത് ബെൻസ് ലോറിക്കൊപ്പം അർജ്ജുനെ കാണാതായിട്ട് ആറുദിവസമായി. കർണാടകയിലെ ബെളഗാവിയിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരികയായിരുന്നു അർജുൻ. 

തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ട്. ഭാരത് ബെൻസിന്റെ 3523R BSVI 8X2N3-10 എന്ന 12 വീൽ ട്രക്കിന്റെ ഏറ്റവും പുതിയ മോഡലാണ് അർജുൻ ഓടിച്ചിരുന്നത്.  ഭാരത് ബെൻസിന്‍റെ ഈ ട്രക്കിന്‍റെ ഡ്രൈവർ ക്യാബിൻ സ്ട്രോംഗ് ആണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വിശാലമായ ക്യാബിൻ റൂം ആണ് ഈ ട്രക്കിന്‍റെ പ്രത്യേകതയെന്നും ക്ലീനർ ഇല്ലാതെ ഒറ്റയ്ക്ക് ഓടിച്ച് പോകാൻ കഴിയുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള ലോറിയാണിതെന്നും ഈ മേഖലയിലെ ഡ്രൈവർമാർ പറയുന്നു.

Latest Videos

undefined

ശക്തമായ ബാറ്ററിയാണ് വാഹനത്തിലേത്. എഞ്ചിൻ ഓഫായാലും ഇഗ്നീഷ്യൻ ഓണായിരിക്കും. എയർ സർക്കുലേഷൻ ലഭിക്കുന്ന വിധത്തിൽ പിന്നിൽ എയർഹോളുകൾ ഉള്ളതും പ്രതീക്ഷയ്ക്ക് ബലം പകരുന്നു. ഇഗ്നീഷ്യൻ ഓണാണെങ്കിൽ ഏസി പ്രവർത്തിക്കുമെന്നും ഈ വാഹനം ഓടിക്കുന്നവർ പറയുന്നു. ഗ്ലാസ് പൊട്ടിയില്ലെങ്കിൽ മണ്ണു കയറില്ല.  ഭാരത്ബെൻസ് 26.3 ടൺ പേലോഡ് കപ്പാസിറ്റി നൽകുന്നു. മൊത്തം വാഹന ഭാരം 35 ടൺ ആണ്. 12 വീലർ ഭാരത്ബെൻസ് 3523R ട്രക്ക് 7200 സിസി ഡിസ്‌പ്ലേസ്‌മെൻ്റിൻ്റെ ശക്തമായ എഞ്ചിനിലാണ് വരുന്നത്. ഇത് 241 എച്ച്പിയും 850 എൻഎം ഉയർന്ന ടോർക്കും ഉത്പാദിപ്പിക്കുന്നു. 

കരയിൽ ലോറി ഇല്ലെന്ന് മന്ത്രി
അതേസമയം റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും  കർണാടക റവന്യൂമന്ത്രി പറഞ്ഞു. തെരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നതെന്നും അതിനാൽ കരയിൽ ട്രക്ക് ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി വിശദീകരിക്കുന്നു.

അർജുന്റെ തെരച്ചിലിനായി കരസേന ഷിരൂരിലെത്തിയിട്ടുണ്ട്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ച് മണ്ണുനീക്കിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ. ഷിരൂരിൽ ഇപ്പോൾ മഴ പെയ്യുന്നുണ്ട്. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. രക്ഷാപ്രവർത്തനം കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ദുരന്ത സ്ഥലത്തെത്തിയിട്ടുണ്ട്. 

കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകിട്ടാണ് മണ്ണിനടിയില്‍ ലോഹാവശിഷ്ടം 70 ശതമാനമുണ്ടെന്നായിരുന്നെന്ന സൂചനയാണ് റഡാറില്‍ നിന്നും ലഭിച്ചത്. ഇവിടം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മണ്ണ് നീക്കി പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. സൈന്യമെത്തിയ സാഹചര്യത്തില്‍ ഇനി അവരുടെ നേതൃത്വത്തിലായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുക. എന്‍ഡിആര്‍ എഫ് പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. 

click me!