ഗതികെട്ട പൊലീസ് ജീപ്പ്! പ്ലാസ്റ്റിക് കയറിൽ താങ്ങിയ മഡ്ഗാർഡ്, ഇൻഷൂറൻസില്ല, ഓടിപ്പഴകിയത് 3 ലക്ഷം കിലോമീറ്റർ

By Web Team  |  First Published Oct 18, 2023, 6:54 AM IST
ഓടിപ്പഴകിയ വാഹനങ്ങൾ ഒഴിവാക്കാതെ പൊലീസ്. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകി

കണ്ണൂർ: ഓടിപ്പഴകിയ വാഹനങ്ങൾ ഒഴിവാക്കാതെ പൊലീസ്. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകി. ഈ വണ്ടിയാണ് ഇന്നലെ പെട്രോൾ പമ്പിൽ അപകടത്തിൽപെട്ടതും. സ്പെയർ പാർട്സുകൾ വാങ്ങാൻ ഫണ്ട്‌ പാസാകാത്തതിനാൽ മിക്കയിടത്തും വണ്ടികൾ കട്ടപ്പുറത്തുമാണ്.

പ്ലാസ്റ്റിക് കയറ് കൊണ്ട് താങ്ങിനിർത്തിയ മഡ്ഗാർഡിലുണ്ട് പൊലീസ് സേനയുടെ പരിമിതിയും ഗതികേടും. ഇങ്ങനെയൊക്കെ ഓടുന്നുവെന്ന് നാട്ടുകാർക്ക് മനസിലായത് അപകടത്തിൽപ്പെട്ടതുകൊണ്ടു മാത്രമാണ്.ഓടിപ്പഴകിയിട്ടും തുരുമ്പെടുത്തു തുടങ്ങിയിട്ടും എആർ ക്യാമ്പിൽ വണ്ടി വീണ്ടുമോടി. മെസ് ഡ്യൂട്ടിക്ക് നൽകാൻ വേറെ വണ്ടിയില്ലാത്തത് കൊണ്ട് കയറുകെട്ടിയും ഓടി. അങ്ങനെയാണ് അപകടത്തിൽപ്പെടുന്നത്. 

Latest Videos

undefined

ഇവിടെ ഓടിപ്പഴകിയതാണ് മിക്ക പൊലീസ് വണ്ടികളും. അറ്റകുറ്റപ്പണിയും സമയത്ത് നടക്കുന്നില്ല. അഥവാ പണിക്ക് കയറ്റിയാൽ തന്നെ പകരം വണ്ടി നൽകാനുമില്ല. അറ്റകുറ്റപ്പണിക്ക് കയറ്റിയ കണ്ണൂർ ടൗൺ സ്റ്റേഷനിലെ വണ്ടി സ്പെയർ പാട്സ് വാങ്ങാൻ പണം പാസാകാത്തതുകൊണ്ട് വർക്ഷോപ്പിൽ തന്നെ കിടക്കുകയാണ്. കടകളിലാണെങ്കിൽ കുടിശ്ശികയേറെയുണ്ട്.

വർക്ഷോപ്പിൽ വണ്ടിയിടാൻ ഷെഡില്ല. തുക വകയിരുത്തും വരെ മഴയും വെയിലുമേറ്റ് കിടക്കണം. ഇങ്ങനെ... ജീവൻ പണയം വെച്ചാണ് പൊലീസ് വണ്ടിയുടെ ഓട്ടം. അപകടമുണ്ടായാൽ പൊലീസുകാരിൽ നിന്ന് തന്നെ തുകയും ഈടാക്കും. പഴകിയ വണ്ടിയോടിച്ച് പണി കിട്ടുന്നതിൽ സേനക്കുളളിലും അമർഷം പുകയുകയാണ്.  

നഗരമധ്യത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയ പൊലീസ് ജീപ്പ് 

കണ്ണൂരിൽ നഗരമധ്യത്തിലെ പെട്രോൾ പമ്പിലേക്കായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് ജീപ്പ് ഇടിച്ചു കയറിയത്. ഒഴിവായത് വൻദുരന്തമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഡിവൈഡർ ഇടിച്ചു തെറിപ്പിച്ച് പമ്പിലേക്ക് പാഞ്ഞുവരികയായിരുന്നു എന്നാണ് പെട്രോൾ പമ്പ് ജീവനക്കാരന്റെ വാക്കുകൾ. തുരുമ്പെടുത്ത നിലയിലായ ജീപ്പിന്റെ ബമ്പർ. ഇത് കെട്ടിവെച്ചിരുന്നത് പ്ലാസ്റ്റിക് കയറുകൊണ്ടാണ്. ഇൻഷുറൻസും ഉണ്ടായിരുന്നില്ല. പമ്പിലേക്ക് ഇടിച്ചു കയറിയ ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെ അപകടത്തിന് ശേഷം കാണാനില്ലെന്നായിരുന്നു പമ്പ് ജീവനക്കാരൻ പറഞ്ഞത്.

എആർ ക്യാംപിൽ നിന്നും ഭക്ഷണം കൊണ്ടുപോകുന്ന വാഹനമാണിതെന്ന് പിന്നീടാണ് വ്യക്തമായത്. വാഹനത്തിന്റെ മുകളിൽ ക്യാമറകളുണ്ട്. എന്നാൽ തീർത്തും പൊളിയാറായ അവസ്ഥയിലായിരുന്നു ഈ വാഹനമുള്ളത്. ഈ മാസം ഏഴിന് വാഹനത്തിന്റെ ഇൻഷുറൻസ് കഴിഞ്ഞതായി പരിവാഹൻ സൈറ്റിൽ നിന്നും അറിയാൻ സാധിക്കുന്നുണ്ട്. ബാരിക്കേഡിന്റെ ശബ്ദം കേട്ട് ഓടിമാറിയത് കൊണ്ട് മാത്രമാണ് തനിക്ക് രക്ഷപ്പെടാൻ സാധിച്ചതെന്നാണ് പെട്രോൾ പമ്പ് ജീവനക്കാരൻ പറയുന്നത്. യൂണിഫോമിൽ അല്ലാതിരുന്ന രണ്ട് പൊലീസുകാരാണ് വണ്ടിയിലുണ്ടായിരുന്നത് ഇവരെ പിന്നീട് ഈ സ്ഥലത്ത് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരൻ പറഞ്ഞത്.  ഇന്ധനം നിറച്ചുകൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്താണ് പൊലീസ് ജീപ്പ് നിന്നത്. ഇന്ധന ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയുടെ സാഹചര്യത്തില്‍ ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!