ഇന്നുവരും നാളെവരും എന്നും പറഞ്ഞ് വലിയ പ്രതീക്ഷയില്‍ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്ന ജിംനിയുടെ പുതിയ ചിത്രങ്ങളും വൈറല്‍
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ പങ്കാളിയുമായ സുസുക്കിയുടെ ആഗോളതലത്തിലെ ജനപ്രിയ മോഡലാണ് ജിംനി. അന്താരാഷ്‌ട്ര വിപണികളിൽ ഏറ്റവും ആവശ്യക്കാരുള്ള, മാരുതി ജിപ്‍സിയുടെ സഹോദരന്‍ കൂടിയായ ഈ കോംപാക്‌ട് മോഡലിനെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്നു. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൂന്നു ഡോര്‍ ജിംനിയുടെ കയറ്റുമതിയും കമ്പനി നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ജിംനി ഇപ്പോഴും അപ്രാപ്യമാണ്. ഇന്നുവരും നാളെവരും ജിംനി എന്നും പറഞ്ഞ് വലിയ പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യന്‍ വാഹനപ്രേമികള്‍. ഇതേക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നു കഴിഞ്ഞു.
പരീക്ഷണയോട്ടം നടത്തുന്ന നിരവധി തവണ വാഹനം നിരവധി തവണ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ ജിംനിയുടെ ഫൈവ് ഡോര്‍ മോഡലിന്റെ ലോങ് വീല്‍ ബേസ് പതിപ്പ് പരീക്ഷണയോട്ടത്തിന് ഇറക്കിയിരിക്കുകയാണ് മാരുതി സുസുക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൈം ഗ്രീന്‍ നിറത്തിലുള്ള ജിംനിയുടെ ലോങ് വീല്‍ബേസ് മോഡല്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂടിക്കെട്ടലുകള്‍ ഇല്ലാതെയാണ് ഈ ജിംനിയുടെ പരീക്ഷണയോട്ടം. ഫൈവ് ഡോര്‍ ലോങ് വീല്‍ബേസ് മോഡലാണെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ ഈ ചിത്രത്തിലെ ജിംനി എവിടെയാണ് എന്നത് വ്യക്തമല്ല. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയില്‍ത്തന്നെയാണെന്ന് വാഹനം പരീക്ഷണയോട്ടം നടത്തുന്നതെന്നാണ് ചില വാഹനപ്രേമികളുടെ വാദം.
ലുക്കിലും ഫീച്ചറുകളിലും ത്രീ ഡോര്‍ ജിംനിക്ക് സമാനമാണ് പുതിയ ഫൈവ് ഡോര്‍ മോഡലും. അതേസമയം, മുന്നിലെ ബമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റം പ്രതീക്ഷിക്കാം. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ ഇവയിലെ പുതുമകളാകും. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എ.സി.വെന്റ്, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഫീച്ചറുകളിലെ ഹൈലൈറ്റാകും.
ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 100 ബിഎച്ച്പി കരുത്തും 130 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. വിദേശ വിപണിയില്‍ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ജിംനിയില്‍ നല്‍കിയിട്ടുള്ളത്.
അതേസമയം ജിംനിയെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കാത്തിരിക്കുകയാണ്. ദില്ലിയിൽ 2020ല്‍ നടന്ന ഓട്ടോ എക്സ്പോയിൽ ആണ് ജിപ്‍സിയുടെ പിൻഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. നാല് പേർക്ക് യാത്ര ചെയ്യാവുന്ന മൂന്ന് ഡോർ മോഡൽ ആയാണ് ജിംനി എത്തിയത്. എന്നാൽ ഈ ജിംനി ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്ന് പിന്നീട് മാരുതി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാതിരിക്കുന്നതിനു പിന്നില്‍ ജിംനിയുടെ ബോഡി സ്റ്റൈൽ ആണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിൽ ഇന്റീരിയർ സ്പേസ് ഒരു പ്രധാന ഘടകമാണ്, അതുകൊണ്ട് ഈ ബോഡി സ്റ്റൈൽ വിജയിക്കുമൊ എന്ന് കമ്പനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയ്ക്കായി ഇപ്പോൾ ജിംനിയുടെ 5 സീറ്റർ പതിപ്പിന്റെ പ്രവർത്തനങ്ങളിലാണ് മാരുതി സുസുക്കി എന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നു. ദില്ലി ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ജിംനി സിയറ പതിപ്പ് അടിസ്ഥാനമാക്കിയാണ് 5 സീറ്റർ ജിംനി ഒരുങ്ങുന്നതെന്നായിരുന്നു സൂചനകള്‍. അതേസമയം, 300 എം.എം. വീല്‍ബേസ് ഉയരുമെന്നും സൂചനയുണ്ടായിരുന്നു. വീല്‍ബേസ് ഉയരുന്നതോടെ ക്യാബിന്‍ കൂടുതല്‍ വിശാലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3850 എം.എം. നീളവും 1645 എം.എം. വീതിയും 1730 എം.എം. ഉയരവും 2550 എം.എം. വീല്‍ബേസുമാണ് ജിംനിക്ക് ഉള്ളതെന്നാണ് മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജിംനി ലൈറ്റ് എന്ന എൻട്രി ലെവൽ വേരിയന്‍റിനെ ഓസ്ട്രേലിയൻ വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സുസുക്കി ജിംനിയുമായി ഇന്ത്യയുടെ ബന്ധം തുടങ്ങിയത് 1980 കളിലാണ്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.
അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായിട്ടാണ് പുറത്തിറങ്ങിയത്. നാലാം തലമുറ ജിപ്‍സിയെയാണ് കമ്പനി ജിംനിയായി അവതരിപ്പിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona