ബീറ്റ്ബോക്സിംഗില്‍ ഞെട്ടിച്ച് ബുദ്ധ സന്യാസി, തരംഗമായി മെഡിറ്റേഷന്‍ മ്യൂസിക്

By Web Team  |  First Published Jul 3, 2020, 12:30 PM IST

''ഈ പ്രത്യേകത കൊണ്ട് അറ്റന്‍ഷന്‍ നേടാന്‍ ഞാനാഗ്രഹിക്കുന്നില്ല. മറിച്ച് സംഗീതത്തോടുള്ള എന്‍റെ പ്രണയമാണ് ഞാനിത് ചെയ്യാന്‍ കാരണം. ഒരാള്‍ ഗിത്താര്‍ വായിക്കുന്നതുപോലെ ഡ്രംസ് ഉപയോഗിക്കുന്നതുപോലെ ഞാന്‍ എനിക്കിഷ്‍ടമുള്ളത് ചെയ്യുന്നു അത്രേയുള്ളൂ. ഞാനൊരു സാധാരണക്കാരനാണ്...'' 


യോഗേത്സു അകാസക ഒരു ജാപ്പനീസ് സെന്‍ ബുദ്ധ സന്യാസിയാണ്. അദ്ദേഹം ശ്രദ്ധേയനായതിന് പിന്നില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ഒരു മെഡിറ്റേഷന്‍ മ്യൂസിക് ആണ്. എന്നാല്‍, സാധാരണ നാം പരിചയിച്ചിരിക്കുന്ന മെഡിറ്റേഷന്‍ മ്യൂസിക്കില്‍ നിന്നും ഒരല്‍പം വ്യത്യസ്‍തമാണ് ഇദ്ദേഹം നിര്‍മ്മിച്ചിരിക്കുന്ന ഈ സംഗീതം. യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോയിലൂടെയാണ് യോഗേത്സുവും അദ്ദേഹത്തിന്‍റെ സംഗീതവും ലോകത്തിന് പരിചിതമായത്. ബീറ്റ്ബോക്സിംഗാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. ഒരു വെളുത്ത ബാക്ക് ഗ്രൗണ്ടില്‍ കയ്യിലൊരു മൈക്കുമായി നില്‍ക്കുന്ന ബുദ്ധ സന്യാസിയെ വീഡിയോയില്‍ കാണാം. 

മെയ് മാസത്തിലാണ് മുപ്പത്തിയേഴുകാരനായ ഈ ബുദ്ധ സന്യാസി വൈറലാവുന്നത്. ആ സമയത്താണ് അദ്ദേഹം Heart Sutra Live Looping Remix എന്ന തന്‍റെ വീഡിയോ അപ്‍ലോഡ് ചെയ്യുന്നത്. റിലാക്സിംഗ് മ്യൂസിക്കിനൊപ്പം ഡിജെ സെറ്റ് കൂടി ചേര്‍ന്നാല്‍ എങ്ങനെയിരിക്കും. അതാണ് ഇദ്ദേഹത്തിന്‍റെ വീഡിയോയിലും കാണാന്‍ കഴിയുക. ശബ്‍ദം കൊണ്ട് മാന്ത്രികത സൃഷ്‍ടിച്ച ഇദ്ദേഹത്തിന്‍റെ വീഡിയോയുടെ കാഴ്‍ചക്കാര്‍ ഒരുലക്ഷം കടന്നു. ലോകത്തിലാകെ ആളുകള്‍ ഇതിന് കമന്‍റുമായും എത്തുന്നുണ്ട്. 

Latest Videos

undefined

ഒരു സന്യാസി ബീറ്റ് ബോക്സിംഗിലേക്ക് തിരിയുന്നതിലെ അപൂര്‍വത യോഗേത്സുവിന് തന്നെ തിരിച്ചറിയാനാകുന്നുണ്ട്. എന്നാല്‍, അദ്ദേഹം അതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്, ''ഈ പ്രത്യേകത കൊണ്ട് അറ്റന്‍ഷന്‍ നേടാന്‍ ഞാനാഗ്രഹിക്കുന്നില്ല. മറിച്ച് സംഗീതത്തോടുള്ള എന്‍റെ പ്രണയമാണ് ഞാനിത് ചെയ്യാന്‍ കാരണം. ഒരാള്‍ ഗിത്താര്‍ വായിക്കുന്നതുപോലെ ഡ്രംസ് ഉപയോഗിക്കുന്നതുപോലെ ഞാന്‍ എനിക്കിഷ്‍ടമുള്ളത് ചെയ്യുന്നു അത്രേയുള്ളൂ. ഞാനൊരു സാധാരണക്കാരനാണ്...'' എന്നും അദ്ദേഹം പറയുന്നു. 

ഒരു സന്യാസിയാവുന്നതിനുമുമ്പ് തന്നെ യോഗേത്സു ബീറ്റ്ബോക്സിംഗ് ചെയ്യുന്നുണ്ടായിരുന്നു. ''എന്‍റെ സുഹൃത്ത് ഒരിക്കലെനിക്ക് ജാപ്പനീസ് ബീറ്റ്ബോക്സറായ അഫ്രയുടെ ഒരു സിഡി നല്‍കി. അതില്‍ അദ്ദേഹം ശബ്‍ദംവെച്ച് പെര്‍ഫോം ചെയ്യുന്നത് കണ്ടു. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആളുകള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട് എന്നും എനിക്കും അതുപോലെ ചെയ്യണം എന്നും തോന്നി. പിന്നീട്, എനിക്കത് പറ്റുന്നുണ്ട് എന്നെനിക്ക് ബോധ്യമായി.'' എന്നും ആ ബുദ്ധ സന്യാസി പറയുന്നു. 

ഇത് സംഭവിച്ചത് 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ആ സമയത്ത് അദ്ദേഹം തന്‍റെ ഇരുപതുകളിലായിരുന്നു. തന്‍റെ അച്ഛന്‍റെ പാത പിന്തുടരുന്നതിനായി 2015 -ലാണ് അദ്ദേഹം ഒരു സന്യാസിയാവുന്നത്. ''ജപ്പാനില്‍ സാധാരണ ആളുകള്‍ സന്യാസിയാവുന്നത് അവരുടെ കുടുംബം ക്ഷേത്രങ്ങളില്‍ വസിക്കുമ്പോഴാണ്. പക്ഷേ, എന്‍റെ അച്ഛനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. അദ്ദേഹം സ്വയം സന്യാസത്തിലേക്ക് തിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അതെനിക്ക് പ്രചോദനമായി. അദ്ദേഹത്തിന്‍റെ പാത പിന്തുടരാനും സന്യാസം സ്വീകരിക്കാനും ഞാന്‍ തീരുമാനിച്ചു.'' എന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഒരു ക്ഷേത്രത്തിലെ മഠാധിപതിയാണദ്ദേഹം. 

ബീറ്റ്ബോക്സിംഗിന് മുമ്പ് അദ്ദേഹം ഒരു തിയേറ്റര്‍ ആക്ടര്‍ കൂടിയായിരുന്നു. തന്‍റെ പഴയ ജീവിതവും പുതിയ ജീവിതവും കൂട്ടിച്ചേര്‍ക്കുന്നതിനായാണ് അദ്ദേഹം തന്‍റെ മ്യൂസിക്കില്‍ ചില പരീക്ഷണങ്ങളെല്ലാം നടത്തിയത്. വീഡിയോ പോസ്റ്റ് ചെയ്യുക മാത്രമല്ല, ദിവസവും ലൈവ്സ്ട്രീം പെര്‍ഫോമന്‍സും ഉണ്ടാകാറുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധമതം യഥാർത്ഥത്തിൽ സമാധാനപരമായും വേദനയില്ലാതെയും ജീവിക്കാന്‍ സഹായിക്കുന്ന ഒരു മതമാണ്, അത് ആളുകളുടെ ഹൃദയത്തെ സുഖപ്പെടുത്താൻ സഹായിക്കും. തന്‍റെ സംഗീതത്തിലൂടെയും അദ്ദേഹം അത് തന്നെയാണ് ചെയ്യുന്നത്.

“എന്റെ ബീറ്റ്ബോക്സിംഗ് വീഡിയോകൾ കാരണം നന്നായി ഉറങ്ങാനും വിശ്രമിക്കാനും കഴിഞ്ഞുവെന്ന് ആരാധകർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇത് തികച്ചും അത്ഭുതകരമാണ്. എന്‍റെ അഭിനിവേശത്തെ എന്റെ മതവിശ്വാസങ്ങളുമായി സംയോജിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചതില്‍ സന്തോഷമുണ്ട്.” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!