ഒരുകാലത്ത് പാടിയിരുന്നവര്‍, ആടിയിരുന്നവര്‍, നാടകം കളിച്ചിരുന്നവര്‍ അങ്ങനെ അങ്ങനെ... പ്രായമായി എന്നതിന്‍റെ പേരില്‍ മാത്രം അവര്‍ ഏതെങ്കിലും മൂലയില്‍ ഈ കഴിവുകളേയെല്ലാം മറന്നുവച്ചിരിക്കേണ്ടി വരുന്നത് എന്തൊരു വേദനയായിരിക്കും.
കൗമാരപ്രായത്തിലെത്തുമ്പോഴേക്കും പലരും സ്വന്തം വഴിയെന്താണ് എന്ന് കണ്ടെത്താന്‍ പോലും പറ്റാതെ നില്‍ക്കുകയാവും. ഏത് മേഖലയാണ് താന്‍ തെരഞ്ഞെടുക്കേണ്ടത് എന്നൊക്കെയുള്ള ആശങ്ക അപ്പോഴും അവരെ വിട്ടുപോവണമെന്നില്ല. എന്നാല്‍, ബംഗളൂരുവിലെ ഒരു പതിനേഴുകാരന്‍ ചെയ്‍തിരിക്കുന്നത് നമുക്കെല്ലാം പ്രചോദനമാകുന്നൊരു കാര്യമാണ്. വിര്‍ ഗുപ്‍ത എന്നാണവന്‍റെ പേര്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തന്‍റെ ചുറ്റുമുള്ള പ്രായമായവരുടെ അഭിനയ മോഹങ്ങളെ പൊടിതട്ടി പുറത്തെടുത്ത് അവര്‍ക്ക് അതിനുള്ള അവസരം ഉണ്ടാക്കി നല്‍കുകയാണ് വീര്‍ ഗുപ്‍ത. അവര്‍ക്കായി നാടകങ്ങളൊരുക്കുകയാണ് ഈ സംവിധായകന്‍.
ഒന്നാം ക്ലാസ് മുതല്‍ തന്നേ നാടകങ്ങളെയും അഭിനയത്തെയും സ്നേഹിച്ചിരുന്ന ആളാണ് വിര്‍ ഗുപ്‍ത. അങ്ങനെയാണ് കുറച്ച് കാലം മുമ്പ് സില്‍വര്‍ സഫേഴ്‍സ് ക്ലബ്ബിന് വേണ്ടി ഒരു നാടകം ചെയ്യാനുള്ള അവസരം വിര്‍ ഗുപ്‍തയെ തേടിവരുന്നത്. തുടക്കത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു വിര്‍. പക്ഷേ, അവസാനം വിര്‍ തന്നെ നാടകം സംവിധാനം ചെയ്‍തു. അങ്ങനെ ക്ലബ്ബിന്‍റെ പ്രോത്സാഹനത്തോടെ അവിടെയുള്ള മുതിര്‍ന്ന ആളുകളെ നാടകം പഠിപ്പിച്ചു.
undefined
നമ്മുടെ വീട്ടില്‍, നമ്മുടെ അയല്‍പ്പക്കത്ത്, നമ്മുടെ നാട്ടില്‍ ഒക്കെ എത്ര മുത്തശ്ശന്മാരും മുത്തശ്ശികളും കാണും. ഒരുകാലത്ത് പാടിയിരുന്നവര്‍, ആടിയിരുന്നവര്‍, നാടകം കളിച്ചിരുന്നവര്‍ അങ്ങനെ അങ്ങനെ... പ്രായമായി എന്നതിന്‍റെ പേരില്‍ മാത്രം അവര്‍ ഏതെങ്കിലും മൂലയില്‍ ഈ കഴിവുകളേയെല്ലാം മറന്നുവച്ചിരിക്കേണ്ടി വരുന്നത് എന്തൊരു വേദനയായിരിക്കും. ചിലരാകട്ടെ നമുക്കുള്ളില്‍ ഇത്തരം കഴിവുകളുണ്ട്, നമുക്കും ഇതുപോലെയൊക്കെ ചെയ്യാന്‍ കഴിയും എന്നൊന്നും തിരിച്ചറിയുക പോലും ചെയ്യാതെ മരിച്ചുപോവും.
ഏതായാലും വിര്‍ ചെയ്‍തത് ആ മനുഷ്യരിലുണ്ടായിരുന്ന എല്ലാ ഊര്‍ജ്ജത്തെയും അപ്പാടെ ഉപയോഗിക്കുകയാണ്. അവനിലെ നാടകമോഹത്തേയും അത് ജ്വലിപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ... 15 പ്രായമായവരും ഒരു യുവാവുമാണ് നാടകത്തില്‍ അഭിനയിച്ചത്. ചിരിയും ചിന്തയുമുണര്‍ത്തുന്ന നാടകമാണ് അവര്‍ വിര്‍ ഗുപ്‍തയുടെ നേതൃത്വത്തില്‍ അരങ്ങിലെത്തിച്ചത്. അത് കാണികളേറ്റെടുത്തു. തമാശ നിറഞ്ഞ കഥാസന്ദര്‍ഭത്തിലൂടെ യുവാക്കളും പ്രായമായവരും ഇടകലര്‍ന്ന ജീവിതത്തെ അവര്‍ കാണികളുടെ മുന്നിലെത്തിച്ചു.
തന്‍റെ അഭിനേതാക്കളെ കുറിച്ച് വിര്‍ പറയുന്നത്, ''അവര്‍ക്ക് നേരത്തെ തിയേറ്ററില്‍ യാതൊരുവിധത്തിലുള്ള പരിചയവും ഉണ്ടായിരുന്നില്ല. പലരും ആദ്യമായാണ് അഭിനയിക്കുന്നത്. ശബ്ദവും, അഭിനയവും, മൂവ്മെന്‍റും അടക്കം എല്ലാ കാര്യങ്ങളും ആദ്യം മുതലേ പറഞ്ഞുകൊടുക്കേണ്ടിയിരുന്നു അവര്‍ക്ക്. അതിലെ ഏറ്റവും ആവേശകരമായ കാര്യം അവരില്‍ പലരും ഇങ്ങോട്ട് ഒരുപാട് ഐഡിയ പറഞ്ഞിരുന്നുവെന്നതാണ്'' -എന്നാണ്.
ഓരോ വ്യക്തികള്‍ക്കും അനുയോജ്യമായ വേഷങ്ങളാണ് വിര്‍ നല്‍കിയത്. അതില്‍ ചിലര്‍ക്ക് ഭയങ്കര ചമ്മലുണ്ടായിരുന്നു. ചിലരാകട്ടെ ഭയങ്കര കൗതുകത്തോടെയാണ് നിന്നിരുന്നത്. പക്ഷേ, എല്ലാവരേയും കോര്‍ത്തിണക്കി വിര്‍ തന്‍റെ നാടകം ചെയ്തു. കാണികളെയും അഭിനേതാക്കളേയും ഒരുപോലെ ചിരിപ്പിച്ച് നാടകത്തിന് തിരശ്ശീലയും വീണു. വിര്‍ ഗുപ്‍ത നാടകം പഠിപ്പിച്ചത് ഒരു ചെറിയ കാര്യമായിരിക്കാം. പക്ഷേ, അത് മുന്നോട്ട് വയ്ക്കുന്ന ഒരു കാര്യമുണ്ട്. നമ്മുടെ വീട്ടിലും കാണും ഇങ്ങനെ കഴിവുകളൊളിഞ്ഞു കിടപ്പുള്ള ആരെങ്കിലും... വാര്‍ധക്യം വെറുതെയിരിക്കാനുള്ളതല്ല, ഇങ്ങനെ സര്‍ഗാത്മകമാക്കാന്‍ കൂടിയുള്ളതാണ് എന്ന് നമ്മളും അവരും തിരിച്ചറിയേണം.