വിവാഹജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്നത്, ചിത്രപ്രദർശനം നടത്തി കലാകാരി

By Web Team  |  First Published Mar 25, 2021, 2:15 PM IST

മറ്റൊരു ചിത്രത്തില്‍ ഒരു സ്ത്രീ ഒരു ടിവി, മൈക്രോവേവ്, പ്രഷര്‍ കുക്കര്‍ എന്നിവയ്ക്ക് സമീപത്ത് നില്‍ക്കുന്നത് കാണാം. താഴെയായി 'സ്ത്രീധനത്തോടൊപ്പം വധു, ഇന്ത്യയിലെ പ്രത്യേക വില്‍പന' എന്ന് എഴുതിയിരിക്കുന്നതായി കാണാം. 


ഇന്ത്യയിലെ വിവാഹങ്ങള്‍ വലിയ ബഹളത്തോടെയാണ് നടക്കാറുള്ളത്. മിക്ക വിവാഹങ്ങളും വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെ ആയി മേളമാകും. അതോടൊപ്പം തന്നെ വന്‍ ചെലവും ഉണ്ടാകും. എന്നാല്‍. ആ വിവാഹത്തിനുശേഷം അവരുടെ ജീവിതത്തിലെന്ത് സംഭവിക്കുന്നു എന്നതൊന്നും ആരും അധികം അറിയാറില്ല. ഇന്ത്യയിലെ വീടുകളില്‍ ഭൂരിഭാഗവും ഗാര്‍ഹികപീഡനത്തിന് വേദികളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത് മാത്രമല്ല, വിവാഹജീവിതത്തില്‍ ലൈംഗിക പീഡനങ്ങൾ വളരെ സാധാരണമാണ് എന്ന് കാണുന്ന ഒരു സമൂഹം കൂടിയാണ് നമ്മുടേത്. 

എന്നാലിപ്പോള്‍ മുംബൈയില്‍ നിന്നുള്ള ഒരു ആര്‍ട്ടിസ്റ്റ് ഇന്ത്യയിലെ വീടുകളില്‍ സ്ത്രീകളനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തന്‍റെ വരയിലൂടെ കാണിക്കുകയാണ്. 'സ്മിഷ്‍ഡിസൈന്‍സ്' എന്ന പേരിലാണ് ഈ കലാകാരി അറിയപ്പെടുന്നത്. തഥാര്‍ത്ഥ പേരില്‍ അറിയപ്പെടാനാഗ്രഹിക്കാത്ത ഇവര്‍ മുംബൈയില്‍ തന്‍റെ ആദ്യത്തെ സോളോ എക്സിബിഷന്‍ നടത്തുകയാണ്. 'Pati, Patni, Aur Woke' എന്നാണ് പ്രദര്‍ശനത്തിന്‍റെ പേര്. 1978 -ലിറങ്ങിയ 'പതി, പത്നി, ആന്‍ഡ് വോ' എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഈ പേര്. കുടുംബം എന്ന സ്ഥാപനത്തിലെ വിവിധ തലങ്ങളടയാളപ്പെടുത്തുകയും എങ്ങനെയാണ് അത് സ്ത്രീകള്‍ക്ക് ദുരിതമായിത്തീര്‍ന്നിരിക്കുന്നത് എന്നുമാണ് ഈ പ്രദര്‍ശനം പറയുന്നത് എന്ന് കലാകാരി പറഞ്ഞതായി വൈസ് എഴുതുന്നു. സ്ത്രീകള്‍ക്ക് വിവാഹജീവിതത്തിലനുഭവിക്കേണ്ടി വരുന്നതെന്തെല്ലാമാണ് എന്നും പുരുഷാധിപത്യം എങ്ങനെയൊക്കെയാണ് അവരെ ശ്വാസം മുട്ടിക്കുന്നതെന്നുള്ള നിരീക്ഷണവുമാണ് ഇതെന്നും ചിത്രകാരി പറയുന്നു. 

Latest Videos

undefined

ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് വിവാഹത്തോടെ ഇന്ത്യയില്‍ പഠനമോ, ജോലിയോ അവസാനിപ്പിക്കേണ്ടി വരുന്നത്. അതുപോലെ പല കുടുംബങ്ങളും വിവാഹശേഷം മരുമകള്‍ക്ക് പഠിക്കാന്‍ പോകാനുള്ള 'സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്', ജോലിക്ക് പോകാനുള്ള 'അനുവാദം നല്‍കുന്നുണ്ട്' എന്നെല്ലാം പറയാറുണ്ട്. ഈ എക്സിബിഷൻ ഒരുതരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ട ‘വിവാഹത്തിന്റെ പവിത്രത’ എന്ന പദത്തിന് നേരെയുള്ള ആക്രമണമാണ്. വിവാഹിതരായ സ്ത്രീകളെയും അവരുടെ പോരാട്ടങ്ങളെയും നിശബ്ദമാക്കാൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ പലപ്പോഴും ഇത് ഉപയോഗിക്കുന്നു” സ്മിഷ് കൂട്ടിച്ചേർത്തു. “അതേ സമയം, ഈ സ്ഥാപനത്തിന് പുറത്ത് അവരുടെ വ്യക്തിത്വവും ശബ്ദവും തിരിച്ചറിയാൻ തുടങ്ങുന്ന സ്ത്രീകളുടെ ആഘോഷം കൂടിയാണ് ഇത്.'' എന്നും അവര്‍ പറയുന്നു. 

ഒരു ചിത്രത്തില്‍ ഒരു സ്ത്രീ തന്‍റെ കയ്യിലിരിക്കുന്ന ലിപ്സ്റ്റിക് കൊണ്ട് ഒരു കണ്ണാടിയില്‍ ഉട്ടോപ്പ്യ എന്ന് എഴുതുന്നത് കാണാം. രാജ്യത്തെല്ലായിടത്തും കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ സ്ത്രീകള്‍ക്ക് വീട്ടിലനുഭവിക്കേണ്ടി വരുന്ന പീഡനം കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലും ഗാര്‍ഹിക പീഡനത്തിന്‍റെ കാര്യത്തില്‍ സ്ഥിതി മറിച്ചല്ല. അത്തരം പീഡനങ്ങളെ കൂടി സ്മിഷ്ഡിസൈൻ ചിത്രങ്ങൾ തുറന്നുകാട്ടുന്നു. 

മറ്റൊരു ചിത്രത്തില്‍ ഒരു സ്ത്രീ ഒരു ടിവി, മൈക്രോവേവ്, പ്രഷര്‍ കുക്കര്‍ എന്നിവയ്ക്ക് സമീപത്ത് നില്‍ക്കുന്നത് കാണാം. താഴെയായി 'സ്ത്രീധനത്തോടൊപ്പം വധു, ഇന്ത്യയിലെ പ്രത്യേക വില്‍പന' എന്ന് എഴുതിയിരിക്കുന്നതായി കാണാം. ഒളിഞ്ഞും തെളിഞ്ഞും ഇന്നും ഇന്ത്യയില്‍ പലയിടങ്ങളിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുമുണ്ട്. പലപ്പോഴും സ്ത്രീകള്‍ക്കുള്ള സമ്മാനം എന്ന പേരിലൊക്കെയാണ് സ്ത്രീധനം നല്‍കിപ്പോരുന്നത്. ഈ അലിഖിതനാട്ടുനടപ്പ് കാരണം പല മാതാപിതാക്കളും കടം വാങ്ങിയും ലോണെടുത്തും വരെ പെണ്‍മക്കളുടെ വിവാഹം നടത്തുകയും പിന്നീട് കടക്കെണിയില്‍ പോയി വീഴുകയും ചെയ്യുന്നു. സ്ത്രീധനത്തിന്‍റെ പേരും പറഞ്ഞ് സ്ത്രീകളെ അക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതുമൊന്നും ഇവിടെ പുതിയ വാര്‍ത്തയല്ല. 

ഈ ചിത്രപ്രദര്‍ശനത്തിന് സ്മിഷിന് പ്രചോദനമായത് സുഹൃത്തുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും കേട്ട കഥകള്‍ തന്നെയാണ്. ദാമ്പത്യജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഭാര്യയാണ് എന്ന് കരുതുന്നവരെ താനൊരുപാട് കണ്ടിട്ടുണ്ട്. അത്രയും മോശപ്പെട്ട ഒരുപാട് വിവാഹജീവിതങ്ങളും കണ്ടിട്ടുണ്ട്. പല സ്ത്രീകള്‍ക്കും എത്ര മോശപ്പെട്ട സാഹചര്യമായിരുന്നിട്ടും അതിനോട് പൊരുത്തപ്പെട്ട് കൊണ്ട് കഴിയേണ്ടി വരുന്നത് കണ്ടിട്ടുണ്ട് എന്നും സ്മിഷ് പറയുന്നു. 

പല സാമൂഹികവിഷയങ്ങളുമായി ബന്ധപ്പെട്ടും സ്മിഷ് തന്‍റെ വരയിലൂടെ പ്രതികരിക്കാറുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യം കലാകാരന്മാര്‍ക്ക് ഭയമില്ലാതെ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണ്. അത് ഓരോന്ന് വരയ്ക്കുമ്പോഴും തന്നെ ഭയപ്പെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ അജ്ഞാതയായ ചിത്രകാരിയായി തുടരുന്നത് തനിക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കുന്നുണ്ട് എന്നും സ്മിഷ് പറഞ്ഞതായി വൈസ് എഴുതുന്നു. അതോടൊപ്പം അജ്ഞാതയായിരിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം താന്‍ ആസ്വദിക്കുന്നുണ്ട് എന്നും സ്മിഷ് പറയുകയുണ്ടായി. 

സാമൂഹികവും, സ്വകാര്യവും, രാഷ്ട്രീയമായും ഉള്ള കാര്യങ്ങള്‍ക്കിടയില്‍ തന്നെ സംബന്ധിച്ച് വളരെ നേരിയ ഒരു അതിര് മാത്രമേയുള്ളൂ. ഇത് മൂന്നും ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ പ്രതിഫലിക്കാറുണ്ട്. വിവാഹിതരായിരിക്കുമ്പോൾ സ്ത്രീകൾക്ക് ശാരീരികമായ സ്വയംഭരണാവകാശം ഇല്ല. കാരണം ഇന്ത്യയിലെ ജുഡീഷ്യറി ദാമ്പത്യത്തിലെ ബലാത്സംഗത്തെ കുറ്റമായി അംഗീകരിക്കുന്നില്ല. അതിനാൽ ഇവിടെ വ്യക്തിപരമായത് രാഷ്ട്രീയമായി മാറുന്നു. സ്ത്രീധനം, ഗാർഹിക പീഡനം തുടങ്ങിയ കേസുകളിൽ പോലും, ഇന്ത്യൻ സ്ത്രീകൾക്ക് അവരെ സംരക്ഷിക്കുന്നതിൽ നിരന്തരം പരാജയപ്പെടുന്ന നിയമങ്ങളിൽ സാന്ത്വനം കണ്ടെത്തേണ്ടി വരുന്നു. ഇതിലൂടെ വിവാഹമെന്ന സ്ഥാപനത്തോട് മുഴുവനായും യോജിക്കുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ സമൂഹവും നിയമവും സാമൂഹിക ഘടനകളും അതിനകത്തിരുന്നുകൊണ്ട് ഒരു സ്ത്രീയില്‍ എത്രമാത്രം അധികാരം ചെലുത്തുന്നു എന്ന് ഞാൻ പറയുന്നു.”

സ്മിഷിനെ സംബന്ധിച്ചിടത്തോളം, ഈ സീരീസ് വിവാഹമെന്ന സ്ഥാപനത്തെ തന്നെ നേരിടാനും സഹായിക്കുന്നു. “വിവാഹമെന്ന സ്ഥാപനത്തെ ഞാൻ വളരെ മോശമായ കാഴ്ചപ്പാടിൽ തന്നെ കാണുന്നു. കാരണം ഇത് സ്ത്രീകളെയും അവരുടെ ശാരീരികമായ സ്വയംഭരണാവകാശത്തെയും അടിച്ചമർത്താൻ വേണ്ടി രൂപകൽപ്പന ചെയ്ത ഒരു സംവിധാനമാണ്. സ്ത്രീകൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നതും അവരെ വിവാഹബന്ധത്തിൽ പിന്തുണയ്ക്കുന്നതുമായ നിയമങ്ങൾ ഇല്ലെങ്കിൽ, സമൂഹം ഒരു സ്ത്രീയെ അവരുടെ പ്രവൃത്തികള്‍ തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ വ്യക്തിപരമായി അത്തരമൊരു സ്ഥാപനം തെരഞ്ഞെടുക്കാന്‍ എനിക്ക് താല്‍പര്യമില്ല എന്നും സ്മിഷ് പറയുന്നു.

മാര്‍ച്ച് 29 വരെയാണ് മുംബൈയില്‍ സ്മിഷിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്. 

click me!