താന്‍ നേരത്തെ കൈകളുപയോഗിച്ച് ചെയ്‍തിരുന്ന പെയിന്‍റിംഗുകളോട് സാദൃശ്യമുള്ളവ തന്നെയാണ് ഐ ഗേസിലൂടെ വരക്കപ്പെടുന്ന ചിത്രങ്ങളുമെന്നുകൂടി സാറ വിശദീകരിക്കുന്നു.
കൈകളില്ലാത്തതിനാലോ തളര്‍ന്നുപോയതിനാലോ ഒക്കെ കാലുകള്‍ കൊണ്ടും ബ്രഷ് കടിച്ചുപിടിച്ചുമെല്ലാം ചിത്രം വരയ്ക്കുന്ന ഒരുപാടുപേരെ നമുക്കറിയാം. തളരാനൊരുക്കമല്ലാത്ത അവര്‍ക്ക് പുതുജീവിതം കൂടിയാണ് ആ ചിത്രം വര. എന്നാല്‍, കൈകളുടെ ചലനം നിലച്ചപ്പോള്‍ കണ്ണുകള്‍ കൊണ്ട് പെയിന്‍റിംഗ് തുടര്‍ന്നയാളാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കലാകാരിയായ സാറ എസെക്കീല്‍. വ്യത്യസ്‍തമായ ചിത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നു ഇപ്പോള്‍ സാറ.
അവരുടെ കൈകള്‍ ചലിപ്പിക്കാനാവില്ല. കൃഷ്‍ണമണികളുടെ ചലനങ്ങള്‍വെച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ പെയിന്‍റിംഗ് നടത്തുന്നത്. ഇങ്ങനെ വരയ്ക്കാന്‍ സഹായിക്കുന്ന 'ഐ ഗേസ് ടെക്നോളജി'യുടെ സഹായത്തോടെ അവര്‍ തന്‍റെ എഎല്‍എസ് (അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് ) എന്ന അവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുകയാണ്. പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ക്കുണ്ടാകുന്ന നാശമാണിത്.
undefined
2000 വരെ ഇത്തരമൊരവസ്ഥയിലേക്ക് ശരീരമെത്തുന്നതിന്‍റെ ഒരു സൂചനയും സാറയുടെ ജീവിതത്തിലുണ്ടായിരുന്നില്ല. അന്നവര്‍ക്ക് 34 വയസ്സായിരുന്നു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കുന്ന സമയം. ഇടത്തെ കൈകള്‍ക്ക് ബലഹീനത അനുഭവപ്പെടാന്‍ തുടങ്ങുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. ഒപ്പം സംസാരിക്കുമ്പോള്‍ അസ്‍പഷ്‍ടത അനുഭവപ്പെടുന്നുവെന്നും മനസിലായി. മാസങ്ങള്‍ക്കുള്ളില്‍ സാറക്ക് എഎല്‍എസ് ആണെന്ന് തിരിച്ചറിഞ്ഞു. 50,000 പേരില്‍ ഒരാളെ ബാധിക്കുന്ന അസുഖമാണിതെന്നാണ് എഎല്‍എസ് അസോസിയേഷന്‍ പറയുന്നത്. ഒപ്പം തന്നെ പൂര്‍ണമായി ഭേദമാവാനും സാധ്യത കുറവാണ്.
'എന്‍റെ ജീവിതം അതുവരെ സാധാരണമായിരുന്നു. ഞാനൊരു മുഴുവന്‍ സമയ അമ്മയായിരുന്നു. പാചകം ചെയ്യുകയും വീട് വൃത്തിയാക്കുകയും റെഗുലറായി ജിമ്മില്‍ പോവുകയും ചെയ്‍തിരുന്ന സാധാരണക്കാരി' എന്നാണ് സാറ പറയുന്നത്. എഎല്‍എസ്സിന്‍റെ തുടക്കകാലങ്ങളില്‍ ഒരു വരണ്ട മരുഭൂമി പോലെ ഏകാന്തമായിരുന്നു തന്‍റെ ജീവിതമെന്ന് സാറ പറയുന്നു. ഇപ്പോഴും അവര്‍ക്ക് ചലിക്കാനോ സംസാരിക്കാനോ ആവില്ല. പക്ഷേ, സാങ്കേതികവിദ്യ തന്‍റെ ജീവിതം മൂല്യവത്താക്കിയിട്ടുണ്ട് എന്ന് അവര്‍ പറയുന്നു. സാറയെപ്പോലെയുള്ളവരുടെ ശാരീരികാവസ്ഥകളെ മറികടക്കാന്‍ സഹായിക്കുന്ന 'ഐ ഗേസ്' ആണ് അവരെ വീണ്ടും വരക്കാന്‍ സഹായിച്ചത്. അത് ആളുകളുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്നു. ക്യാമറകളും അല്‍ഗൊരിതങ്ങളും മറ്റും ഉപയോഗപ്പെടുത്തി വരക്കാനും മറ്റും സഹായിക്കുകയും ചെയ്യുന്നു. അഭിമുഖങ്ങള്‍ക്കായി ചോദ്യങ്ങള്‍ അയച്ചുനല്‍കിയാല്‍ സാറ മറുപടി അയക്കുന്നതും ഇതിന്‍റെ സഹായത്തോടെ തന്നെയാണ്. ഒപ്പം തന്നെ നെറ്റ് ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഓണ്‍ലൈന്‍ ഷോപ്പിംഗിനുമെല്ലാം ഇത് സാറയെ സഹായിക്കുന്നു.
ചെറുപ്പത്തിലാണ് സാറ വര പഠിക്കുന്നത്. എന്നാല്‍, 2012 -ല്‍ അവര്‍ വീണ്ടും ഐ ഗേസ് ഉപയോഗിച്ച് വരച്ചു തുടങ്ങി. അവരുടെ ആദ്യത്തെ ആര്‍ട്ട് വര്‍ക്ക് 'പീസ്‍ഫുള്‍ വാരിയര്‍' ആണ്. ഡാന്‍ മില്‍മാന്‍ -ന്‍റെ ഒരു പുസ്‍തകത്തില്‍ നിന്നുമാണ് ഈ പേര് എടുത്തിട്ടുള്ളത്. 'നിരാശയെയാണ് താന്‍ വരച്ചു തുടങ്ങിയത്, എന്നാല്‍ വര്‍ക്ക് പൂര്‍ത്തിയാവമ്പോഴേക്കും അത് വ്യത്യസ്‍തമായ വികാരമാണ് തന്നത്' എന്നാണ് സാറ സിഎന്‍എന്നിനോട് പറഞ്ഞത്. സാറയുടെ വര്‍ക്കുകള്‍ യുകെ -യിലുടനീളം പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും സാറ പറയുന്നത് തനിക്കിനിയും ഒരുപാട് പഠിക്കാനുണ്ടെന്നും അറിവുകള്‍ നേടാനുണ്ടെന്നുമാണ്. 'വരക്കുമ്പോള്‍ പൂര്‍ണമായും താന്‍ അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആ സമയത്ത് തന്‍റെ മറ്റെല്ലാ പ്രശ്‍നങ്ങളും അപ്രത്യക്ഷമാകുന്നു' എന്നും അവര്‍ പറയുന്നു.
ഒപ്പം താന്‍ നേരത്തെ കൈകളുപയോഗിച്ച് ചെയ്‍തിരുന്ന പെയിന്‍റിംഗുകളോട് സാദൃശ്യമുള്ളവ തന്നെയാണ് ഐ ഗേസിലൂടെ വരക്കപ്പെടുന്ന ചിത്രങ്ങളുമെന്നുകൂടി സാറ വിശദീകരിക്കുന്നു. കൊറോണ വൈറസില്‍ നിന്നും രാജ്യം മുക്തമായാല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തണമെന്ന് സാറ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഓണ്‍ലൈനിലൂടെ സാറ തന്‍റെ ചിത്രങ്ങള്‍ വില്‍ക്കുന്നുണ്ട്. സാങ്കേതികവിദ്യ തനിക്ക് പുതിയ അവസരങ്ങള്‍ തന്നുവെന്നും ജീവിതവും കാഴ്‍ചപ്പാടും മാറാന്‍ സഹായിച്ചുവെന്നും വര്‍ഷങ്ങളായി വരക്കാതിരുന്ന തന്നെ വീണ്ടും വരയിലെത്തിച്ചത് സാങ്കേതികവിദ്യ ആണെന്ന് കൂടി സാറ പറയുന്നു.