കൊവിഡ് 19 ഓരോയിടങ്ങളായി കയ്യേറുമ്പോള്‍ ആ ആശങ്കയ്ക്കും, കുടുംബത്തോടുള്ള കരുതലിനുമിടയിലെ മനുഷ്യരുടെ ജീവിതത്തെയാണ് പ്യൂന്‍റേയുടെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. കൃത്യമായ അകലത്തില്‍ നിന്നാണ് ഓരോ ഫോട്ടോയും പകര്‍ത്തിയിരിക്കുന്നത്.
ലോക്ക് ഡൌണാണ്. ലോകമെമ്പാടും ആളുകള്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള യുദ്ധത്തിലാണ്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും ഈ ലോക്ക് ഡൌണ്‍ കാലം നമുക്കൊന്നും അത്ര പെട്ടെന്ന് മറക്കാനാവാത്തതാണ്. ഏതായാലും ഈ ഫോട്ടോഗ്രാഫറുടെ കഥ അല്‍പം വ്യത്യസ്തമാണ്.
undefined
സാമൂഹിക അകലം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. സ്ഥാപനങ്ങൾ പലതും താൽക്കാലികമായി അടച്ചിട്ടു. ചിലർക്കെല്ലാം വീട്ടിലിരുന്നാണ് ജോലി. പക്ഷേ, മിനസോട്ടയിലെ മിനിയപൊളിസിലുള്ള പ്യൂന്‍റേ എന്ന ഫോട്ടോഗ്രാഫറിന് അപ്പോഴും വെറുതെയിരിക്കാനായില്ല. ജോലിയോടുള്ള അമിതമായ സ്നേഹം തന്നെ കാരണം. അങ്ങനെയാണ് പ്യൂന്‍റേ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്.
നമുക്കെല്ലാമറിയാം ഈ ലോക്ക് ഡൌണ്‍ കാലത്ത് മിക്കവരും അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ഒരുതരം ഒത്തുചേരല്‍ തന്നെ. അങ്ങനെ ഓരോരുത്തരും അവരവരുടെ കുടുംബത്തോടൊപ്പമിരിക്കുന്ന, സ്നേഹം പങ്കിടുന്ന ആ നിമിഷങ്ങള്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു പ്യൂന്‍റേ. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്യൂന്‍റേ കിലോമീറ്ററുകള്‍ സഞ്ചരിച്ച് 146 കടുംബങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി. ഹൃദയം നിറയ്ക്കുന്ന കുടുംബചിത്രങ്ങളായിരുന്നു അവയോരോന്നും. ഓരോ ഫോട്ടോയ്ക്കും ഹൃദയം നിറയ്ക്കുന്ന അടിക്കുറിപ്പും നല്‍കി ആ ഫോട്ടോഗ്രാഫര്‍.
കൊവിഡ് 19 ഓരോയിടങ്ങളായി കയ്യേറുമ്പോള്‍ ആ ആശങ്കയ്ക്കും, കുടുംബത്തോടുള്ള കരുതലിനുമിടയിലെ മനുഷ്യരുടെ ജീവിതത്തെയാണ് പ്യൂന്‍റേയുടെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. കൃത്യമായ അകലത്തില്‍ നിന്നാണ് ഓരോ ഫോട്ടോയും പകര്‍ത്തിയിരിക്കുന്നത്.
ഉറപ്പായും ഇങ്ങനെയൊരു മഹാമാരിക്കാലാനുഭവം നമ്മില്‍ ഭൂരിഭാഗത്തിനും ആദ്യമാണ്. ഇത്രയധികം ദിവസം സാമൂഹികാകലം പാലിച്ച് വീടിനകത്ത് മാത്രമിരിക്കേണ്ടി വന്ന കാലവും ആദ്യമാവും. മഹാമാരിയുമായുള്ള ഈ യുദ്ധകാലം എക്കാലവും നമ്മുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നായിരിക്കും. അങ്ങനെയൊരു കാലത്തെ ഓര്‍മ്മയാക്കി അവരവരുടെ ചുമരുകളില്‍ തൂക്കപ്പെടണമെന്നും അതിനായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും പ്യൂന്‍റേ പറയുന്നു. കുറേക്കാലം കഴിഞ്ഞ് ആ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഭയപ്പെടുത്തിയ, ആശങ്കകള്‍ മാത്രമുണ്ടായിരുന്ന ഈ മഹാമാരിയുടെ ദിവസങ്ങളിലും കുടുംബത്തോടൊപ്പം ഇങ്ങനെ മനോഹരമായ നിമിഷങ്ങളുമുണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അതിനാണീ ചിത്രങ്ങള്‍. ആര്‍ക്കെങ്കിലും ഓര്‍ക്കാന്‍ മനോഹരമായതെന്തെങ്കിലും നല്‍കണമെന്നേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും പ്യൂന്‍റേ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് പ്യൂന്‍റേയെ അഭിനന്ദിച്ചത്. തനിക്കറിയാം കുറച്ചുകാലത്തിനുള്ളില്‍ പറ്റാവുന്നിടത്തോളം ചെയ്യേണ്ട ഒരു ജോലിയാണ് താനിപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന്. അത് ചെയ്യണം. തന്‍റെ ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും മനോഹരമായ പ്രൊജക്ടാണിതെന്നും പ്യൂന്‍റേ പറയുന്നു.
ഏതായാലും ഈ മഹാമാരിക്കാലവും നമ്മെ വിട്ടൊഴിയട്ടെ. കാലങ്ങള്‍ കഴിയുമ്പോള്‍ ഓര്‍ക്കാന്‍ ചില വീടുകളുടെ ചുമരുകളിലെങ്കിലും ആ ചിത്രങ്ങള്‍ തൂങ്ങട്ടെ. ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെയാണ് നാം അതിജീവിക്കുക.