ദി ഇൻഡിപെൻഡന്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, പിഗ്കാസോയുടെ പെയിന്റിംഗുകൾ ഏകദേശം, 2,89,768 രൂപയ്ക്ക് വിറ്റുപോയിരുന്നു.
ആനയും പൂച്ചയും അതുപോലുള്ള മറ്റ് മൃഗങ്ങളും വരച്ച ചിത്രങ്ങൾ നമ്മൾ ഇന്റർനെറ്റിൽ ഒരുപാട് കണ്ടിട്ടുണ്ടാകും. അക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ചിത്രകാരിയാണ്, പിഗ്കാസോ. ആ പേര് കേൾക്കുമ്പോൾ ഒരുപക്ഷേ വളരെ പ്രശസ്തനായ ഒരു ചിത്രകാരന്റെ പേര് നിങ്ങളുടെ ഓർമ്മയിൽ തെളിയുന്നുണ്ടാകും. എന്നാൽ, പറഞ്ഞുവരുന്നു ചിത്രകാരിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് മനുഷ്യനല്ല, മറിച്ച് ചിത്രങ്ങൾ വരയ്ക്കുന്ന ആദ്യത്തെ പന്നിയാണ് അത്. ഒരു അറവുശാലയിൽ നിന്ന് 2016 -ൽ ഒരു പന്നിക്കുട്ടിയായിരിക്കുമ്പോൾ പിഗ്കാസോയെ രക്ഷപ്പെടുത്തിയതാണ്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ വെസ്റ്റേൺ കേപ് മേഖലയിലെ ഫ്രാൻഷോക്കിലുള്ള ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അതിനെ കൊണ്ടുപോയി.
undefined
പിന്നീട് പെയിന്റിംഗിനോടുള്ള ഇഷ്ടം കണ്ടെത്തിയതിനുശേഷം, അവളുടെ ഉടമകൾ അവളെ വരയ്ക്കാൻ അനുവദിക്കുകയും, ആ കലാസൃഷ്‌ടികൾ ആയിരക്കണക്കിന് ഡോളറിന് വിൽക്കുകയും ചെയ്തു. അവൾക്ക് അവളുടെ മാസ്റ്റർപീസ് വിൽക്കുന്നതിനായി സ്വന്തമായൊരു വെബ്സൈറ്റ് വരെയുണ്ട്. "അവളെ സങ്കേതത്തിലേയ്ക്ക് കൊണ്ടുവരുമ്പോൾ രസിപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് ചിത്രരചന ആരംഭിച്ചത്" വന്യജീവി സങ്കേതം നടത്തുന്ന ജോവാൻ ലെഫ്‌സൺ പറഞ്ഞു, കൂടാതെ, കളർ, പെയിന്റ് ബ്രഷുകൾ എന്നിവയോടുള്ള അവളുടെ പ്രണയം തിരിച്ചറിഞ്ഞത് മുതലാണ് അവളിലെ കലാകാരി ജനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“പന്നികൾ വളരെ മിടുക്കരായ മൃഗങ്ങളാണ്. ഞാൻ പിഗ്കാസോയെ കളപ്പുരയിലേക്ക് കൊണ്ടുവന്നപ്പോൾ എങ്ങനെ അവളെ രസിപ്പിക്കാം എന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത. ഞങ്ങൾ ഫുട്ബോൾ, റഗ്ബി പന്തുകൾ എന്നിവ കൊടുത്തുനോക്കി. എന്നാൽ അതെല്ലാം അവളിൽ താല്പര്യം ജനിപ്പിച്ചില്ല. കളപ്പുര പുതുതായി നിർമ്മിച്ചതിനാൽ ചുറ്റും ചില പെയിന്റ് ബ്രഷുകൾ കിടന്നിരുന്നു. ഈ പെയിന്റ് ബ്രഷുകൾ ഒഴികെ ബാക്കിയെല്ലാം അവൾ കഴിക്കുകയോ നശിപ്പിക്കുകയോ ചെയ്തു. എന്നാൽ, ആ ബ്രഷുകളെ അവൾ അവരെ വളരെയധികം സ്നേഹിച്ചു. അവൾ ആ ബ്രഷുകൾ പെയിന്റ് കുടത്തിൽ മുക്കി, അവളുടെ രീതിയിൽ അടയാളങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി.” ലെഫ്‌സൺ പറഞ്ഞു.
അവളുടെ മാസ്റ്റർപീസുകൾ നിർമ്മിക്കാൻ പിഗ്‌കാസോ ഒരു തയ്ച്ച ബ്രഷും വിഷരഹിതവുമായ പെയിന്റും ഉപയോഗിക്കുന്നു. കൂടാതെ ബീറ്റ്‌റൂട്ട്, അക്രിലിക് മഷി എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് അവളുടെ ഓരോ പെയിന്റിംഗിന്റെയും മൂലയിൽ അവൾ തന്റെ ഒപ്പ് പതിപ്പിക്കുന്നു. ദി ഇൻഡിപെൻഡന്റിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, പിഗ്കാസോയുടെ പെയിന്റിംഗുകൾ ഏകദേശം, 2,89,768 രൂപയ്ക്ക് വിറ്റുപോയിരുന്നു. ഈ പണം മൃഗക്ഷേമ ഫണ്ടുകളിലേക്കാണ് പോകുന്നത്. കഴിഞ്ഞ വർഷം മുതൽ മൃഗവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്വിസ് വാച്ച് മേക്കർ സ്വാച്ചിന്റെ ഒരു വാച്ച് ഫെയ്സായി അവളുടെ ഒരു കലാസൃഷ്‌ടി മാറിയിരുന്നു.
(ചിത്രങ്ങൾ: Pigcasso/facebook)