അതെന്റെ ഐഡിയയാണ്, ഇല്ലാത്ത ശില്‍പ്പംവിറ്റ് 13 ലക്ഷം ഉണ്ടാക്കിയ ആള്‍ക്കെതിരെ കേസ്!

By Web Team  |  First Published Jul 1, 2021, 7:24 PM IST

ഇറ്റലിയിലെ മിലാനില്‍ അഞ്ചടി നീളവും അഞ്ചടി വീതിയും ഉള്ള ഒരു ചതുരം വരച്ച്, അതിലാണ് ശില്‍പ്പം എന്നാണ് സാല്‍വതോര്‍ പറയുന്നത്. ''ശൂന്യത ആണ് ഇത്. ശൂന്യതയ്ക്ക് ഭാരമുണ്ട് എന്നാണ് ശാസ്ത്രസിദ്ധാന്തം. നമുക്ക് കാണാനാവില്ല എങ്കിലും, അതില്ല എന്നര്‍ത്ഥമില്ല. രൂപമില്ലാത്ത ശില്‍പ്പം ആണ് ഇതെന്ന് മാത്രമാണ് അര്‍ത്ഥം''-സാല്‍വതോര്‍ പറയുന്നു. 


രൂപമില്ലാത്ത ശില്‍പ്പം എന്ന് കേട്ടിട്ടുണ്ടോ? 

അതായത്, ആര്‍ക്കും കാണാനാവാത്ത, ആര്‍ക്കും തൊടാനാവാത്ത ശില്‍പ്പം. 

Latest Videos

undefined

ഞെട്ടണ്ട! സത്യമാണ്, പറയുന്നത് നിലവിലില്ലാത്ത ഒരു കാര്യത്തെക്കുറിച്ചാണ്. ഇല്ലാത്ത ശില്‍പ്പം. 

ഇല്ലാത്ത ശില്‍പ്പം വില്‍ക്കാനാവുമോ? അതാരെങ്കിലും വാങ്ങുമോ? 

വാങ്ങും എന്നും വില്‍ക്കും എന്നുമാണ് ഇപ്പോള്‍ കിട്ടുന്ന ഉത്തരം. 

ഇറ്റാലിയന്‍ കലാകാരനായ സാല്‍വതോര്‍ ഗരോ ആണ് ഇപ്പറഞ്ഞ ഇല്ലാത്ത ശില്‍പ്പത്തിന് ഞാന്‍ എന്നും പേരിട്ട് വിറ്റത്. 

 

സാല്‍വതോര്‍

 

ഇറ്റലിയിലെ മിലാനില്‍ അഞ്ചടി നീളവും അഞ്ചടി വീതിയും ഉള്ള ഒരു ചതുരം വരച്ച്, അതിലാണ് ശില്‍പ്പം എന്നാണ് സാല്‍വതോര്‍ പറയുന്നത്. ''ശൂന്യത ആണ് ഇത്. ശൂന്യതയ്ക്ക് ഭാരമുണ്ട് എന്നാണ് ശാസ്ത്രസിദ്ധാന്തം. നമുക്ക് കാണാനാവില്ല എങ്കിലും, അതില്ല എന്നര്‍ത്ഥമില്ല. രൂപമില്ലാത്ത ശില്‍പ്പം ആണ് ഇതെന്ന് മാത്രമാണ് അര്‍ത്ഥം''-സാല്‍വതോര്‍ പറയുന്നു. 

ഇല്ലാത്ത ശില്‍പ്പം കാണണോ? ഈ വീഡിയോ നോക്കൂ. 

 

 

ഓണ്‍ലൈന്‍ ലേലത്തിലാണ്, അജ്ഞാതനായ ഒരാള്‍, ഇല്ലാത്ത ശില്‍പ്പത്തിന് പതിനെട്ടായിരം ഡോളര്‍  (13.4 ലക്ഷം രൂപ) വിലയിട്ടത്. സാല്‍വതോര്‍ ഇതു വിറ്റ് കാശു വാങ്ങി എന്നത് ശരിയാണ്. എന്നാല്‍, ഇല്ലാത്ത ശില്‍പ്പത്തെ കൊണ്ടു നടക്കാന്‍ പറ്റാത്തതിനാല്‍, വാങ്ങിയ ആള്‍ക്ക് കൈയില്‍ കിട്ടിയത്, ശൂന്യത എന്ന ശില്‍പ്പം വിറ്റു എന്ന് വ്യക്തമാക്കി സാല്‍വതോര്‍ ഒപ്പിട്ട രേഖയാണ്. 

ഞെട്ടിയോ? 

എന്നാല്‍, കഥ ഇവിടെ തീര്‍ന്നില്ല. ഇല്ലാത്ത ശില്‍പ്പം വിറ്റ സാല്‍വതോറിന് എതിരെ കേസ് കൊടുത്തിരിക്കുകയാണ് മറ്റൊരാള്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഗെയിന്‍വില്ലെ സ്വദേശി ടോം മില്ലറാണ് ഇല്ലാത്ത ശില്‍പ്പം വിറ്റതിന് എതിരെ കേസ് കൊടുത്തത്.  പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് ആയാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 

 

ടോം മില്ലര്‍

 

ഇല്ലാത്ത ഒന്നിന്റെ കച്ചവടത്തില്‍ രോഷാകുലനായാണ് മില്ലര്‍ കേസ് നല്‍കിയത് എന്നാരെങ്കിലും കരുതിയെങ്കില്‍ തെറ്റി. 

യഥാര്‍ത്ഥത്തില്‍, 'ശൂന്യശില്‍പ്പം' എന്നത് തന്റെ ഐഡിയയാണെന്നും ഇറ്റാലിക്കാരന്‍ സാല്‍വതോര്‍ അത് മോഷ്ടിക്കുകയായിരുന്നു എന്നുമാണ് മില്ലര്‍ പറയുന്നത്. ഇറ്റാലിയിലെ ഒരു അഭിഭാഷകന്‍ വഴിയാണ് താന്‍ കേസ് നല്‍കിയതെന്ന് ടോം മില്ലര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

2016-ല്‍ ഗെയിന്‍വില്ലെയിലെ ബോ ഡിഡ്‌ലെ പ്ലാസയില്‍ താനാണ് ആദ്യം 'ഇല്ലാത്ത ശില്‍പ്പം' സ്ഥാപിച്ചത് എന്നാണ് മില്ലറിന്റെ വാദം. 'ഇല്ലാത്ത ശില്‍പ്പം എന്നത് രൂപമില്ലാത്ത ഒന്നായതിനാല്‍, ഐഡിയയാണ് ഇവിടെ താരം. എന്റെ ഐഡിയ മോഷ്ടിച്ച് ഇറ്റലിക്കാരന്‍ വില്‍ക്കുകയാണ് ചെയ്തത്.''-ടോം മില്ലര്‍ പറയുന്നു. 

Finally, a law suit over something profoundly important! https://t.co/AjOR4wTg5o

— Tom Miller (@millerworks)

ഇല്ലാത്ത ശില്‍പ്പം വിറ്റ് കാശുണ്ടാക്കിയ സാല്‍വതോര്‍ തനിക്ക് പകരമായി കാശ് തരണം എന്നൊന്നുമുള്ള അത്യാഗ്രഹം മില്ലറിനില്ല. സംഗതി, തന്റെ ഐഡിയയാണ് എന്ന് സാല്‍വതോര്‍ സമ്മതിക്കണം. ശില്‍പ്പത്തിന് കടപ്പാട് വെക്കണം. ഇത്രയേ ഉള്ളൂ പുള്ളിക്കാരന്റെ ആവശ്യം. 

ഇനി, മില്ലറിന്റെ ഇല്ലാത്ത ശില്‍പ്പം കാണണം എന്നുണ്ടെങ്കില്‍, ഈ വീഡിയോ കാണാം. 

 

 

രസകരമായ ആവശ്യമായതിനാല്‍ കേസും വാര്‍ത്തയുമൊക്കെ ആയെങ്കിലും സാല്‍വതോര്‍ മിണ്ടാത്തതിനാല്‍, ഇതിന്റെ തുടര്‍ക്കഥ അറിവായിട്ടില്ല. ഇല്ലാത്ത ശില്‍പ്പത്തിന്റെ അവകാശത്തെക്കുറിച്ചുള്ള നിയമനടപടികളിലേക്ക് ഇത് നീണ്ടാല്‍ സംഗതി ബഹുരസമാവാനാണ് സാദ്ധ്യത!

click me!