ഞങ്ങളോട് ടാറ്റൂ മായ്ച്ചു കളയാന്‍ പറയുന്നത് അത് യാത്രക്കാരില്‍ നിന്നും മറച്ചുവയ്ക്കുന്നതിനുവേണ്ടിയിട്ടാണ്. എങ്കില്‍ പിന്നെ വേറെ ഏതെങ്കിലും തരത്തില്‍ അത് മറച്ചുവെച്ചാലും പോരെ? രണ്ടിനും ഒരേ ഫലം തന്നെയല്ലേ എന്നും അവര്‍ ചോദിക്കുന്നു.
ടാറ്റൂവിനോടുള്ള പ്രതികരണം പലതരത്തിലും മാറിമറിഞ്ഞു വരികയാണ് സമൂഹത്തില്‍. പല തൊഴിലിടങ്ങളും ഇന്ന് ടാറ്റൂ ചെയ്തവരെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍, ലോകത്തെല്ലായിടത്തും എല്ലാ മേഖലകളിലും അതാണ് സ്ഥിതി എന്ന് കരുതുക സാധ്യമല്ല. ചൈനയിലെ ഒരു നഗരം ഇപ്പോഴിതാ ടാക്സി ഡ്രൈവര്‍മാര്‍ ടാറ്റൂ ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വേണ്ടി എന്നതാണ് കാരണം പറഞ്ഞിരിക്കുന്നത്. ടാറ്റൂ ചെയ്തിരിക്കുന്നവരോട് എത്രയും പെട്ടെന്ന് അത് മായിച്ചുകളയാനും അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗസ്ത് മാസത്തില്‍ വടക്കുപടിഞ്ഞാറന്‍ ചൈനീസ് നഗരമായ ലാന്‍സൗവിലാണ് അധികാരികള്‍ ഇങ്ങനെയൊരു ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. ടാറ്റൂ ധരിച്ചിരിക്കുന്ന ഡ്രൈവര്‍മാരുടെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് ഭയവും അസ്വസ്ഥതയും അനുഭവപ്പെടുന്നു എന്ന് കാണിച്ചാണ് ഇങ്ങനെയൊരു തീരുമാനം അവിടെ അധികൃതര്‍ എടുത്തതത്രെ. ഡ്രൈവര്‍മാരുടെ ശരീരത്തിലെ വലിയ ടാറ്റൂ സ്ത്രീകളിലും കുട്ടികളിലും അസ്വസ്ഥത ഉളവാക്കുന്നു. 'ടാറ്റൂ ചെയ്തിരിക്കുന്ന ഡ്രൈവര്‍മാര്‍ ശസ്ത്രക്രിയാരീതികളവലംബിച്ചായാലും സാധ്യമാകുന്നത്രയും വേഗത്തില്‍ അത് മായ്ച്ചുകളയണം' എന്നാണ് ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നത്.
undefined
ഇത് വലിയതോതിലുള്ള സാമൂഹിക ചർച്ചകൾക്ക് കാരണമാവുകയും കിഴക്കൻ ഏഷ്യയിലെ ടാറ്റൂകളെക്കുറിച്ചുള്ള ചർച്ചയെ വീണ്ടും ജീവന്‍ വയ്പ്പിക്കുകയും ചെയ്തിരിക്കുകയാണ്. പതിറ്റാണ്ടുകളായി അവിടങ്ങളില്‍ ചിലയിടങ്ങളിലെല്ലാം വിശ്വസിച്ചുപോരുന്നത് ഇങ്ങനെ ടാറ്റൂ ചെയ്തിരിക്കുന്ന ആളുകള്‍ ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ സംഘങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടവരാണ് എന്നാണ്. എന്തിരുന്നാലും പലരും ഈ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ചൈനീസ് ടാറ്റൂ ആര്‍ട്ടിസ്റ്റുമാരിലൊരാളായ സ്വാന്‍ ഷാന്‍ പറയുന്നത് ഇങ്ങനെയാണ്, ''സങ്കുചിതമായ ഈ കാഴ്ചപ്പാട് ചൈനയെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നയിക്കുന്നതാണ്. ടാറ്റൂ ഇന്ന് വളരെ സാധാരണമാണ്. ടാറ്റൂ ചെയ്ത ആളുകളെ തടയുന്നതിന് പകരം സര്‍ക്കാര്‍ ശ്രമിക്കേണ്ടത് അഴിമതിയും വര്‍ഗീയതയും ഇല്ലാതാക്കാനാണ്.''
ടാറ്റൂ ചെയ്തിരിക്കുന്ന ഡ്രൈവര്‍മാരും പുതിയ ഉത്തരവിനെതിരെ പ്രതികരിച്ചു. ''എനിക്കറിയാം ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കാണിക്കാനാണ് ആഗ്രഹിക്കുന്നതെന്ന്. പക്ഷേ, സര്‍ക്കാരിന്‍റെ ഈ ഓര്‍ഡര്‍ തികച്ചും വിവേചനപരമാണ്. ഞങ്ങളുടെ ടാറ്റൂ തെറ്റായ നടപടിയുമായോ ക്രിമിനലുകളുമായോ ബന്ധപ്പെട്ടതല്ല.'' ലാന്‍സൗവിലെ ഒരു ടാക്സി ഡ്രൈവര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഒപ്പംതന്നെ ഈ ടാറ്റൂ റിമൂവ് ചെയ്യുന്നതിന് പണച്ചെലവേറെയുണ്ടെന്നത് മാത്രമല്ല അത് വേദനിപ്പിക്കുന്നത് കൂടിയാണെന്നും ഡ്രൈവര്‍മാര്‍ പ്രതികരിക്കുന്നു. ഞങ്ങളോട് ടാറ്റൂ മായ്ച്ചു കളയാന്‍ പറയുന്നത് അത് യാത്രക്കാരില്‍ നിന്നും മറച്ചുവയ്ക്കുന്നതിനുവേണ്ടിയിട്ടാണ്. എങ്കില്‍ പിന്നെ വേറെ ഏതെങ്കിലും തരത്തില്‍ അത് മറച്ചുവെച്ചാലും പോരെ? രണ്ടിനും ഒരേ ഫലം തന്നെയല്ലേ എന്നും അവര്‍ ചോദിക്കുന്നു.
ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ സംഭവം വലിയ ചര്‍ച്ചയായി. സാമൂഹികമാധ്യമമായ വെയ്ബോയില്‍ പലരും ടാക്സി ഡ്രൈവര്‍മാരോട് സഹതാപം പ്രകടിപ്പിച്ചു. 'ഇന്നത്തെ കാലത്തും ആളുകള്‍ ടാറ്റൂ ചെയ്തവരെ വേര്‍തിരിച്ചു കാണുന്നുണ്ടോ' എന്നാണ് ഒരാള്‍ കുറിച്ചത്. വേറൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്, ടാറ്റൂ ചെയ്ത ഡ്രൈവറെ കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നവര്‍ക്ക് ആ വാഹനത്തില്‍ പോകേണ്ടതില്ല എന്ന് തീരുമാനിച്ചുകൂടെ. പകരം മറ്റൊരു ഡ്രൈവറോടിക്കുന്ന വാഹനം തെരഞ്ഞെടുക്കാമല്ലോ എന്നാണ്. ഏതായാലും അധികൃതരുടെ നടപടി വലിയ ചര്‍ച്ചയായിരിക്കുകയാണ്.
(ചിത്രങ്ങള്‍ പ്രതീകാത്മകം)