വാഡിയാറും സ്ട്രോസും അക്രമത്തിന്‍റെയും നാശത്തിന്‍റെയും യുദ്ധത്തിന്‍റെയും സമാനമായ പശ്ചാത്തലം പങ്കിട്ടവരാണ്.
വർഷം 1948... ലോക മഹായുദ്ധത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷം യൂറോപ്പ് സാധാരണ നിലയിലേക്ക് മടങ്ങി വരുന്ന സമയം. യുദ്ധത്തിന്‍റെ അവസാന വർഷത്തിൽ സ്വന്തം നാട്ടിൽ നിന്ന് രക്ഷപ്പെടാൻ റിച്ചാർഡ് സ്ട്രോസ് എന്ന പ്രശസ്‍ത ജർമൻ സംഗീത സംവിധായകന് കഴിഞ്ഞു. അദ്ദേഹം സ്വിറ്റ്സർലൻഡിൽ സ്ഥിരതാമസമാക്കി. രോഗബാധിതനായ ആ 84 -കാരൻ ലോകത്തോട് വിടപറയും മുമ്പ് അവസാനമായി നാല് ഗാനങ്ങൾ രചിച്ചു. Frühling (Spring), September, Beim Schlafengehen (When Falling Asleep) and the haunting Im Abendrot (At Sunset) എന്നിവയാണ് ആ ഗാനങ്ങള്‍. പക്ഷേ, അത് അവതരിപ്പിക്കുന്നത് കേൾക്കാൻ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചില്ല. 1949 -ൽ നോർവീജിയൻ ഗായിക കിർസ്റ്റൺ ഫ്ലാഗ്സ്റ്റാഡ് തന്‍റെ ഗാനങ്ങൾ ആലപിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആഗ്രഹം പൂർത്തീകരിക്കാതെ തന്നെ അദ്ദേഹം വിടപറഞ്ഞു. അദ്ദേഹം മരണപ്പെട്ടുവെങ്കിലും പക്ഷേ അവസാനത്തെ ആ നാല് ഗാനങ്ങളും അതിജീവിക്കുക തന്നെ ചെയ്‍തു. സ്ട്രോസിന്‍റെ ആഗ്രഹം പോലെത്തന്നെ ആ ഗാനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇവിടെ അതിശയിപ്പിക്കുന്ന കാര്യം, സ്ട്രോസെന്ന ജര്‍മ്മന്‍ സംഗീത സംവിധായകന്‍റെ അന്തിമാഭിലാഷം നിറവേറ്റിയത് ഒരു അപരിചിതൻ ആയിരുന്നുവെന്നതാണ്. അതിനേക്കാള്‍, ആ അപരിചിതൻ മൈസൂരിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന ജയചാമരാജേന്ദ്ര വാഡിയാർ ആയിരുന്നുവെന്നതുമാണ്.
അക്കാലത്ത് ഇന്ത്യയിലും ലോകമഹായുദ്ധത്തിന്‍റെ സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. സ്വാതന്ത്രസമരങ്ങൾ നടന്നിരുന്ന ഇന്ത്യയിൽ രക്തച്ചൊരിച്ചിലും നാശങ്ങളും ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. 1947 -ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ത്യയുടെ ആധിപത്യത്തിലേക്ക് പ്രവേശിച്ച ആദ്യത്തെ നാട്ടുരാജ്യങ്ങളിലൊന്നാണ് മൈസൂർ. അതിന്‍റെ അവസാന ഭരണാധികാരി ജയചാമരാജേന്ദ്ര വാഡിയാർ ആയിരുന്നു. വാഡിയാറും സ്ട്രോസും അക്രമത്തിന്‍റെയും നാശത്തിന്‍റെയും യുദ്ധത്തിന്‍റെയും സമാനമായ പശ്ചാത്തലം പങ്കിട്ടവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യവും, നിഷ്‍പക്ഷ സ്വിറ്റ്സർലൻഡും രണ്ടുപേരെയും അതിൽനിന്നും പുറത്തുകൊണ്ട് വന്നു. അവരുടെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലങ്ങൾക്കപ്പുറം, സംഗീതത്തോടുള്ള അവരുടെ അഭിനിവേശമാണ് അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി ഒന്നിപ്പിച്ചത്. അങ്ങനെ അതേ വാഡിയാര്‍ തന്നെ സ്ട്രോസിന്‍റെ ആ ഗാനങ്ങളെ സ്‍പോണ്‍സര്‍ ചെയ്‍തു.
undefined
ജയചാമരാജേന്ദ്ര വാഡിയാർ
1940 ൽ തന്‍റെ 21-ാം വയസ്സിൽ വാഡിയാർ രാജാവായി അധികാരമേറ്റു. അദ്ദേഹം അസാധാരണമായ കഴിവുള്ള സംഗീതജ്ഞൻ മാത്രമല്ല, യൂറോപ്യൻ ശാസ്ത്രീയ സംഗീതത്തിന്‍റെ ആരാധകനുമായിരുന്നു. രാജ്യഭരണകാലത്തും അദ്ദേഹത്തിന്‍റെ അഭിനിവേശം സംഗീതത്തോടായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരി വിജയാദേവി സഹോദരനെ കുറിച്ച് ഓര്‍മ്മിച്ചത് ഇങ്ങനെയാണ്, “എന്‍റെ സഹോദരൻ രാജാവായിരുന്നില്ലെങ്കിൽ, പിയാനോ വായനക്കായി തന്‍റെ ജീവിതം ഉഴിഞ്ഞു വെക്കുമായിരുന്നു.” സംഗീതത്തോടുള്ള ഈ അഭിനിവേശമാണ് 1950 മെയ് 22 -ന് സ്ട്രോസിന്‍റെ നാല് അവസാന ഗാനങ്ങളുടെ പ്രീമിയർ സ്പോൺസർ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏകദേശം 5000 ഡോളറാണ് വാഡിയാര്‍ അതിനായി വാഗ്ദാനം ചെയ്തത്. പിന്നീട് ഇവ അദ്ദേഹത്തിന്‍റെ വ്യക്തിഗത ശേഖരത്തിൽ ചേർത്തു.
സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ആ യുവ രാജകുമാരൻ ചെറുപ്പം മുതലേ പിയാനോ പഠിച്ചിരുന്നു. മൈസൂരിലെ ഗുഡ് ഷെപ്പേർഡ് കോൺവെന്‍റിൽ നിന്നുള്ള സിസ്റ്റർ ഇഗ്നേഷ്യസ് ആയിരുന്നു പിയാനോ പഠിപ്പിക്കാൻ എത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ കഴിവുകൾ ആദ്യഘട്ടത്തിൽ തന്നെ പ്രകടമായിരുന്നു. അദ്ദേഹത്തിന് പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്‍റെ ഒരു വലിയ റെക്കോർഡ് ശേഖരം അദ്ദേഹം സ്വന്തമാക്കി, ഇതും അതിലുള്ള അദ്ദേഹത്തിന്‍റെ കഴിവുകളെ വികസിപ്പിക്കാൻ സഹായിച്ചു.
ദേവി, സഹോദരൻറെ പാത പിന്തുടർന്ന് ഒരു പ്രഗത്ഭനായ പിയാനിസ്റ്റായി മാറി. അദ്ദേഹം പഠിച്ച ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് ദേവിയും യോഗ്യത നേടി. പിന്നീട് പ്രശസ്ത സംഗീതജ്ഞനും ന്യൂയോർക്കിലെ ജൂവിലിയാർഡ് സ്കൂൾ ഓഫ് മ്യൂസിക്കിലെ പ്രൊഫസറുമായ എഡ്വേർഡ് സ്റ്റുവർമാന്റെ കീഴിൽ പിയാനോ പഠനം തുടർന്നു. 1974 -ൽ സഹോദരന്‍റെ നിർദ്ദേശപ്രകാരം ബെംഗളൂരുവിൽ ഇന്റർനാഷണൽ മ്യൂസിക് ആന്‍ഡ് ആർട്സ് സൊസൈറ്റി സ്ഥാപിച്ചു. ജാസ് ആരാധകനായിരുന്ന അച്ഛന്‍റെ മകനായ യുവ മഹാരാജാവ് ഗിൽഡ്‌ഹാൾ സ്‌കൂൾ ഓഫ് മ്യൂസിക് ആന്‍ഡ് ഡ്രാമയിൽ നിന്ന് പിയാനോ പെർഫോമൻസിൽ ലൈസൻസിയേറ്റ് നേടി. 1945 -ൽ ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് ഓണററി ഫെലോഷിപ്പും ലഭിച്ചു. റിച്ചാർഡ് സ്ട്രോസ് മാത്രമല്ല വാഡിയരുടെ വികാരാധീനമായ പിന്തുണ നേടിയത്.
കിരീടധാരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം യൂറോപ്പിൽ ഒരു യാത്രപോയി. ആ പര്യടനത്തിനിടയിലാണ് റഷ്യൻ സംഗീതസംവിധായകൻ നിക്കോളായ് മെഡ്‌നറുടെ (1880-1951) രചനകൾ കേൾക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത്. അദ്ദേഹം മെഡ്‌നറുടെ രചനകൾ റെക്കോർഡു ചെയ്യുന്നതിനാവശ്യമായ ധനസഹായം നൽകി. ഇരുവരും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, മെഡ്‌നറുടെ ജീവിതത്തിൽ അതൊരു വലിയ സംഭവമായിത്തീർന്നു. 1949 -ൽ മെഡ്‌നർ സൊസൈറ്റി സ്ഥാപിക്കുന്നതിൽ വാഡിയാർ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്‍റെ മഹത്തായ സംഭാവനകളെത്തുടർന്ന് നിക്കോളായ് തന്‍റെ മൂന്നാമത്തെ പിയാനോ സംഗീതക്കച്ചേരി ഈ മൈസൂരിലെ മഹാരാജാവിനായി സമർപ്പിച്ചുകൊണ്ട് നന്ദി അറിയിക്കുകയും ചെയ്‍തിരുന്നു.
സംഗീതം ദേശകാല അതിരുകളെ ഭേദിച്ചു മനുഷ്യമനസുകളെ ബന്ധിക്കുന്നു. വാഡിയാർ തന്‍റെ സംഗീതത്തോടുള്ള അതിരില്ലാത്ത സ്നേഹം വരും തലമുറകളിലേക്കും പകർന്നു കൊടുത്തു. മൈസൂർ രാജകുടുംബത്തിന്‍റെ സംഗീത പശ്ചാത്തലത്തിലേക്കുള്ള വേരോട്ടം അവിടെ നിന്നാണ് ആരംഭിച്ചത്.