ലോകം മൊത്തം കളിയാക്കിയപ്പോഴും അവൾ തന്റെ മകനെ ചേർത്തുപിടിച്ച് കൂടെനിന്നു, ഒരമ്മയുടെയും മകന്റെയും ജീവിതം!

By Web Team  |  First Published Jan 24, 2021, 11:18 AM IST

അടുത്ത ആറ് വര്‍ഷങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. അവന്‍ മിക്കപ്പോഴും മുറിക്കകത്ത് തന്നെയിരുന്നു. ആളുകളോട് ഇടപഴകുന്നത് കുറഞ്ഞു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം നൃത്തം ചെയ്തു. 


തന്‍റെ പിഞ്ചുകുഞ്ഞിനെ കയ്യിലെടുത്ത് 1990 -ല്‍ ഒഡീഷയിലെ കട്ടക് ആശുപത്രിയില്‍ വച്ച് മഞ്ജുലത ഒരു പ്രതിജ്ഞയെടുത്തു. തന്‍റെ മകന് എപ്പോഴും സ്നേഹവും കരുതലുമുള്ള ഒരു അമ്മയും സുഹൃത്തുമായിരിക്കും താന്‍. എന്തുതന്നെ വന്നാലും എല്ലാത്തില്‍ നിന്നും തന്‍റെ മകനെ താന്‍ തന്നെ സംരക്ഷിക്കും. മകന് നൃത്തത്തോട് അഭിനിവേശമുണ്ടായപ്പോള്‍ മഞ്ജുലത തന്‍റെ വാക്ക് പാലിച്ചു. സമൂഹത്തിന് അത്ര പരിചിതമല്ലാത്ത ഇഷ്ടത്തിലേക്ക് മകനെ കൈപിടിച്ചു നടത്താന്‍ ആ അമ്മയും കൂടെനിന്നു. സ്ത്രീകള്‍ മാത്രം അഭ്യസിക്കുന്നത് എന്ന് കരുതിയിരുന്ന ഒഡീസിയോട് മകന് ഇഷ്ടം തോന്നിയപ്പോള്‍ അതിനെ എതിര്‍ക്കുന്നതിന് പകരം പിന്തുണ നല്‍കുകയാണ് അവര്‍ ചെയ്തത്. 

പക്ഷേ, അതൊന്നും അത്ര എളുപ്പമായിരുന്നില്ല. മഞ്ജുലതയുടെ മകന്‍ പ്രേം സഹൂവിന് ഇഷ്ടം നൃത്തത്തോടായിരുന്നു. നൃത്തം സ്ത്രീയുടേതാണ് എന്നാണല്ലോ വയ്പ്. ഒഡീസി അഭ്യസിക്കുന്ന പുരുഷന്മാര്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്ന് കരുതുന്നവരായിരുന്നു പ്രേമിന് ചുറ്റുമുണ്ടായിരുന്നവരും. അങ്ങനെ സമൂഹത്തിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തനിക്ക് പ്രിയപ്പെട്ട നൃത്തപരിശീലനം അവസാനിപ്പിക്കേണ്ടി വന്നു പ്രേമിന്. പക്ഷേ, തന്‍റെ മകന്‍ തോറ്റുപോകാന്‍ മഞ്ജുലത സമ്മതിച്ചില്ല. മകനെ തിരികെ നൃത്തത്തിലേക്ക് തന്നെ കൊണ്ടുവന്നു. 

Latest Videos

undefined

ഇന്ന് പ്രേം ഒരു അറിയപ്പെടുന്ന ഒഡീസി നര്‍ത്തകനാണ്. അവന്‍റെ ചലനങ്ങളും ഭാവങ്ങളുമെല്ലാം കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. അങ്ങനെ അറിയപ്പെടുന്ന ഒരു നര്‍ത്തകനായി പ്രേം മാറിയിട്ടുണ്ടെങ്കില്‍ അതിനൊരു കാരണമേയുള്ളൂ. അവന്‍റെ അമ്മ മഞ്ജുലത നൂറ്റാണ്ട് പഴക്കമുള്ള പുരുഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും മകനൊപ്പം നില്‍ക്കാനും തീരുമാനിച്ചു. 'എന്‍റെ മകന് വേണ്ടി അസാധാരണമായതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഓരോ അമ്മയ്ക്കും വലുത് അവളുടെ കുഞ്ഞിന്‍റെ സന്തോഷമാണ്. അത്രയേ ഞാനും ചെയ്തുള്ളൂ.' മഞ്ജുലത പറയുന്നു. 

“നൃത്തത്തെ സംബന്ധിച്ചിടത്തോളം, ആരുടെയെങ്കിലും കഴിവുകളല്ലാതെ ലിംഗഭേദം നോക്കുന്നത് എന്തിനാണ്? നമ്മുടെ മഹത്വവും ആചാരങ്ങളും സംരക്ഷിക്കുന്നതിനെ കുറിച്ചാണെങ്കിൽ, ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ഗോതിപുവാസ് (സ്ത്രീ വസ്ത്രധാരണം ചെയ്ത ആൺകുട്ടികൾ) ഈ പവിത്രമായ നൃത്തം പൊതുജനങ്ങൾക്കിടയിലേക്ക് കൊണ്ടുവന്നത് ശ്രദ്ധിക്കേണ്ടതാണ്. കേളുചരൻ മോഹൻപാത്ര, ദേബ് പ്രസാദ് ദാസ് തുടങ്ങിയ ഗുരുക്കന്മാരാണ് ഒഡീസിയുടെ സംരക്ഷകർ. അതിനാൽ നമ്മുടെ സംസ്കാരത്തിന്റെ സംരക്ഷകർ എന്ന് വിളിക്കപ്പെടുന്നവർ ഏതെങ്കിലും ലിംഗത്തെ അടിസ്ഥാനമാക്കിയുള്ള ആശങ്കകൾ ഉന്നയിക്കുമ്പോൾ ഇത് പരിഹാസ്യമാണ് ” അവർ കൂട്ടിച്ചേർക്കുന്നു.

എന്നാല്‍, പ്രേമിനെ സംബന്ധിച്ചും ഒന്നും എളുപ്പമായിരുന്നില്ല. ഒരു യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നല്ലോ അവന്‍റെ ജനനവും ജീവിതവും. ബന്ധുക്കളടക്കം എല്ലാവരും അവനെ കളിയാക്കുകയും അപഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. ശരിക്കും അദൃശ്യമായ തടവറയില്‍ തന്നെയായിരുന്നു പ്രേമിന്‍റെ ജീവിതം. ഒടുവില്‍ സഹിക്കവയ്യാതെ ഒരിക്കലവന്‍ ആത്മഹത്യയ്ക്കും ശ്രമിച്ചു. എങ്കിലും എല്ലാ തടവറകളെയും ഭേദിച്ച് പുറത്തുവരാന്‍ ആറുവര്‍ഷത്തിനുശേഷം അവന് കഴിഞ്ഞു. ആണ്‍കുട്ടികള്‍ ഇന്നതും പെണ്‍കുട്ടികള്‍ ഇന്നതുമൊക്കെ മാത്രമേ ചെയ്യാവൂ എന്ന് കരുതിവച്ചിരിക്കുന്നൊരു സമൂഹത്തില്‍ അതിനെ തകര്‍ത്ത് എങ്ങനെ മുന്നോട്ടുവരാമെന്നതിന് ഉത്തമോദാഹരണമാണ് ഈ അമ്മയും മകനും. 

സ്കൂളില്‍ പഠിക്കുമ്പോള്‍ നൃത്തത്തിനായി വേദിയിലെത്തിയ പ്രേമിനെതിരെ സഹപാഠികള്‍ പല അപഹാസ്യവും ചൊരിഞ്ഞു. പല പേരുകളും വിളിച്ച് കളിയാക്കി. മാനസികമായി മുറിവേല്‍പ്പിക്കുന്നത് പോരാഞ്ഞ് അവനെയവര്‍ ശാരീരികമായും ഉപദ്രവിച്ചു. അധ്യാപകരും മോശമായിരുന്നില്ല. പലപ്പോഴും സ്കൂള്‍ പരിപാടികള്‍ക്കായി നൃത്തമഭ്യസിച്ചിരുന്ന അവനെ അധ്യാപകരും ക്ലാസില്‍ കളിയാക്കി. പല പേരുകളും വിളിച്ചു. ഇത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും അവനെ കളിയാക്കുന്നതിനുള്ള ലൈസന്‍സായി മാറി. 

എന്നാല്‍, വീട്ടില്‍ അമ്മ മഞ്ജുലത അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. നൃത്തത്തോടുള്ള അവന്‍റെ ഇഷ്ടം കണ്ടപ്പോള്‍ അമ്മ തന്നെയാണ് അവനെ പതിമൂന്നാമത്തെ വയസില്‍ കഥക് ക്ലാസിന് ചേര്‍ക്കുന്നത്. നര്‍ത്തകനായ പണ്ഡിറ്റ് ബിര്‍ജു മഹാരാജിനെപ്പോലെയുള്ളവരെ കുറിച്ച് അവള്‍ മകന് പറഞ്ഞുകൊടുക്കുകയും ചെയ്തു. മറ്റ് പെണ്‍കുട്ടികള്‍ കളിയാക്കിയിട്ടും ചുറ്റുമുള്ളവര്‍ അവഹേളനം തുടര്‍ന്നിട്ടും പ്രേം തളര്‍ന്നില്ല. പകരം അവന്‍ ഡാന്‍സ് ക്ലാസ് ഇഷ്ടപ്പെട്ടു. അവനെ സംബന്ധിച്ച് നൃത്തം സമാധാനത്തിന്‍റെ പര്യായമായിത്തീര്‍ന്നു. 

'ഒരിക്കല്‍ ഒരു സെമി-ക്ലാസിക്കല്‍ നൃത്തം കഴിഞ്ഞ് ഞാന്‍ ഗ്രീന്‍ റൂമില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു മുതിര്‍ന്നയാള്‍ അടുത്തെത്തി. അയാളെന്നെ തൊടാനും ഉപദ്രവിക്കാനും തുടങ്ങി. ഒരുനിമിഷത്തേക്ക് ഞാന്‍ മരവിച്ചുനിന്നുപോയി. അയാളെ തള്ളിമാറ്റി ഞാന്‍ ഓടി. ആളൊഴിഞ്ഞ ഒരു മൂലയിലെത്തി ഞാന്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. ആ സംഭവം എന്നെ വല്ലാതെ വേട്ടയാടി. ഈ ജീവിതവും അതിലെ വേദനകളുമെല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.' പ്രേം പറയുന്നു. അമ്മയെയും അച്ഛനെയും വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആ പതിനാലുകാരന്‍‌ ആരോടും ഈ വിഷമങ്ങളും വേദനകളുമൊന്നും പറഞ്ഞില്ല. ഒരുദിവസം അവന്‍ അവന്‍റെ വാതിലടച്ചു. ഒരു തൂവാലയെടുത്ത് കഴുത്തിലിട്ട് മുറുക്കി വലിച്ചു. എന്നാല്‍, തന്‍റെ അമ്മയ്ക്കും അച്ഛനും ഏകമകന്‍ താനാണല്ലോ എന്ന ചിന്ത അവനെ പിന്തിരിപ്പിച്ചു. ആത്മഹത്യയ്ക്ക് പകരം ആത്മഹത്യാപരമായ ഒരു തീരുമാനം അവനെടുത്തു, നൃത്തം അവസാനിപ്പിക്കാം.

അടുത്ത ആറ് വര്‍ഷങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. അവന്‍ മിക്കപ്പോഴും മുറിക്കകത്ത് തന്നെയിരുന്നു. ആളുകളോട് ഇടപഴകുന്നത് കുറഞ്ഞു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം നൃത്തം ചെയ്തു. എന്നാല്‍, ആ വേദനകള്‍ ഒരു അമ്മയെന്ന നിലയില്‍ മഞ്ജുലതയ്ക്ക് മനസിലാവുമായിരുന്നു. അവനെ ഇങ്ങനെ കാണാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ചുറ്റുമുള്ളവരെന്തും പറഞ്ഞോട്ടെ നമ്മുടെ ജീവിതം അവരുടെ ഇഷ്ടപ്രകാരമല്ല ജീവിക്കേണ്ടത്. അവരെയെല്ലാം അവഗണിച്ചുകൊണ്ട് നമ്മുടെ ഇഷ്ടത്തിന് നാം ജീവിക്കണമെന്ന് അവള്‍ മകനോട് പറഞ്ഞു, അവന് ധൈര്യമേകി. 

ഇരുപത്തിയൊന്നാമത്തെ വയസില്‍ പ്രേം ഒഡീസി ക്ലാസില്‍ ചേര്‍ന്നു. ദില്ലി സാഹിത്യ കലാ പരിഷത്തില്‍ രണ്ട് വര്‍ഷത്തെ സ്കോളര്‍ഷിപ്പും നേടിയെടുത്തു. ഒഡീസി അവന്‍റെ ജീവിതം തന്നെ മാറ്റി. അതിന്‍റെ മായികലോകത്ത് അവന്‍ അവനെ തന്നെ സമര്‍പ്പിച്ചു. അതിന്‍റെ മാന്ത്രികതയില്‍ അവന്‍ ലയിച്ചു ചേര്‍ന്നു. രാഗവും താളവും ലാസ്യവും അഭിനയവും എല്ലാം ചേര്‍ന്ന് അവന്‍റെ വികാരങ്ങളെയും വിചാരങ്ങളെയും പരുവപ്പെടുത്തിയെടുത്തു. കഠിനാധ്വാനവും സമര്‍പ്പണവും അവനെ തുണച്ചു. വളരെ വേഗം തന്നെ അവന്‍ സ്റ്റേജ് ഷോകള്‍ ചെയ്തു തുടങ്ങി. ഗാന്ധർവ മഹാവിദ്യാലയത്തിൽ പത്മശ്രീ മാധവി മുദ്ഗാലിന്റെ കീഴില്‍ പരിശീലനം നേടി. എങ്കിലും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ഈ വിജയങ്ങള്‍ക്കുശേഷവും ചില പരിഹാസശബ്ദങ്ങളൊക്കെ ചുറ്റിനും കേള്‍ക്കുന്നുണ്ട്. പക്ഷേ, അവന്‍ അതൊന്നും കേള്‍ക്കുന്നില്ല. പകരം നല്ലത് മാത്രം എടുക്കാനും അല്ലാത്തതിനെ തള്ളിക്കളയാനും അവന്‍ പഠിച്ചു കഴിഞ്ഞു. 

ഒഡീഷ സൊസൈറ്റി യുണൈറ്റഡ് കിംഗ്ഡം ഫെസ്റ്റിവല്‍ ഇന്‍ ലണ്ടനില്‍ തന്‍റെ പ്രകടനം കണ്ട വയസായ ഒരു സ്ത്രീ കരഞ്ഞതിനെ കുറിച്ച് പ്രേം ഓര്‍ക്കുന്നു. 'താന്‍ ഭജന്‍ അവതരിപ്പിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്തൊരു ദിവ്യവികാരം അവരനുഭവിച്ചുവെന്ന് അവര്‍ പറഞ്ഞു. അതെന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നു' -പ്രേം പറയുന്നു. ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ എല്ലാത്തിനും പ്രേം ആദ്യം നന്ദി പറയുന്നത് തന്‍റെ അമ്മയ്ക്കാണ്. 'എനിക്കറിയാവുന്നതില്‍ ഏറ്റവും ധീരയും ദയയുമുള്ള സ്ത്രീ എന്‍റെ അമ്മയാണ്' -പ്രേം പറയുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ബെറ്റർ ഇന്ത്യ, ചിത്രങ്ങൾ: ഫേസ്ബുക്ക്/പ്രേം സഹൂ)

click me!