അരുണ തന്‍റെ വീടിന്‍റെ മേക്കോവര്‍ സുഹൃത്തുക്കളോടും പരിചയക്കാരോടും പങ്കുവച്ചതോടെ ആളുകള്‍ എളങ്കോവനെ അഭിനന്ദിച്ചു തുടങ്ങി. ചിലരൊക്കെ അദ്ദേഹത്തിന്‍റെ വരയും ആവശ്യപ്പെട്ടു.
തെക്കേ ഇന്ത്യയില്‍ പലയിടങ്ങളിലും സ്ത്രീകള്‍ രാവിലെ വീടിന് മുറ്റത്ത് കോലം വരയ്ക്കുന്ന പതിവ് കാണാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് സാധാരണ കോലം വരയ്ക്കാറുള്ളത്. ഇത് പിന്നെ ഉറുമ്പുകള്‍ക്കും പക്ഷികള്‍ക്കും ആഹാരമാവുകയാണ് ചെയ്യുന്നത്. സാധാരണ നല്ല ആരോഗ്യത്തിനും സമ്പത്തിനും തിന്മയ്ക്ക് എതിരായിട്ടും ആണ് കോലം വരയ്ക്കുന്നത് എന്നാണ് പറയാറ്. ഏതായാലും ഇപ്പോള്‍ അധികം വീടുകളിലൊന്നും കോലം വരച്ച് കാണാറില്ല. ആ സമയത്താണ് മധുരയിലുള്ള ഒരു കുടുംബം തങ്ങളുടെ വീടിന്‍റെ ചുറ്റുമതിൽ കോലവും രംഗോളിയും വരച്ച് അലങ്കരിച്ചിരിക്കുന്നത്. അതിനായി ഈ സമയത്ത് ജോലിയൊന്നും ഇല്ലാതെ കഷ്‍ടപ്പെടുകയായിരുന്ന ഒരു കലാകാരനെയും ഏല്‍പ്പിച്ചു. അതോടെ, ആ കലാകാരനെ തേടി നിരവധി അന്വേഷണവും അഭിനന്ദനവും എത്തി.
“ലോക്ക്ഡൗൺ സമയത്ത്, ഒരു സ്ത്രീ ചാണകം ഉപയോഗിച്ച് അവളുടെ വീടിന് പെയിന്റ് ചെയ്യുന്നതും ടെറാക്കോട്ടയും വെള്ളനിറത്തിലുള്ള പെയിന്റും ഉപയോഗിച്ച് വാർലി ഡിസൈനുകൾ വരയ്ക്കുന്നതുമായ വീഡിയോ ഞാൻ കണ്ടു. ഇതുപോലെ വീടിന്റെ മതിലുകളിൽ മധുരയിലെ കോലം ചെയ്‍തുകൂടെ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാൽ, അങ്ങനെ എവിടെയും ചെയ്‍തതായി അന്വേഷിച്ചപ്പോൾ കണ്ടില്ല” അരുണ വിശ്വേശര്‍ പറയുന്നു.
undefined
അങ്ങനെയാണ് വരയ്ക്കുന്ന എളങ്കോവന്‍ എന്ന കലാകാരനെ കണ്ടെത്തുന്നത്. ആറ് മാസത്തോളമായി അദ്ദേഹത്തിന് ജോലി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആദ്യം അരുണ നടത്തുന്ന സ്‍കൂളില്‍ എന്തെങ്കിലും ജോലിയുണ്ടോ എന്നാണ് എളങ്കോവന്‍ അന്വേഷിച്ചത്. അദ്ദേഹത്തോട് അരുണ അദ്ദേഹം ചെയ്‍തിരുന്ന വര്‍ക്കുകള്‍ കാണിക്കാന്‍ പറഞ്ഞു. അതുകണ്ട് ഇഷ്‍ടപ്പെട്ട അരുണ തന്‍റെ വീടിന്‍റെ ചുമരുകളില്‍ കോലം വരയ്ക്കാന്‍ അദ്ദേഹത്തെ ഏല്‍പിച്ചു. ആദ്യം ഒരു പരീക്ഷണമെന്നോണം അരുണ പ്രിന്‍റെടുത്ത ഒരു കോലം വരയ്ക്കാനാണ് ആവശ്യപ്പെട്ടത്. വളരെ വേഗത്തില്‍ അതിമനോഹരമായി വൃത്തിയായി അത് ചെയ്‍തിരിക്കുന്നത് കണ്ട അരുണ സംതൃപ്‍തയായി. അങ്ങനെ തന്‍റെ വീടിന്‍റെ മതിലിലും അത്തരം ചിത്രങ്ങള്‍ വരയ്ക്കാമോ എന്ന് അരുണ അപേക്ഷിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ 55 വരകള്‍ ആ കലാകാരന്‍ പൂര്‍ത്തിയാക്കി.
മധുരയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൊന്നിലാണ് എളങ്കോവന്‍റെ വീട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ അമ്പത്തിനാലുകാരന്‍ വീടുകള്‍, ബില്‍ബോര്‍ഡുകള്‍, അമ്പലമതിലുകള്‍, സൈന്‍ബോര്‍ഡുകള്‍ എന്നിവയെല്ലാം വരയ്ക്കുന്നുണ്ട്. അതുപോലെ തന്നെ ലാന്‍ഡ്‍സ്‍കേപ്പുകളും പ്രശസ്‍തരായ ആളുകളെയും എല്ലാം അദ്ദേഹം മനോഹരമായി വരയ്ക്കുന്നുണ്ടായിരുന്നു.
എളങ്കോവന്‍റെ അച്ഛനും ഗ്രാമത്തിലെ പ്രശസ്‍തനായ ചിത്രകാരനായിരുന്നു. ദൈവങ്ങളുടെയും ദേവതകളുടെയും മ്യൂറലുകള്‍ മധുരയില്‍ അങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളില്‍ അദ്ദേഹം വരച്ചിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ എളങ്കോവനും വരച്ച് പഠിച്ചു തുടങ്ങി. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവസാനം വരെ കോലം വരച്ചിരുന്നില്ല. ഭാര്യ വരയ്ക്കുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് ജീവിക്കാനുള്ള വക കണ്ടെത്താനാവാതെയായി.
ഓഗസ്റ്റില്‍ അരുണയും ഭര്‍ത്താവ് വിശേഷും അവരുടെ മതിലുകളില്‍ വരയ്ക്കാനുള്ള കോലത്തിന്‍റെ പെന്‍സില്‍ സ്കെച്ചുകള്‍ കാണിക്കുന്നു. ഒരു ദിവസം കൊണ്ട് എളങ്കോവൻ ഔട്ട്‍ലൈന്‍ തയ്യാറാക്കി. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അതിമനോഹരമായ കോലവും രംഗോളിയും വരച്ചു. ആകെ 55 എണ്ണം. അരുണ തന്‍റെ വീടിന്‍റെ മേക്കോവര്‍ സുഹൃത്തുക്കളോടും പരിചയക്കാരോടും പങ്കുവച്ചതോടെ ആളുകള്‍ എളങ്കോവനെ അഭിനന്ദിച്ചു തുടങ്ങി. ചിലരൊക്കെ അദ്ദേഹത്തിന്‍റെ വരയും ആവശ്യപ്പെട്ടു. ഏതായാലും മഹാമാരിക്കാലമായതിനാൽ അധികം ദൂരെയൊന്നും പോയി വരയ്ക്കാൻ തയ്യാറാവാതെ നിൽക്കുകയാണ് ആ കലാകാരൻ. (വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ).
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona