ഈ ശിൽപം കാണാനാവില്ല, എന്നാൽ വിറ്റുപോയത് 13 ലക്ഷം രൂപയ്ക്ക്!

By Web Team  |  First Published Jun 7, 2021, 11:22 AM IST

ഏത് പരീക്ഷണത്തെയും ഇന്നത്തെ കാലത്ത് കലയെന്ന പേര് നൽകി പ്രദർശിപ്പിക്കുന്നുവെന്ന് ആളുകൾ വിമർശിച്ചതിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ദൈവത്തെ നമ്മൾ സൃഷ്ടിച്ചില്ലേ, പിന്നെയാണോ ഇത്?” 


എല്ലാകാലവും കല മാറ്റങ്ങൾക്കും പുതിയ പുതിയ പരീക്ഷണങ്ങൾക്കും വിധേയമാണ്. ഓരോ വ്യക്തിയുടെയും ആസ്വദന രീതിക്കനുസരിച്ച് അത് വ്യത്യാസപ്പെടാം. ചില കലാസൃഷ്ടികൾ കണ്ടാൽ നമുക്ക് ഒന്നും തന്നെ മനസിലാകാറില്ല. ചിലതാകട്ടെ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നവയാകും. എന്നാൽ, മറ്റ് ചിലത് കണ്ടാൽ വലിയ സംഭവമല്ലെന്ന് തോന്നുമെങ്കിലും, വില കേട്ടാൽ കണ്ണ് തള്ളും. അക്കൂട്ടത്തിൽ ഇറ്റാലിയൻ കലാകാരനായ സാൽവദോർ ഗരാവോ അടുത്തിടെ ഒരു ശില്പം ലേലത്തിൽ വിൽക്കുകയുണ്ടായി. കാണാൻ സാധിക്കില്ല എന്നതാണ് ഈ ശില്പത്തിന്റെ പ്രത്യേകത. അതായത് ശില്പത്തിന്റെ സ്ഥാനത്ത് ഒന്നും തന്നെയില്ല, ശൂന്യം. എന്നാൽ ഈ അദൃശ്യ ശിൽപം വിറ്റുപോയത് എത്ര തുകയ്ക്കാണ് എന്നറിയാമോ? ഏകദേശം 13 ലക്ഷം രൂപ.  

ഞാൻ എന്ന് അർഥം വരുന്ന 'ലോ സൊനോ' എന്നാണ് ഈ കലാസൃഷ്ടിയുടെ പേര്. ഒന്നുമില്ലാത്ത ഒരു സാധനം എങ്ങനെ വിശ്വസിച്ച് വാങ്ങും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ചിത്രം യഥാർത്ഥമാണെന്ന് തെളിയിക്കുന്ന ആധികാരിക സർട്ടിഫിക്കറ്റ് വാങ്ങുന്നയാൾക്ക് കലാകാരൻ കൈമാറി. കലാ ലോകത്ത് ആ വില താരതമ്യേന കുറവാണെങ്കിലും, അദൃശ്യമായ ഒരു കലാരൂപത്തിന് ഈ വിലയെന്ന് കണക്കാക്കുമ്പോഴാണ് അതിന്റെ പ്രാധാന്യം. ഒന്നും തന്നെ ഇല്ലാത്ത ഒരു അദൃശ്യ വസ്തു ആയിരക്കണക്കിന് ഡോളർ നൽകി വാങ്ങാൻ ആളുണ്ടായി എന്നത് എല്ലാവരെയും ഞെട്ടിക്കുന്നു.  

Latest Videos

undefined

മെയ് മാസത്തിൽ ഇറ്റാലിയൻ ലേലശാലയായ ആർട്ട്-റൈറ്റാണ് ഈ അദൃശ്യ പ്രതിമയുടെ വിൽപ്പന സംഘടിപ്പിച്ചത്. തുടക്കത്തിൽ അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം വരെയാണ് മൂല്യം കണക്കാക്കിയിരുന്നത്. എന്നാൽ, ഒടുവിൽ അത് 13 ലക്ഷമായി ഉയർന്നു. കലാകാരൻ ആ ചിത്രത്തെ ശൂന്യമെന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. “ആ ശൂന്യതയിൽ നിറയെ ഊർജ്ജമാണ്. ഊർജ്ജമല്ലാതെ മറ്റൊന്നും അവിടെ അവശേഷിക്കുന്നില്ല. ഹൈസൻ‌ബെർഗ് തത്വമനുസരിച്ച്, ഒന്നിനും ഭാരം ഇല്ല. അതിനാൽ, ഈ ഊർജ്ജം ബാഷ്പീകരിക്കപ്പെടുകയും കണങ്ങളായി രൂപാന്തരപ്പെടുകയും ഒടുവിൽ നമ്മിലേക്ക് തന്നെ തിരികെ വരികയും ചെയ്യുന്നു" അദ്ദേഹം പറഞ്ഞു.  

ഏത് പരീക്ഷണത്തെയും ഇന്നത്തെ കാലത്ത് കലയെന്ന പേര് നൽകി പ്രദർശിപ്പിക്കുന്നുവെന്ന് ആളുകൾ വിമർശിച്ചതിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ദൈവത്തെ നമ്മൾ സൃഷ്ടിച്ചില്ലേ, പിന്നെയാണോ ഇത്?” എന്നാൽ, ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രമമല്ല എന്നാണ് പറയുന്നത്. 'ന്യൂയോർക്ക് പോസ്റ്റി'ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഫെബ്രുവരിയിൽ, കലാകാരൻ മിലാനിലെ പിയാസ ഡെല്ലാ സ്കാലയിൽ അദൃശ്യമായ മറ്റൊരു ശില്പം പ്രദർശിപ്പിച്ചിരുന്നു. 'ബുദ്ധ ഇൻ കണ്ടംപ്ലേഷൻ' എന്നായിരുന്നു അതിന്റെ പേര്.  

click me!