മോശം, മഹാമോശം: പുരുഷന്മാരുടെ ലിം​ഗത്തെ പച്ചക്കറികളോടുപമിച്ച് മാർക്ക് നൽകി കലാകാരി

By Web Team  |  First Published Jul 24, 2021, 10:17 AM IST

50 -ല്‍ താഴെ മാര്‍ക്കുള്ളവരെ 'മഹാമോശം' എന്നാണ് ലിന്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി എടുക്കണം എന്നും ലിന്‍ അടിക്കുറിപ്പ് നൽകി. 14 കലാകാരന്മാരില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായി കിട്ടിയത് 47.8 ആണ്. 


പുരുഷന്മാരുടെ ലിംഗത്തിന് വിവിധ മാർക്കുകൾ നല്‍കി കലാകാരി. അവരുടെ ജനനേന്ദ്രിയത്തെ വഴുതനയും മധുരക്കിഴങ്ങുമടക്കം വിവിധ പച്ചക്കറികളോട് ഉപമിച്ചാണ് അവർക്ക് മാർക്ക് നൽകിയിരിക്കുന്നത്. നൂറിലാണ് മാർക്ക്. ചൈനയിലാണ് 23 -കാരിയായ ലിന്‍ യുടോംഗ് എന്ന് ചിത്രകാരി പുരുഷന്മാരുടെ ലിംഗത്തിന് വിവിധ സ്കോറുകള്‍ നല്‍കിയിരിക്കുന്നത്. എന്നാൽ, ഇത് വെറുതെയല്ല. സ്ത്രീകള്‍ കാണാന്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കി അവര്‍ക്ക് മാര്‍ക്കിട്ട കലാകാരനോടുള്ള പ്രതിഷേധമായിട്ടാണ് ലിൻ പുരുഷലിം​ഗങ്ങൾക്കും റാങ്കിങ് നൽകിയിരിക്കുന്നത്.  

14 പുരുഷകലാകാരന്മാര്‍ക്കാണ് ലിന്‍ വിവിധ സ്കോറുകള്‍ നല്‍കിയിരിക്കുന്നത്. അവരുടെ വിരലുകളും മുഖവും എങ്ങനെയിരിക്കുന്നു എന്ന് നോക്കിയാണ് അവരുടെ ജനനേന്ദ്രിയത്തിന് ലിന്‍ മാര്‍ക്കിട്ടിരിക്കുന്നത്. കലാകാരനായ സോംഗ് ടായുടെ ഒരു കലാസൃഷ്ടിയോടുള്ള പ്രതിഷേധമായിട്ടാണിത്. സോംഗ് ടാ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള 5000 വിദ്യാര്‍ത്ഥിനികളെ അവരറിയാതെ പകര്‍ത്തുകയും അവര്‍ കാണാനെങ്ങനെയിരിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വിവിധ സ്കോറുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതുവച്ച് സൃഷ്ടിച്ച ഏഴ് മണിക്കൂറിലധികം വരുന്ന വീഡിയോയ്ക്ക് 'അഗ്ലിയര്‍ ആന്‍ഡ് അഗ്ലിയര്‍' എന്നാണ് പേരിട്ടിരുന്നത്. ഓരോ സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെയും അവര്‍ക്ക് മാര്‍ക്കുകളും നല്‍കിയിരുന്നു. 

Latest Videos

undefined

2013 -ലാണ് ആദ്യമായി ഈ കലാസൃഷ്ടി നിര്‍മ്മിക്കുന്നത്. എന്നാല്‍, ഷാന്‍ഘായ് മ്യൂസിയത്തില്‍ അടുത്തിടെയുണ്ടായ കലാപ്രദര്‍ശനത്തോടെയാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്. ഇതോടെ, സോംഗ് ടായ്ക്കെതിരെ ഓണ്‍ലൈനില്‍ വ്യാപകമായി പ്രതിഷേധമുണ്ടായി. സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചു, സ്ത്രീകളുടെ ശരീരത്തെ പുരുഷന്‍റെ സന്തോഷത്തിന് വേണ്ടി വസ്തുവല്‍ക്കരിച്ചുവെന്നും നിരവധി പേര്‍ ആരോപണമുന്നയിച്ചു. ഇതേ തുടര്‍ന്ന് ജൂണില്‍ മ്യൂസിയം മാപ്പ് പറയുകയും ഈ കലാസൃഷ്ടി പിന്‍വലിക്കുകയും ചെയ്തു. 

അല്ലെങ്കിലേ ചൈനയിലെ സ്ത്രീകള്‍ നിരന്തരം ഇത്തരം അവഹേളനത്തിനും വിവേചനത്തിനും വിധേയരവുന്നുവെന്ന് ആരോപണമുണ്ട്. സോംഗ് ടായുടെ ചിത്രീകരണം അതിന്‍റെ ഉദാഹരണം മാത്രമാണ് എന്നും ആരോപണമുയര്‍ന്നു. നിരവധി സ്ത്രീകള്‍ ഇതിനെതിരെ സംസാരിച്ചു. പുരുഷന്മാര്‍ കാണാന്‍ എങ്ങനെയെന്ന് നോക്കി അവരുടെ ജനനേന്ദ്രിയത്തിന് മാര്‍ക്കിടുക എന്ന വഴിയും പലരും സ്വീകരിച്ചു. എന്നാല്‍, ഇത് ചൈനയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ-പുരുഷ അസമത്വവും വിദ്വേഷവും കൂട്ടാനേ ഉപകരിക്കൂ എന്നാണ് പലരുടെയും അഭിപ്രായം. 

സോംഗ് ടായുടെ ചിത്രീകരണം (ഇടത്), വലത് ലിന്‍ വഴുതനയോട് ഉപമിച്ചിരിക്കുന്നു

ലിന്നിന്‍റെ വര്‍ക്കിന് പേര് നല്‍കിയിരിക്കുന്നത്, 'പച്ചക്കറികള്‍ തിരിച്ചറിയാനുള്ള ഒരു ഗൈഡ്' (A guide to identifying vegetables) എന്നാണ്. ഓരോ പുരുഷകലാകാരന്മാര്‍ക്കും ഓരോ പച്ചക്കറിയും നല്‍കി. അവരുടെ ലിംഗത്തെ ഈ പച്ചക്കറിയോടുപമിക്കുകയും അതേതാണ്ട് ഈ പച്ചക്കറികള്‍ പോലെയിരിക്കും എന്നുമാണ് കലാകാരി പറയുന്നത്. ഉദാഹരണത്തിന് ലിന്‍, സോംഗിന് നല്‍കിയിരിക്കുന്നത് 100 -ല്‍ 68 മാര്‍ക്കാണ്. വഴുതനയോടാണ് സാം​ഗിന്റെ ജനനേന്ദ്രിയത്തെ ഉപമിച്ചിരിക്കുന്നത്. കലാകാരനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ അയ് വെയ്വെയ്ക്ക് ലഭിച്ചിരിക്കുന്നത് 56.2 മാര്‍ക്കാണ് അതിനെ മധുരക്കിഴങ്ങിനോടാണ് ഉപമിച്ചിരിക്കുന്നത്. 

50 -ല്‍ താഴെ മാര്‍ക്കുള്ളവരെ 'മഹാമോശം' എന്നാണ് ലിന്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ ഇതൊരു മുന്നറിയിപ്പായി എടുക്കണം എന്നും ലിന്‍ അടിക്കുറിപ്പ് നൽകി. 14 കലാകാരന്മാരില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കായി കിട്ടിയത് 47.8 ആണ്. 'ഇത് സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്ന പുരുഷന്മാരോടുള്ള പ്രതിഷേധമാണ്' എന്നാണ് ലിന്‍ വൈസ് ന്യൂസിനോട് പറഞ്ഞത്. പുരുഷന്മാര്‍ സ്ത്രീകളുടെ മുലകളെ കുറിച്ചും യോനിയെ കുറിച്ചും സംസാരിക്കാന്‍ ഒട്ടും മടിക്കുന്നില്ല. എന്നാല്‍, സ്ത്രീകള്‍ അവരുടെ അടുത്ത സുഹൃത്തക്കളോട് പോലും പുരുഷന്മാരുടെ ലിംഗത്തെ കുറിച്ച് സംസാരിക്കാറില്ല എന്നും ലിന്‍ പറയുന്നു. 

അയ് വെയ് -യുടെ ചിത്രീകരണം (ഇടത്), വലത് ലിന്‍  മധുരക്കിഴങ്ങിനോട് ഉപമിച്ചിരിക്കുന്നു

നിസ്സഹായത കൊണ്ടാണ് പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന് മാര്‍ക്ക് നല്‍കേണ്ടിയും അവരെ വസ്തുവല്‍ക്കരിക്കുകയും ചെയ്യേണ്ടി വരുന്നത് എന്നും ലിന്‍ പറയുന്നു. 'വര്‍ക്കില്‍ പ്രതിപാദിച്ചിരിക്കുന്ന കലാകാരന്മാരോടൊന്നും തന്നെ തനിക്ക് വ്യക്തിപരമായി ബഹുമാനക്കുറവില്ല. ഇത്തരം പ്രതിഷേധങ്ങളല്ല സമത്വത്തിലേക്ക് നയിക്കുക എന്നും എനിക്കറിയാം. എങ്കിലും ഒന്നും മിണ്ടാതെയിരിക്കുകയല്ലല്ലോ ഞാന്‍ എന്ന സമാധാനമെങ്കിലും എനിക്കുണ്ടാവും. അതിനുവേണ്ടിയാണ് ഇത് ചെയ്തത്' എന്നും അവള്‍ പറയുന്നു. 

സമീപകാലത്തായി ചൈനയിലെ സ്ത്രീകള്‍ ബോഡി ഷെയ്മിംഗിനും സ്ത്രീവിരുദ്ധതയ്ക്കും വിധേയരാകേണ്ടി വരുന്നത് വളരെയധികം വര്‍ധിച്ചു വരികയാണ്. അവരുടെ തൊലിയുടെ നിറം, മുലകളുടെ വലിപ്പം, ബോഡി ഷെയ്പ്, അവര്‍ കന്യകയാണോ അല്ലയോ തുടങ്ങി പലതും പറഞ്ഞ് പുരുഷന്മാര്‍ സ്ത്രീകളെ അവഹേളിക്കുന്നത് വര്‍ധിച്ചു വരികയാണ്. അതിന്‍റെ ഉദാഹരണം മാത്രമായിരുന്നു സോംഗിന്‍റെ കലാസൃഷ്ടിയും. 

ഏതായാലും പ്രതിഷേധത്തിന്‍റെ ഭാഗമായി സ്ത്രീകള്‍ പുരുഷന്മാരുടെ ലിംഗത്തെ എനോക്കി മഷ്റൂം അടക്കം പലതിനോടും ഉപമിക്കുന്നുണ്ട്. 'സബ്‌വേയിലുള്ള പുരുഷന്മാർ എല്ലായ്പ്പോഴും കാലുകൾ വിടര്‍ത്തിയിരിക്കുന്നു. അവരുടെ 'എനോക്കി മഷ്റൂം' ശരിക്കുവയ്ക്കാന്‍ പോലും അവര്‍ക്ക് സ്ഥലമില്ലേ?' എന്നാണ് ഒരു സ്ത്രീ അടുത്തിടെ മൈക്രോബ്ലോഗിംഗ് സൈറ്റായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്‌തത്. നൂറുകണക്കിന് ഇത്തരം പോസ്റ്റുകളാണ് പുരുഷന്മാരെ വിമര്‍ശിച്ചുകൊണ്ട് ചൈനീസ് സാമൂഹിക മാധ്യമങ്ങളായ വെയ്ബോ, ഡൌബണ്‍ എന്നിവയിലൊക്കെ പ്രത്യക്ഷപ്പെടുന്നത്. 

എന്നാൽ, സ്ത്രീകൾ ലിം​ഗവിവേചനത്തെ കുറിച്ച് സംസാരിക്കുന്നത് പ്രതീക്ഷ തരുന്ന കാര്യമാണ്. എന്നാല്‍, ആരുടെയെങ്കിലും ജനനേന്ദ്രിയത്തെ അപമാനിക്കുന്നത് ഒരു നല്ല കാര്യമായി തോന്നുന്നില്ല എന്നും പലരും പ്രതികരിച്ചു. 

(ആദ്യചിത്രം പ്രതീകാത്മകം)

click me!