കൃത്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഗവേഷകര്‍ പ്രതികരിച്ചത്.
വാന്‍ഗോഗിന്‍റെ പ്രശസ്‍തമായ പെയിന്‍റിംഗാണ് 'ട്രീ റൂട്ട്‍സ്'. അദ്ദേഹത്തിന്‍റെ അവസാനത്തെ പെയിന്‍റിംഗ് എന്ന് കരുതപ്പെടുന്ന ട്രീ റൂട്ട്സിലേത് എന്ന് കരുതുന്ന സ്ഥലം തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോള്‍. പെയിന്‍റിംഗിലെ സ്ഥലം കണ്ടെത്താന്‍ സഹായിച്ചത് ഒരു പോസ്റ്റുകാര്‍ഡാണെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് വാന്‍ഗോഗ് സയന്‍റിഫിക് ഡയറക്ടറായ വൂട്ടര്‍ വാന്‍ ഡെര്‍ വീന്‍ ആണ് സ്ഥലവും പെയിന്‍റിംഗും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. 1900-1910 കാലയളവിനുള്ളിലെ ചില പോസ്റ്റുകാര്‍ഡുകളാണ് ബന്ധം കണ്ടെത്തുന്നതിന് സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഗ്രാമമായ ഓവേർസർവാസ്ന്‍റെ തീരത്തുള്ള മരമാണ് പോസ്റ്റുകാര്‍ഡില്‍ കാണിച്ചിരിക്കുന്നത്. ഈ സ്ഥലം 1890 -ല്‍ വാന്‍ഗോഗ് ആത്മഹത്യ ചെയ്‍ത ഓവെർഷ് റെവു -ല്‍ നിന്നും 150 മീറ്റര്‍ മാത്രം ദൂരെയാണ്. 'പോസ്റ്റുകാര്‍ഡിലെയും പെയിന്‍റിങ്ങിലെയും സാമ്യതകള്‍ എനിക്ക് വളരെ വ്യക്തമായിരുന്നു' എന്ന് വാന്‍ ഡെര്‍ വീന്‍ പറയുന്നു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലെ വീട്ടിലിരുന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹം തന്‍റെ കണ്ടെത്തലുകള്‍ ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തെ അറിയിക്കുകയും ഗവേഷകര്‍ പെയിന്‍റിംഗും പോസ്റ്റുകാര്‍ഡും തമ്മിലുള്ള താരതമ്യപഠനം നടത്തുകയുമുണ്ടായി.
undefined
കൃത്യമായ സ്ഥലം കണ്ടെത്താന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഗവേഷകര്‍ പ്രതികരിച്ചത്. ''ഞങ്ങളുടെ അഭിപ്രായത്തില്‍ വാന്‍ ഡെര്‍ വീന്‍ കണ്ടെത്തിയ സ്ഥലം പെയിന്‍റിംഗിലെ യഥാര്‍ത്ഥ സ്ഥലമാണെന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ഇത് വലിയൊരു കണ്ടെത്തലാണ്'' -ഗവേഷകര്‍ പ്രതികരിച്ചു. വാന്‍ഗോഗിന്‍റെ അവസാനത്തെ ചിത്രമെന്നും പ്രധാനപ്പെട്ട ചിത്രമെന്നും കരുതുന്ന പെയിന്‍റിംഗിലെ സ്ഥലം പോസ്റ്റുകാര്‍ഡിലെ സ്ഥലവുമായി അടുത്ത ബന്ധമുണ്ട് എന്നും ഗവേഷകര്‍ പറഞ്ഞു.
ഫ്രാൻസിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ നീക്കിക്കഴിഞ്ഞ് മെയ് മാസത്തിൽ തന്റെ കണ്ടെത്തല്‍ ശരിയാണോ എന്ന് പരിശോധിക്കാൻ വാൻ ഡെർ വീൻ ആ സ്ഥലം സന്ദർശിച്ചു. പാരീസിന് ഏതാനും മൈൽ വടക്കുള്ള ഓവേർസർവാസിൽ ചൊവ്വാഴ്‍ച ഒരു സ്‍മാരകഫലകവും അനാച്ഛാദനം ചെയ്‍തു. വാൻ ഗോഗ് മ്യൂസിയത്തിന്റെ ജനറൽ ഡയറക്ടർ എമിലി ഗോർഡെങ്കറും വിൻസെന്റിന്റെ സഹോദരൻ തിയോയുടെ ചെറുമകനായ വില്ലെം വാൻ ഗോഗും പങ്കെടുത്തിരുന്നു ഈ ചടങ്ങില്‍.
നാടകീയമായ ആ ദിവസം
ഏതാണ് വാന്‍ഗോഗിന്‍റെ അവസാനത്തെ പെയിന്‍റിംഗ് എന്നതിനെച്ചൊല്ലി വലിയ തരത്തിലുള്ള സംവാദം തന്നെ നടന്നിട്ടുണ്ട്. ചില കത്തുകളില്‍ നിന്നും മറ്റുമായി ട്രീ റൂട്ട്സ് ആയിരിക്കണം അദ്ദേഹത്തിന്‍റെ അവസാനത്തെ പെയിന്‍റിംഗ് എന്ന അനുമാനത്തിലെത്തുകയായിരുന്നു. ഇപ്പോള്‍ പോസ്റ്റുകാര്‍ഡുമായി ബന്ധപ്പെടുത്തി വാന്‍ ഡെര്‍ വീന്‍ പറഞ്ഞതും മരിക്കുന്നതിന് തൊട്ടുമുമ്പാവണം അദ്ദേഹം ഈ പെയിന്‍റിംഗ് പൂര്‍ത്തിയാക്കിയിരിക്കുക എന്നാണ്.
"വാൻ ഗോഗ് വരച്ച സൂര്യപ്രകാശം സൂചിപ്പിക്കുന്നത് അത് വൈകുന്നേരത്തോടുകൂടി വരച്ചതാണെന്നാണ്, ഇത് ആത്മഹത്യയിൽ അവസാനിച്ച ആ നാടകീയ ദിനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നു" എന്നാണ് വാന്‍ ഡെര്‍ വീന്‍ പറഞ്ഞത്. 1890 ജൂലൈ 27 -ന് ആ കലാകാരന്‍ ആത്മഹത്യ ചെയ്യാനായി സ്വയം വെടിയുതിര്‍ത്തുവെന്നും 29 മണിക്കൂറിനുശേഷം മരണപ്പെട്ടുവെന്നുമാണ് കരുതുന്നത്. ആ സമയത്തും ട്രീ റൂട്ട്സ് വരച്ചു പൂര്‍ത്തിയാക്കിയിരുന്നില്ല.