'തമ്പീ... ഇന്തയാള്‍ കടവുള്‍ മാതിരി'. ആ ഫോട്ടോയുടെ കഥ. മനു വര്‍ഗീസ് എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
ഫോണ്‍ ഗാലറിയിലൂടെ വിരലുകള്‍ പരതിയപ്പോഴാണ് ആ മനുഷ്യന്റെ ഫോട്ടോ വീണ്ടും കണ്ടത്.. സ്വര്‍ണനിറത്തില്‍ പൊതിഞ്ഞ്, വട്ടത്തൊപ്പി കൈയിലേന്തി, തലയെടുപ്പോടെ നില്‍ക്കുകയാണ് ജോണ്‍ പെന്നിക്വിക്ക്. ആ പേര് കേള്‍ക്കുമ്പോള്‍ എത്രയാളുകള്‍ക്ക് അദ്ദേഹത്തെ മനസിലാകുമെന്ന് അറിയില്ല, ഒരു പക്ഷെ എന്റെ സുഹൃത്ത് ഇത്തരമൊരു സ്മാരകത്തെ പറ്റി പറയുന്നത് വരെ എനിക്കും കൂടുതലായി അറിയില്ലായിരുന്നു ജോണ്‍ പെന്നിക്വിക്കിനെ.
ശോകം അടിച്ചിരുന്ന ഒരു വൈകുന്നേരമാണ് സുഹൃത്തിന്റെ ഫോണ്‍ വരുന്നത്, 'കുമളിയിലേയ്ക്ക് വാ.. കമ്പം വരെ പോയി വരാം'
കുമളി ചെക്ക് പോസളറ്റിന് അപ്പുറം ഒരു ദാസണ്ണന്റെ ചായക്കടയുണ്ട്, ചൂട് ചായയും ഏത്തക്കാ ബജ്ജിയും അവിടുത്തെ സ്‌പെഷ്യലാണ്. അതും കഴിച്ച് ചൂട് കടലയും കൊറിച്ച് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ടിലെ ലാസ്റ്റ് വിന്‍ഡോ സീറ്റില്‍ ചാരിയിരുന്ന്, തിങ്ങിനിറയുന്ന ബസിലെ ജമന്തിപ്പൂ ചൂടിയ അക്കാമാരുടെ ഫോണിലൂടെ ഒഴുകിയെത്തുന്ന ''ഉന്നാലേ എന്നാളും എന്‍ ജീവന്‍ വാഴുതൈ' യും കേട്ട് ഞങ്ങള്‍ യാത്ര തുടങ്ങി. തമിഴ്‌നാട് -കേരള ബോര്‍ഡര്‍ കടന്നുള്ള യാത്ര കണ്ണടയ്ക്കാതെ കാഴ്ചകളെ ഉള്ളിലേക്കെടുക്കുന്ന അനുഭൂതിയാണ്.
വലിയ കാടാണോ എന്ന് ചോദിച്ചാല്‍ കാടല്ല. എന്നാല്‍ കാടിന്റെ അനുഭവം കിട്ടും. പുഴകളില്ല. എന്നാല്‍ വഴിയില്‍ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാണാം... ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി ഞങ്ങള്‍ ലോവര്‍ക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തില്‍ എത്തി. എത്ര മനോഹരമായാണ് ഒരു സ്മാരകത്തെ അവിടുത്തെ മനുഷ്യര്‍ നോക്കുന്നു എന്നതിന് മികച്ച ഉദാഹരണമായിരുന്നു അത്. കാക്കകള്‍ക്ക് വൃത്തികേടാക്കാനായി മാത്രം സ്മാരകം ഉയരുന്ന നമ്മുടെ നാട്ടില്‍നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ മനസ്സില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വ വ്യക്തിത്വം.
ജോണ്‍ പെന്നിക്വിക്ക് ബ്രിട്ടനിലെ പ്രശസ്തനായ എന്‍ജിനീയറായിരുന്നു. 1860 നവംബര്‍ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണത്തിന് നേതൃത്വം നല്‍കി. 1895-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണം പെന്നിക്വിക്ക് പൂര്‍ത്തിയാക്കി. വരണ്ടുകിടന്ന തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍ തുടങ്ങിയ ജില്ലകളില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചതോടെ വെള്ളം ലഭിക്കാന്‍ തുടങ്ങി. അന്ന് മുതല്‍ അണക്കെട്ടിന്റെ ശില്പിയായ ജോണ്‍ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് ഇവിടങ്ങളിലെ ജനങ്ങള്‍ കാണുന്നത്.
ഒരു പക്ഷെ അത് കൊണ്ടാവാം, ഞങ്ങള്‍ ചെന്നപ്പോഴും ആ സ്മാരകത്തിന് ചുറ്റം ആദരവോടെ നോക്കി നില്‍ക്കുന്ന തമിഴ്മക്കളെ കാണുവാന്‍ സാധിച്ചത്. സ്മാരകത്തിന്റെ അടുത്തേയ്ക്ക് നടക്കുന്നതിനിടെ ചെരുപ്പ് ഊരാന്‍ മറന്നിരുന്നു. ഫോട്ടോ എടുക്കാനുള്ള ആവേശത്തില്‍ ചെരുപ്പിട്ട് ആ പ്രതിമയുടെ മുമ്പിലേയ്ക്ക് ചെന്നു.
'തമ്പി.. അവിടെ നില്‍ക്കുങ്ങോ, ചെരുമ്പ് ഇങ്ങേ പോടമാട്ടെ....ഇന്തയാള്‍ കടവുള്‍ മാതിരി...'
കൈയ്യിലിരുന്ന കുപ്പിയിലേയ്ക്ക് നോക്കി അവര്‍ പറഞ്ഞു, 'ഇന്ത തണ്ണി പോട്ടാ കടവുള്‍ അവര്‍.....'
പ്രായമുള്ള ആ അമ്മയുടെ പറച്ചിലില്‍ ഒരു നാട് മുഴുവന്‍ എത്രത്തോളം ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മനസിലായി. ലോക ജനസഖ്യയുടെ പത്തിലൊന്നും, ആവശ്യത്തിനു കുടിവെള്ളം ഇല്ലാതെ, ഒരു പാത്രം വെള്ളത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്, ഏതോ നാട്ടില്‍ കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കുന്നു എന്നു കേട്ടപ്പോള്‍, അതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് പറഞ്ഞ ചിരിച്ചയാളുകളാണ് നമ്മള്‍. പക്ഷെ ഇപ്പോള്‍ ആ വെള്ളത്തിനായി നെട്ടോണം ഓടുന്ന കാഴ്ച കാണുമ്പോള്‍, ഒരു നാടിന് ജീവനേകാന്‍ വെള്ളം എത്തിച്ച മനുഷ്യനെ മനസുകൊണ്ട് വാഴ്ത്തുന്ന സ്‌നേഹിക്കുന്ന ആരാധിക്കുന്ന തമിഴ്മക്കള്‍ നമ്മുക്ക് ഒരു മാതൃകയാണ്.
തിരികെ കുമളിയിലെത്തിയപ്പോഴും മനസ്സ് നിറയെ ആ മനുഷ്യനായിരുന്നു. കേവലം ഒരു സ്മാരകത്തോട് നമ്മുടെ അയല്‍ സംസ്ഥാനക്കാര്‍ കാണിക്കുന്ന ബഹുമാനവും സ്‌നേഹവും വല്ലാത്ത ഒരു അതിശയമാണ് ഉണ്ടാക്കിയത്.
എന്താകും അതിന് കാരണം എന്ന് ആലോചിച്ച് നടന്ന് നിങ്ങുമ്പോഴാണ് കടലപൊതിഞ്ഞ ആ പത്രകടലാസില്‍ ആ വാര്‍ത്ത കണ്ടത്-'നീണ്ട കാല്‍ നൂറ്റാണ്ട്; ബേപ്പൂര്‍ സുല്‍ത്താന് വൈകി ഒരുങ്ങുന്നു, സ്മാരകം'