1943 -ല്‍ ലോകത്ത് മനുഷ്യരാലുണ്ടാക്കപ്പെട്ട ഏറ്റവും വലിയൊരു ദുരന്തത്തിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. അതായിരുന്നു ബംഗാള്‍ ക്ഷാമം. മൂന്ന് ദശലക്ഷം മനുഷ്യരുടെ ജീവന്‍ ആ ക്ഷാമം കവര്‍ന്നുവെന്നാണ് പറയുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈനികരേയും പൌരന്മാരെയും പോറ്റാനായി ബംഗാളിനെ അവര്‍ കൊള്ളയടിക്കുകയായിരുന്നു.
1943 -ലാണ് ആ ചിത്രങ്ങള്‍ പിറവികൊണ്ടത്. അത് അന്നത്തെ ജീവിതത്തെ കുറിച്ച് എല്ലാം പറയുന്നുണ്ട്. പട്ടിണി, ദാരിദ്ര്യം, മരണത്തിലേക്ക് വേച്ചുവീഴുന്ന ജീവിതങ്ങള്‍ എല്ലാം. അന്ന് ബ്രിട്ടീഷ് ഭരണത്തിനു കീഴിലാണ് ഇന്ത്യ. ആ ദുരന്തകാലത്തെ വരച്ചുചേര്‍ത്ത ചിത്രകാരന്‍റെ പേരാണ് ചിത്തൊപ്രൊശാദ് ഭട്ടാചാര്യ. ബംഗാള്‍ ക്ഷാമകാലത്തെ തന്‍റെ മൂര്‍ച്ചയുള്ള വരകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത കലാകാരന്‍, അതായിരുന്നു അദ്ദേഹം.
undefined
77 വര്‍ഷം മുമ്പ് തന്‍റെ നോട്ട് ബുക്കിലാണ് അദ്ദേഹം ആ ചിത്രങ്ങള്‍ വരച്ചുവച്ചത്. ഭക്ഷണം കിട്ടാതെ എല്ലും തോലുമായ കുഞ്ഞുങ്ങള്‍, അസ്ഥികൂടം പോലെയായ അവരുടെ അമ്മമാരുടെ നിസ്സഹായതോടെയുള്ള നോട്ടങ്ങള്‍... അതെല്ലാം അദ്ദേഹം വരച്ചുവെച്ചു. ബ്രിട്ടീഷ് ഭരണകാലത്തെ ആ ക്ഷാമത്തിനെതിരെയുള്ള നിശബ്ദമായ വിപ്ലവമായിരുന്നു ചിത്തൊപ്രൊശാദ് ഭട്ടാചാര്യയുടെ ചിത്രങ്ങള്‍.
ആ വിപ്ലവത്തിന്‍റെ തുടക്കം
1915 -ല്‍ ബംഗാളിലാണ് ചിത്തൊപ്രൊശാദ് ഭട്ടാചാര്യ ജനിച്ചത്. രാഷ്ട്രീയ യാത്ര തുടങ്ങുന്നത് 1930 -ന്‍റെ പകുതിയോടെ ചിറ്റഗോംങ് ഗവൺമെന്‍റ് കോളേജിൽ പഠിക്കവെയാണ്. 1930 ഏപ്രിലിൽ സ്വാതന്ത്ര്യസമരസേനാനിയായ സൂര്യ സെന്നിന്‍റെ നേതൃത്വത്തിലുള്ള ചിറ്റഗോംങ് പ്രക്ഷോഭത്തെ തുടര്‍ന്ന് നഗരം ബംഗാൾ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമായി മാറി. കൊളോണിയൽ ഭരണാധികാരികള്‍, ഇന്ത്യൻ ഭൂവുടമകള്‍, ജമീന്ദാര്‍മാര്‍ ഇവര്‍ക്കൊക്കെ എതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് പ്രസ്ഥാനം ശക്തിയാര്‍ജ്ജിക്കുന്നത്.
മറ്റ് യുവാക്കളെപ്പോലെ ഭട്ടാചാര്യയും തന്‍റെ ജന്മനാട്ടിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കാളിയാവാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) -യോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. 1940 -ല്‍ എഴുത്തുകാരനും അഭിഭാഷകനുമായ പൂര്‍ണേന്ദു ദസ്തിദാറിന്‍റെ പ്രവര്‍ത്തനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട ചിത്തൊപ്രസാദ് സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫീസിലാണ് അദ്ദേഹമന്ന് കഴിഞ്ഞിരുന്നത്. അവിടെവച്ച് ബ്രിട്ടീഷ് ഭരണത്തിനും മറ്റുമെതിരായ നിരവധി കാര്‍ട്ടൂണുകളും വരകളും പിറന്നു. സിപിഐ യുടെ പ്രസിദ്ധീകരണമായ ജന യുദ്ധയിലാണ് അവ അടിച്ചുവന്നത്. അങ്ങനെയാണ് കലയെ എങ്ങനെ ഒരു രാഷ്ട്രീയായുധമാക്കാം എന്ന് അദ്ദേഹം മനസിലാക്കുന്നത്.
1943 -ല്‍ ലോകത്ത് മനുഷ്യരാലുണ്ടാക്കപ്പെട്ട ഏറ്റവും വലിയൊരു ദുരന്തത്തിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. അതായിരുന്നു ബംഗാള്‍ ക്ഷാമം. മൂന്ന് ദശലക്ഷം മനുഷ്യരുടെ ജീവന്‍ ആ ക്ഷാമം കവര്‍ന്നുവെന്നാണ് പറയുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈനികരേയും പൌരന്മാരെയും പോറ്റാനായി ബംഗാളിനെ അവര്‍ കൊള്ളയടിക്കുകയായിരുന്നു.
പട്ടിണികൊണ്ടും സാമ്രാജ്യത്വ ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വലിയ രീതിയിലുള്ള കൊലപാതകങ്ങളാണന്ന് ബംഗാളില്‍ നടന്നത്. ആ സമയത്താണ് സിപിഐ ചിത്തൊപ്രസാദിനെയും ഫോട്ടോഗ്രാഫര്‍ സുനില്‍ ജനായെയും സത്യം കണ്ടെത്താനും അത് വരകളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും എഴുത്തുകളിലൂടെയും ജനങ്ങളിലെത്തിക്കാനും നിയോഗിച്ചു. ക്ഷാമം ബാധിച്ച സ്ഥലങ്ങളിലൂടെയെല്ലാം അവരിരുവരും യാത്ര ചെയ്തു. ബിക്രംപൂരിനെയും മിഡ്നാപൂരിനെയുമാണ് ക്ഷാമം ഏറെയും ബാധിച്ചിരുന്നത്. മനുഷ്യരുടെ വേദനകളെ അവരിരുവരും ചേര്‍ന്ന് പകര്‍ത്തിവെച്ചു.
അസ്ഥികൂടമായിത്തീര്‍ന്ന കുഞ്ഞുങ്ങള്‍, യുദ്ധം, കൊലപാതകം എല്ലാം ചിത്തൊപ്രസാദ് വരച്ചു. സാമ്രാജ്യത്വ ശക്തികളെ വെല്ലുവിളിക്കുന്നതായിരുന്നു അവ. ഈ ചിത്രങ്ങൾ ഇപ്പോഴും വിഷമകരവും പ്രകോപനപരവുമാണ്, അക്കാലത്ത് അതിന്റെ കാഴ്ചക്കാരിൽ അത് ശക്തമായ സ്വാധീനം തന്നെ ചെലുത്തി. ദേശീയ വികാരം വളർത്തുന്നതിനായി ഹംഗറി ബംഗാൾ എന്ന ലഘുലേഖയിൽ ക്ഷാമത്തിന്റെ ചിത്രീകരണ റിപ്പോർട്ടായി 1943 -ൽ ഇത് പ്രസിദ്ധീകരിച്ചു. ഇതുകാരണം, ബ്രിട്ടീഷുകാർ ഈ പ്രക്ഷോഭം തടയാൻ ആഗ്രഹിച്ചു. അവർ അതിന്റെ പകർപ്പുകൾ പിടിച്ചെടുക്കുകയും കത്തിക്കുകയും ചെയ്തു. ഒരെണ്ണമൊഴികെ ബാക്കിയെല്ലാം പക്ഷെ അന്ന് സംരക്ഷിക്കപ്പെട്ടു. ഇപ്പോൾ ഇത് കൊൽക്കത്തയിലെ ഒരു ബാങ്ക് നിലവറയിൽ സംരക്ഷിച്ചിരിക്കുന്നു.
ഇന്ത്യയുടെ വേദനകളുടെ ശബ്ദമായി മാറിയ ചിത്രകാരന്‍
സ്വന്തമായി വരക്കാന്‍ പഠിച്ചയാളാണ് ചിത്തൊപ്രസാദ്. ശാന്തിനികേതന്‍ കലാഭാവനയില്‍ ചേരാനാഗ്രഹിച്ചുവെങ്കിലും നടന്നില്ല. അതുപോലെ ഗവ. കോളേജ് ഓഫ് ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റില്‍ ചേരാനും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു, നടന്നില്ല. പക്ഷേ, വരയോടുള്ള ഇഷ്ടം അതിന്‍റെ പേരില്‍ കുഴിച്ചുമൂടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പക്ഷേ, അന്നെല്ലാവരും വരച്ചിരുന്ന പരമ്പരാഗതരീതിയില്‍ നിന്നുമാറി പുതിയ ചിത്രങ്ങളും വരയുടെ ശൈലിയുമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
രാജ്യത്തിന്‍റെ ഏറ്റവും അകത്തുകിടക്കുന്ന ഇടങ്ങളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. ഗ്രാമങ്ങളും ആശുപത്രികളും പാവപ്പെട്ട കര്‍ഷകരുടെ സ്ഥലങ്ങളും സഞ്ചരിച്ചെത്തി. തൊഴിലാളികളോട് സംസാരിച്ചു. ആ ഇടങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞ ദാരിദ്ര്യത്തെ വരച്ചുവച്ചു. കാഴ്ചക്കാരെയെല്ലാം ആ ചിത്രങ്ങള്‍ ഞെട്ടിച്ചു, ആകെ ഉലച്ചുകളഞ്ഞു. നാടിന്‍റെ സ്വാതന്ത്രത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അവരെ പ്രോത്സാഹിപ്പിച്ചു.
ഈ അസാധാരണമായ യാത്രയെയും പ്രവർത്തനരീതിയെയും സംഗ്രഹിച്ചുകൊണ്ട്, ചിത്തൊപ്രസാദിന്‍റെ, ജീവചരിത്രപരമായ ഒരു ഹ്രസ്വ-ഡോക്യുമെന്‍ററി, ചെക്ക് ചലച്ചിത്ര നിർമ്മാതാവ് പവൽ ഹോബല്‍ നിര്‍മ്മിക്കുകയുണ്ടായി. അതില്‍ ചിത്തൊപ്രസാദ് പറയുന്നു, “ആളുകളെ രക്ഷിക്കുകയെന്നാൽ കലയെത്തന്നെ സംരക്ഷിക്കുക എന്നതാണ്. ഒരു കലാകാരന്റെ പ്രവർത്തനം അർത്ഥമാക്കുന്നത് മരണത്തെ സജീവമായി നിഷേധിക്കുക എന്നതാണ്. ”
ജീവിതത്തിലുടനീളം ആവർത്തിച്ചുള്ള പ്രക്ഷോഭങ്ങൾക്കിടയിലും, ഈ ആദർശം അദ്ദേഹം തുടർന്നു, മനുഷ്യചരിത്രത്തിലെ അവഗണിക്കപ്പെട്ടതും മറന്നുപോയേക്കാവുന്നതുമായ ആ കാലത്തെ ചിത്രീകരിക്കാൻ കലയെന്ന ആയുധവുമായി അദ്ദേഹം നിരന്തരം മുന്നോട്ടുപോയി. അദ്ദേഹത്തിന്റെ കലയോടുള്ള ആ ധൈര്യവും അഭിനിവേശവും കൊണ്ടാണ്, അത്തരം പോരാട്ടത്തിന്റെയും കലാപത്തിന്റെയും ഓർമ ഇപ്പോൾ കാലത്തിന്റെ പേജുകളിൽ എന്നെന്നേക്കുമായി അനശ്വരമായി നിലകൊള്ളുന്നത്.
കാലത്തെ അടയാളപ്പെടുത്തുക എന്നത് കലാകാരന്റെ കടമ കൂടിയാണ്. നോക്കൂ, ഇന്ന് ലോകം കൊറോണയെ തോൽപ്പിക്കാനുള്ള യുദ്ധത്തിലാണ്. ഇന്നത്തെ ഫോട്ടോഗ്രാഫങ്ങളും ചിത്രങ്ങളും എഴുത്തുകളുമാവാം അവയെ അടയാളപ്പെടുത്തി വെക്കുന്നത്.