വാൻഗോഗിന്റെ ചിത്രത്തിൽ ഒരു കോഫീഷോപ്പിന്റെ വരാന്തയാണ് കാണാവുന്നത്. 1888 സപ്തംബർ മധ്യത്തിലെങ്ങാനുമാണ് ഈ പെയിന്റിംഗ് പിറവി കൊണ്ടത് എന്ന് കരുതുന്നു.
ലോക പ്രശസ്ത ചിത്രകാരനാണ് വിൻസന്റ് വാൻഗോഗ്. അദ്ദേഹത്തിന്റെ നിരവധി പെയിന്റിംഗുകൾ ലോകത്തിന് പരിചിതമാണ്. എന്നാൽ, അദ്ദേഹത്തിന്റെ ചിത്രത്തെ അതേപടി അനുസ്മരിപ്പിക്കും വിധത്തിലുള്ള ഒരു കഫേ ബംഗളൂരുവിൽ കണ്ടതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ബംഗളൂരുവിലെ കൊരമംഗംലയിലാണ് വാൻഗോഗിന്റെ പെയിന്റിംഗിലേത് പോലെയുള്ള ഒരു കഫേ കണ്ടെത്തിയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ഒരു റെഡ്ഡിറ്റ് യൂസറാണ് ഈ ചിത്രം പകർത്തിയത്. എന്നാൽ, അത് ഓൺലൈനിൽ പങ്കുവച്ചതോടെ വൈറലായി മാറുകയും ആളുകൾ അതിന് വാൻഗോഗ് ചിത്രത്തോടുള്ള സാമ്യം ചർച്ച ചെയ്യുകയും ചെയ്തു. 'കഫേ ടെറസ് അറ്റ് നൈറ്റ്' എന്ന വാൻഗോഗ് ചിത്രവുമായിട്ടാണ് ഈ കഫേയ്ക്ക് സാമ്യമുണ്ട് എന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നത്. വാൻഗോഗ് 1888 -ൽ ചെയ്ത പെയിന്റിംഗാണ് 'കഫേ ടെറസ് അറ്റ് നൈറ്റ്'.
A reddit user clicked a photo of a cafe in Koramangala which resembles the famous painting "Café Terrace at Night", 1888 by Vincent Van Gogh pic.twitter.com/sxDKrgpFRA
— Sai Preetham M (@MSaiPreetham_)
undefined
വാൻഗോഗിന്റെ ചിത്രത്തിൽ ഒരു കോഫീഷോപ്പിന്റെ വരാന്തയാണ് കാണാവുന്നത്. 1888 സപ്തംബർ മധ്യത്തിലെങ്ങാനുമാണ് ഈ പെയിന്റിംഗ് പിറവി കൊണ്ടത് എന്ന് കരുതുന്നു. കഫേയുടെ അടുത്തായി ഒരു പഴയ പള്ളിയുണ്ട്. അതുപോലെ കഫേയുടെ തൊട്ടപ്പുറത്തായി ഒരു മരത്തിന്റെ ചില്ലകളും വാൻഗോഗ് വരച്ച ചിത്രത്തിൽ കാണാം. വാൻഗോഗിന്റെ മറ്റ് പെയിന്റിംഗുകൾ പോലെ തന്നെ അറിയപ്പെടുന്ന ചിത്രമാണ് 'കഫേ ടെറസ് അറ്റ് നൈറ്റും'.
ഏതായാലും ചിത്രം ഇന്റർനെറ്റിൽ പങ്കുവച്ചതോടെ അതിനെ ചൊല്ലി രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്ന് വന്നു തുടങ്ങി. ഒരു വിഭാഗം ആളുകൾ കഫേ കാണാൻ വാൻഗോഗിന്റെ പെയിന്റിംഗുമായി നല്ല സാമ്യമുണ്ട് എന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ അതിന്റെ മേൽക്കൂര മാത്രമേ അങ്ങനെ ഉള്ളൂ എന്നും അഭിപ്രായപ്പെട്ടു.
വാൻഗോഗിന്റെ 'കഫേ ടെറസ് അറ്റ് നൈറ്റ്' എന്ന പ്രശസ്തമായ ചിത്രം നെതർലാൻഡിലെ ഒട്ടർലോയിലെ ക്രോളർ-മുള്ളർ മ്യൂസിയത്തിലാണ് ഇപ്പോൾ ഉള്ളത്.