കൊവിഡാനന്തരം കടല്‍ കാണുമ്പോള്‍...ആ ഫോട്ടോയുടെ കഥ. ശ്രീജ പ്രവീണ്‍ എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
ഒന്നിച്ച് കൂടിയ നാളു മുതല്‍ യാത്രകള്‍ ജീവിതത്തിന്റെ ഭാഗമാണ് ഞങ്ങള്‍ രണ്ടാള്‍ക്കും. കല്യാണം കഴിഞ്ഞ് ഒരു മാസത്തിനകം, കയ്യില്‍ ഇരുന്നതെല്ലാം കൂടി നുള്ളി പെറുക്കി വാങ്ങിയ ഒരു സെക്കന്റ് ഹാന്‍ഡ് മാരുതിയിലാണ് പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പ്രയാണം തുടങ്ങിയത്. രണ്ട് പേരായി തുടങ്ങി നാലു പേരായി തുടരുന്ന യാത്രകള്‍ ഇന്ന് മുംബൈയും ഖത്തറും കടന്നു. പല തരം വാഹനങ്ങള്‍ വന്നു. ആ യാത്ര ഇന്ന് ദുബൈ എന്ന മഹാ നഗരത്തില്‍ എത്തിനില്‍ക്കുന്നു.
വളരെയധികം പ്രതീക്ഷകളോടെ യാണ് 2020-അടിപൊളി എന്നും പറഞ്ഞു ഈ വര്‍ഷം തുടങ്ങിയത്.
മാര്‍ച്ച് ആറാം തീയതി വീട്ടില്‍ വന്നു കയറിയതിനു ശേഷം കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ അല്ലാതെ ആദ്യമായി മക്കളുമായി ദൂരയാത്രക്ക് കറങ്ങാന്‍ ഇറങ്ങിയത് ഓഗസ്റ്റിലാണോ സെപ്റ്റംബറില്‍ ആണോ എന്നോര്‍മയില്ല.. വീടിനുള്ളില്‍ അടഞ്ഞു കിടന്ന ദിവസങ്ങളില്‍ പത്താം നിലയില്‍ നിന്ന് ഒഴിഞ്ഞു കിടക്കുന്ന ഷാര്‍ജ ദുബായ് മെയിന്‍ റോഡ് നോക്കി നില്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു ഗദ്ഗദം വന്നു തൊണ്ടയില്‍ കുരുങ്ങുന്ന പോലെ തോന്നുമായിരുന്നു. ആറു മണി മുതല്‍ രാത്രി പന്ത്രണ്ട് മണി വരെ പൂഴി നുള്ളി ഇട്ടാല്‍ താഴെ വീഴില്ല എന്ന തരത്തില്‍ നെഞ്ചും വിരിച്ചു കിടന്ന റോഡാണ് ആളൊഴിഞ്ഞ ഉത്സവ പറമ്പ് പോലെ കിടക്കുന്നത്.
'കുറച്ച് ദൂരത്തുള്ള ഖോര്‍ഫുക്കാന്‍ കടല്‍ തീരത്ത് പോകാം, ദൂരെ ആയതുകൊണ്ട് ആളുകള്‍ കുറവായിരിക്കും.'-ഞങ്ങള്‍ പറഞ്ഞു. വണ്ടിയില്‍ നിറയെ സാനിറ്റൈസര്‍ കുപ്പികള്‍. എവിടെ ഇറങ്ങിയാലും അതില്‍ കുളിച്ചേ വണ്ടിയില്‍ തിരിച്ചു കയറ്റുക ഉള്ളൂ . അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുന്ന യാത്ര ആണെന്ന് എനിക്ക് തോന്നി. മാസ്‌ക് ഇടാതെ ഇരുന്നാല്‍ റോഡിലെ ക്യാമറ വഴി ഫൈന്‍ വീട്ടില്‍ എത്തും. ഒരു വണ്ടിയില്‍ ഒരേ കുടുംബത്തിലെ അല്ലാത്ത മൂന്നില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചാല്‍ അതിനും ഉണ്ട് സമ്മാനം, ഫൈന്‍. ഈ വാര്‍ത്ത എവിടെ നിന്നോ വായിച്ച ചെറിയ മകള്‍ പോലീസ് വാഹനം കണ്ടാല്‍ ഉടനെ കസേരയുടെ അടിയില്‍ പുറകില്‍ ഒളിക്കും.. 'എടീ, നമ്മളൊക്കെ ഒരേ കുടുംബം ആണ്.. '- മൂത്തവള്‍ അറിവ് പ്രകാശിപ്പിക്കും.
ആര് കേള്‍ക്കാന്‍?
സത്യത്തില്‍ ചെറുത് ഇപ്പോഴും പോലീസിനെ കണ്ടാല്‍ ഒന്ന് ഒളിക്കാന്‍ തയ്യാറാവുന്ന പോലെ തോന്നും.
ഏകദേശം ഒന്നര മണിക്കൂര്‍ ഡ്രൈവ്. വഴിയില്‍ ഒക്കെ വണ്ടികള്‍ കുറവ് തന്നെ. ഞങ്ങള്‍ക്ക് സന്തോഷം.
'അവിടെങ്ങും ആരും കാണില്ല. അല്ലെങ്കിലും ദുബൈക്കാര്‍ക്ക് പോകാന്‍ എത്രയോ നല്ല സ്ഥലങ്ങള്‍ കിടക്കുന്നു .. ഇത്രയും ദൂരം ഒന്നും ആരും വരില്ല. എന്തായാലും ശുദ്ധ വായു ശ്വസിക്കാന്‍ സാധിക്കും. ഇത്ര നാള്‍ വീട്ടില്‍ അടച്ചിരുന്നതാ.. ആരും ഇല്ലെങ്കില്‍ മാസ്‌ക് ഒക്കെ ഒന്ന് ഊരി വച്ച് കുറച്ച് നേരം കാറ്റും കൊണ്ട് ഇരിക്കണം'- ഞാന്‍ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഒരിടത്തും ഇറങ്ങാതിരിക്കാന്‍ ഉച്ച ഭക്ഷണം ഒക്കെ കെട്ടി പൊതിഞ്ഞു കൊണ്ടാണ് പോക്ക്. പക്ഷേ പോകുന്ന വഴിയില്‍ കാണാം, ചെറിയ ചെറിയ കഫ്‌തേരിയകള്‍ ഒക്കെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. സന്തോഷം തോന്നി. മനുഷ്യന്‍ ഏത് വിപത്തിനെയും അതിജീവിക്കും എന്നതിന്റെ തെളിവായി അവയൊക്കെ മാസ്‌ക്ക് അണിഞ്ഞു കാത്തിരിക്കുന്ന പോലെ തോന്നും. ആകെ മൊത്തം ഒരു പോസിറ്റിവ് എനര്‍ജി ഒക്കെ തോന്നിത്തുടങ്ങി.
ബീച്ചിന് അടുത്ത് എത്തും തോറും ഞങ്ങളുടെ എനര്‍ജി ഒന്ന് കുറഞ്ഞു തുടങ്ങി. കടല്‍ തീരത്തേക്ക് നീളുന്ന റോഡനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ഞങ്ങളുടെ വണ്ടി പതിയെ മുന്നിലേക്ക് നീങ്ങുന്നു. ഒരു പത്ത് പതിനഞ്ച് മിനുട്ടിന് ശേഷം എങ്ങനെയോ ഒരു പാര്‍ക്കിംഗ് ഒപ്പിച്ചു. കടല്‍ തീരത്തേക്ക് ഒന്ന് നോക്കിയപ്പോള്‍ തന്നെ സന്തോഷമായി. ദുബൈ മാത്രമല്ല, നാട്ടില്‍ നിന്ന് പോലും ആളുകള്‍ ഫ്‌ളൈറ്റ് പിടിച്ച് വന്നോ എന്ന് തോന്നിപ്പിക്കുന്ന അത്രയും തിരക്ക്. നമ്മുടെ നാട്ടിലെ മുദ്രാവാക്യം പോലെ 'ലക്ഷം ലക്ഷം പിന്നാലെ' എന്ന മട്ടില്‍ ഇനിയും ഇനിയും ആളുകള്‍ വണ്ടികളില്‍ വന്നു ഇറങ്ങിക്കൊണ്ടെ ഇരിക്കുന്നു. ഞാനും കെട്ടിയോനും പരസ്പരം നോക്കി. ''കൊറോണ ഒക്കെ പോയോ? നമ്മള്‍ വായിച്ചത് ഇനി പഴയ പത്രം വല്ലതും ആയിരിക്കുമോ? അതോ നമ്മള്‍ ഇനി വല്ല ക്രിസ്റ്റഫര്‍ നോളന്‍ പടത്തിലും കണ്ടത് ആവുമോ ഇങ്ങനെ ഒരു അസുഖം വന്നു എന്നത്? അപ്പോഴേ പറഞ്ഞതാ കണ്ട സയന്‍സ് ഫിക്ഷന്‍ പടം ഒന്നും കാണണ്ട.''
കടല്‍ക്കരയില്‍ നീളത്തില്‍ ചെറിയ ബെഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ചുവന്ന നിറത്തിലെ നീളന്‍ റിബണ്‍ കൊണ്ട് ഇരിക്കാന്‍ പാടില്ല എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്ത് ബോട്ടിംഗ് ടിക്കറ്റ് കൗണ്ടര്‍..അവിടെ ആളുകള്‍ നീണ്ട നിരയായി നില്‍ക്കുന്നു. ദോഷം പറയരുത്, മാസ്‌ക് ഉണ്ട്. മൂക്കും വായും ഒന്നിച്ച് മൂടിയിട്ടുള്ള ആളുകള്‍ ചുരുക്കം എന്ന് മാത്രം.
മറുവശത്ത് പാരച്യൂട്ടില്‍ കയറി വെള്ളത്തില്‍ വന്നു വീഴുന്നവര്‍, പിന്നെ വെള്ളത്തില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍, ഒരു കാര്യവും ഇല്ലാതെ ഒരു മെലിഞ്ഞ ബനാന ബോട്ടില്‍ കയറി പോകുന്നവര്. ഇവരെ കൊണ്ട് പോകുന്ന ബോട്ടുകാരന്‍ കുറെ നേരം കഴിഞ്ഞ് എല്ലാത്തിനെയും വെള്ളത്തില്‍ തള്ളി ഇടും.. അതറിഞ്ഞു കൊണ്ടാണ് ഇവരെല്ലാം ഈ ചതിയില്‍ വീഴാന്‍ പോകുന്നത്. ഓ..വിഷയത്തില്‍ നിന്നും മാറിപ്പോയി.
ഇനി ഇത്തരം പണച്ചെലവുള്ള പരിപാടികള്‍ ഒന്നും താല്‍പര്യം ഇല്ലാത്ത കൂട്ടരോ? അവരൊക്കെ മരത്തണലുകളിലും മണല്‍പ്പരപ്പിലും ചെറുചെറു കൂട്ടങ്ങള്‍ ആയി നിന്ന് കൊണ്ട് കൊച്ചു വര്‍ത്തമാനം പറയുന്നുണ്ട്. ഇരിക്കാന്‍ അവിടത്തെ സെക്യുരിറ്റി ചേട്ടന്മാര്‍ സമ്മതിക്കണ്ടെ.
കഥാസാരം സംഗ്രഹിച്ചു എഴുതിയാല്‍, ഞാന്‍ കൊതിച്ചു വന്ന ശുദ്ധവായുവിന്റെ കാര്യം തീരുമാനം ആയി എന്നര്‍ത്ഥം.
ഇത്രദൂരം വണ്ടിയും ഓടിച്ച് വന്നിട്ട് ഒരു പടം പോലും എടുത്ത് പോസ്റ്റാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നമ്മളൊക്കെ എന്ത് മലയാളി ആണ് ഹേ? അവിടെ ആണേല്‍ എങ്ങനെ പടം എടുത്താലും സമുദ്ര ജലത്തെക്കാള്‍ ചുറ്റിനും ഉള്ള ജനസമുദ്രം കാണും. പക്ഷേ നമ്മള്‍ വിടുമോ? യൂട്യൂബര്‍ ആയ ചെറുതും ഇന്‍സ്റ്റഗ്രാമര്‍ ആയ വലുതും സെല്‍ഫി എക്‌സ്പര്‍ട് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഫര്‍ത്താവും കൂടെ ഉള്ളപ്പോള്‍ ഞാന്‍ എന്തിന് പേടിക്കണം?
കുറെ നേരം അവലോകനം ചെയ്തപ്പോള്‍ ഒരു ചെറിയ മൂല ഞങ്ങളും കണ്ടു പിടിച്ചു. നേരെ പോയി തിരിഞ്ഞും മറിഞ്ഞും വയര്‍ ഉള്ളിലേക്ക് പിടിച്ചും, മാസ്‌ക് വച്ചും, മാസ്‌ക് മാറ്റിയും, ഒറ്റക്കും , കൂട്ടായും ഒക്കെ കുറെ പടങ്ങള്‍ ഞങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിച്ചു. പിന്നെ ഒട്ടും വൈകാതെ ഓടി വണ്ടിയില്‍ കയറി അതില്‍ കരുതിയിരുന്ന ആഹാരവും കഴിച്ച് വീട്ടിലേക്ക് തിരിച്ചു.
തിരിച്ചു വരുന്ന വഴി ഞാന്‍ മനസ്സിലോര്‍ത്തു. രണ്ട് മഹായുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്‌ളൂവും ഒക്കെ മനുഷ്യര്‍ അതിജീവിച്ചത് ഇങ്ങനെ ആവണം. കഴിവതും മുന്‍കരുതലുകള്‍ എടുത്ത് കൊണ്ട് മാനസിക ഉല്ലാസം ഉറപ്പ് വരുത്തുന്ന യാത്രകള്‍ മനുഷ്യര്‍ എല്ലാക്കാലത്തും ചെയ്തു കാണും. പ്രകൃതിയുമായി ഇടപെടാതെ കോണ്‍ക്രീറ്റ് ചുമരുകള്‍ നോക്കി ഇരുന്ന് ഇത് വരെ ലോകത്തെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ലല്ലോ.
ഇനി വരുന്ന വര്‍ഷത്തില്‍ എങ്കിലും കൂട്ടുകാരും കുടുംബവുമായി ദൂരയാത്രകള്‍ സാധിക്കുമെന്ന് ആശിക്കാം എന്ന് വിചാരിച്ചു കൊണ്ട് ഞാന്‍ പുറത്തേക്ക് നോക്കി. വണ്ടി ഒരു ഇരുണ്ട തുരങ്കത്തിലൂടെ സഞ്ചരിക്കുകയാണ്. ദൂരെയായി തുരങ്കത്തിന്റെ അവസാനം കാണാം. മനസ്സ് പറഞ്ഞു. 'ഇരുളിന്റെ അങ്ങേ അറ്റത്ത് വെളിച്ചമാണ് . അതേ, നാം അതിലേക്കുള്ള യാത്രയിലാണ് .. പ്രതീക്ഷ കൈ വിടരുത്...'