ആ ഫോട്ടോയുടെ കഥ. ഷഹാന എം വി എഴുതുന്നു
ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.
undefined
ഫോട്ടോകളെന്നാല്‍ തിരിച്ചുകിട്ടാത്ത ചില അമൂല്യനിമിഷങ്ങളുടെ തിരുശേഷിപ്പുകളല്ലേ? എത്രയും പ്രിയപ്പെട്ടതോ അത്രമേല്‍ വേദനിപ്പിച്ചതോ ആകട്ടെ, സ്‌നേഹത്തിന്റെയോ വിരഹത്തിന്റെയോ മായാത്ത മുഹൂര്‍ത്തങ്ങളാകട്ടെ, ഓരോ ഫോട്ടോയും ഓര്‍മകളുടെ വേലിയേറ്റങ്ങളല്ലേ. ഫോട്ടോ എത്ര പഴകിയതായാലും അതെടുത്തു നോക്കുന്ന നിമിഷം ആ മുഹൂര്‍ത്തങ്ങള്‍ പുതുമയോടെ മുന്നിലെത്തും. ചില ഫോട്ടോകള്‍ ചിലരുടെ നേരിട്ടുള്ള സാന്നിധ്യമില്ലാത്തവയാണെങ്കില്‍ പോലും അവരുടെ ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച് നമ്മളെ വികാരാധീനരാക്കും.
ചിത്രത്തില്‍ വെള്ള ഷര്‍ട്ടും വെള്ളമുണ്ടുമുടുത്ത വെളുത്ത മുടിയുള്ള ആ വലിയ മനുഷ്യന്‍ (ആകാരം കൊണ്ടും മനസ്സ് കൊണ്ടും) ആണ് ഞങ്ങളുടെ ഉപ്പാപ്പ- ഉപ്പയുടെ ഉപ്പ. കൂടെയുള്ളത് എന്റെ ഉപ്പ. ഇവര്‍ രണ്ട് പേരും എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളാണ്. ഞങ്ങളെന്നാല്‍ പത്തു മക്കളുടെ മക്കളും പേരമക്കളും അവരുടെ ഭാര്യഭര്‍ത്താക്കന്‍മാരുമെല്ലാമടക്കം ഒരുനൂറ് നൂറ്റമ്പത് പേരോളം വരും. (അതിശയോക്തി അല്ല കേട്ടോ)!
12 വര്‍ഷങ്ങള്‍ക്ക് മുന്‍പേ 94 വര്‍ഷങ്ങളുടെ സംഭവബഹുലമായ ജീവിതമവസാനിപ്പിച്ച് കടലോരത്തെ പ്രിയപ്പെട്ട വസതിയില്‍ നിന്ന് കടലോരത്തെ ശ്മശാനത്തില്‍ അന്തിയുറങ്ങാന്‍ പോയതാണ്. പക്ഷെ ഇന്നും അത് വഴി പോകുമ്പോള്‍ റോഡില്‍ നിന്ന് കഴുത്തുനീട്ടി വെറുതെ നോക്കും, ഉമ്മറത്തെ ചാരുകസേരയില്‍ വെള്ളത്തുണിയുടുത്ത്, വെളുത്ത ഷര്‍ട്ടുമിട്ട്, കൈയിലൊരു വാച്ചും കെട്ടി ഇടക്കിടെ കാണാത്ത കണ്ണിനടുത്തേക്ക് വാച്ച് നീട്ടിവെച്ച് സമയം നോക്കാന്‍ കിണയുന്നുണ്ടോയെന്ന്... തലയ്ക്കരികില്‍ വെച്ചിട്ടുള്ള റേഡിയോ വീണ്ടും വീണ്ടും ട്യൂണ്‍ ചെയ്ത് ആകാശവാണി വാര്‍ത്തകള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടോയെന്ന്...
ഗേറ്റ് കടന്ന് കയറിചെല്ലുമ്പോള്‍ കയ്യില്‍ പിടിച്ച് സലാം പറഞ്ഞ് തന്റേതായ ശൈലിയില്‍ എന്റെ കൈപ്പത്തിയുഴിഞ്ഞ് നിനക്ക് സുഖമല്ലേയെന്ന് ചോദിക്കാന്‍ ഇപ്പഴും അവിടെയാരോ ഉണ്ടെന്ന്...
മോളെ, ആ പേപ്പര്‍ ഒന്നെടുത്ത് വായിച്ചു തന്നേ എന്ന് പറയുമ്പോള്‍ മടിച്ചിട്ട് ഇല്ലാത്ത തിരക്കഭിനയിച്ചാലും അകത്ത് നിന്ന് സ്ഥിരം പത്രം വായിക്കല്‍ ഡ്യൂട്ടി കിട്ടിയിട്ടുള്ള അമ്മായിയുടെ മകന്‍ ഞാന്‍ രണ്ട് വട്ടം വായിച്ച് കൊടുത്തതാ എന്ന് വിളിച്ചു പറഞ്ഞാലും അവനെ ശകാരിച്ചു പറഞ്ഞയച്ച് അവന്‍ വരുന്നില്ലെന്നുറപ്പ് വരുത്തി 'അവന്റെ വായന ഒട്ടും കൊള്ളില്ല, നീ ഒന്നൂടി വായിക്കെന്ന്' പറഞ്ഞ് സോപ്പിട്ട് വായിപ്പിക്കുന്ന ഓര്‍മ്മകള്‍ വല്ലാതെ അലട്ടും. ആരുടെയും വായനയുടെ സുഖക്കുറവല്ല, ഒറ്റക്കിരുന്ന് മടുക്കുമ്പോള്‍ പേരമക്കളെ അടുത്തിരുത്താനുള്ള അടവാണെന്നൊക്കെ തിരിച്ചറിയാന്‍ ഒരുപാട് കാലമെടുത്തു.
എല്‍ പി സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് കിട്ടിയ ഡ്യൂട്ടി ആണീ പത്രം വായന. ഉപ്പാപ്പാന്റെ വീടിനു തൊട്ടടുത്തുള്ള സ്‌കൂളില്‍ ആയിരുന്നു പഠനം. ഇടവേളകളിലും വൈകുന്നേരങ്ങളിലും അവിടെ കേറിച്ചെല്ലല്‍ ഒരു പതിവായതും പത്രവായന ജീവിതത്തിന്റെ നിര്‍ബന്ധിത ശീലമായതും അന്നായിരുന്നു. അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി വായിക്കാനും, വാക്കുകളുടെ അര്‍ത്ഥം വിശദീകരിച്ച് തരാനും ഭാഷാപ്രയോഗങ്ങളും ശൈലികളും മനസ്സിലാക്കിത്തരാനുമെല്ലാം സഹായിച്ചത് ഉപ്പാപ്പ തന്നെ. പതിയെപ്പതിയെ വായന ഇഷ്ടപ്പെട്ടു തുടങ്ങി, സമകാലിക വാര്‍ത്തകളിലും രാഷ്ട്രീയത്തിലും കമ്പം തോന്നിത്തുടങ്ങി. ജീവിതത്തിന്റെ വലിയൊരു ഭാഗം സാമൂഹ്യസേവനത്തിനും രാഷ്ട്രീയപ്രവര്‍ത്തനത്തിനുമായി മാറ്റി വെച്ച ഉപ്പാപ്പയുടെ ജീവിതം തന്നെ ഒരുപാട് തവണ എനിക്ക് മുന്നില്‍ തുറന്ന് വെച്ചു.
കോളറ പടര്‍ന്ന് പിടിച്ച കാലത്തെ രക്ഷാപ്രവര്‍ത്തനങ്ങളും ജീവനില്‍ പേടിയില്ലാതെ പലരും ആളുകളുടെ ആരോഗ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ട് നിന്നതുമെല്ലാം രോമാഞ്ചത്തോടെ കേട്ടിരുന്നു. കൊറോണ പടര്‍ന്ന് പിടിക്കുന്ന ഈ കാലത്ത് ആദ്യമോര്‍ത്തത് ആ കഥകള്‍ തന്നെയാണ്.
'നിങ്ങള്‍ക്ക് ജീവനില്‍ പേടിയുണ്ടായില്ലേ' ഉപ്പാപ്പാ എന്ന് ചോദിക്കുമ്പോള്‍ ചിരിക്കുന്ന ചിരിയും 'അവരുടെ ജീവനും ജീവനല്ലേ'യെന്ന മറുപടിയും കാതിലിങ്ങനെ മുഴങ്ങും.
ഇന്നത്തെ രാഷ്ട്രീയ വാഗ്വാദങ്ങള്‍ കാണുമ്പോള്‍ ഓര്‍ക്കുക അതുപോലെ മറ്റൊരുത്തരമാണ്. ഒരു രാഷ്ട്രീയക്കാരന് നിര്‍ബന്ധമായും വേണം എന്ന് തോന്നുന്ന കാര്യമെന്താണെന്നായിരുന്നു എന്റെ ചോദ്യം. 'പ്രതിപക്ഷബഹുമാനം' എന്നതായിരുന്നു മറുപടി.
17 വര്‍ഷക്കാലം തുടര്‍ച്ചയായി ഒരേ വാര്‍ഡില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചതും, മുന്നണികള്‍ മാറി, പാര്‍ട്ടികള്‍ മാറി രാഷ്ട്രീയത്തില്‍ കളിച്ചെങ്കിലും വ്യക്തിപരമായ പിണക്കങ്ങളും ശത്രുതയും ഇല്ലാതിരുന്നത് ഈ സ്വഭാവം കൊണ്ടാകാം. സ്വന്തം മക്കളില്‍ തന്നെ വിവിധ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടായിട്ടും അവര്‍ തമ്മില്‍ ഒരുമയുണ്ടാകാന്‍ എപ്പോഴും പറഞ്ഞുകൊടുക്കുന്ന മന്ത്രം ഇത് തന്നെയാവണം.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെയും സഹായിച്ചിട്ടുള്ള ഒരുപാടൊരുപാട് ആദര്‍ശങ്ങളും തത്വങ്ങളും ഉപ്പാപ്പയുടെ ജീവിതപാഠങ്ങള്‍ തന്നെയാണ്. കുഞ്ഞായിരിക്കുമ്പോള്‍ ഇതൊക്കെ ഇപ്പോ എന്നോട് പറഞ്ഞിട്ടെന്തായെന്ന മട്ടില്‍ കേട്ടിരുന്ന പല കാര്യങ്ങളും മുതിര്‍ന്നവരുടെ കെട്ട ലോകത്ത് എന്നെ ഒരുപാട് തുണച്ചിട്ടുണ്ട്.
മരണക്കിടക്കയില്‍ പോലും മക്കളെ ഉപദേശിച്ചത് പടച്ചവന്റെ മാര്‍ഗ്ഗത്തില്‍ ഒന്നും പ്രതീക്ഷിക്കാതെ ആളുകള്‍ക്ക് സേവനം ചെയ്യണമെന്നും ഇടപാടുകളില്‍ ബുദ്ധിമുട്ടുന്നവരോട് വിട്ടുവീഴ്ച്ച ചെയ്യണമെന്നും (പാഠം) പഠിപ്പിക്കാന്‍ പടച്ചവനുണ്ടെന്നും പടപ്പുകള്‍ കാരുണ്യവാന്‍മാരാകണമെന്നുമൊക്കെയാണ്. പലപ്പഴും അദ്ദേഹത്തിന്റെ 10 മക്കള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവും കണ്ട് അത്ഭുതം കൂറുന്നവരോട് അതിന് കാരണം ഈയൊരു മനുഷ്യനാണെന്ന് അഭിമാനത്തോടെ ഞങ്ങള്‍ പറയാറുണ്ട്.
ഒരു നൂറ്റാണ്ടോളമുള്ള ജീവിതം 2008 -ലെ ഒരു നോമ്പുകാലത്ത് അവസാനിച്ചപ്പോള്‍ ഒരു ശൂന്യതയായിരുന്നു. 'നിനക്കൊന്നും എന്നെ ഓര്‍മ്മയില്ലല്ലോ, രണ്ടാഴ്ചയായി ഈ വഴിക്ക് വന്നിട്ട്' എന്നൊക്കെ വെറുതെ പിണങ്ങാനും, നിര്‍ബന്ധിച്ച് പത്രം വായിപ്പിക്കാനും, കപ്പലില്‍ ഹജ്ജിന് പോയ തള്ള് പറയാനും ഇനിയാരുമില്ല എന്ന തിരിച്ചറിവ് ഹൃദയത്തിലേക്കിറങ്ങി വേരുറപ്പിക്കാന്‍ ഒരുപാട് സമയമെടുത്തു.
നാടിന്റെ പലഭാഗങ്ങളില്‍ നിന്ന് പരിചിതരും അപരിചിതരുമെല്ലാം വന്ന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ചപ്പോള്‍ തെല്ലൊരഭിമാനം തോന്നി. കൂടി നിന്നവരിലാരോ മക്കള്‍ക്ക് ഒന്നും ബാക്കി വെച്ചില്ലെന്ന് പറഞ്ഞത് കേട്ട്, 'ശരിയാ സ്വത്തൊന്നുമില്ല' എന്ന് ആരോ മറുപടി പറഞ്ഞു. മരണശേഷം പോക്കറ്റില്‍ ഉണ്ടായിരുന്നത് ചില്ലറകളാണെങ്കിലും മക്കള്‍ക്ക് അത് നിധിയായിരുന്നു. വസ്ത്രങ്ങളും ഊന്നുവടിയും പാതിതീര്‍ന്ന അത്തര്‍ കുപ്പികളും അവര്‍ സ്‌നേഹത്തോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ചു. വിട പറഞ്ഞിട്ടിത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും ഓരോ വിശേഷാവസരങ്ങളിലും ഉപ്പ/ഉപ്പാപ്പ ഉണ്ടായിരുന്നെങ്കില്‍ എന്ന് കണ്‍കോണുകളില്‍ ആര്‍ദ്രതയോടെ ഇന്നുമവര്‍ പറയാറുണ്ട്.
ബീച്ചില്‍ കറങ്ങി വരാമെന്ന് പറഞ്ഞിറങ്ങിയാല്‍, 'ഇത്തിരി കൂടി മുന്നോട്ട് പോവാം, കോതിപ്പാലം കാണാം' എന്ന് ഞാന്‍ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവിനറിയാം, ഇത് കോതി അപ്രോച്ച് റോഡിനോരത്തുള്ള കണ്ണന്‍പറമ്പ് ശ്മാശാനത്തിനരികിലൂടെ പോകാനുള്ള എന്റെ അടവാണെന്ന്. ഇടയ്ക്കിടെ അവിടെ ചെന്ന് സലാം പറയുമ്പോളോര്‍ക്കും, പാലം പണി കഴിഞ്ഞ് വര്‍ഷങ്ങള്‍ അപ്രോച്ച് റോഡിന്റെ പണി മുടങ്ങിക്കിടന്ന് പാലം ഉപയോഗശൂന്യമായിക്കിടന്നപ്പോള്‍ രാഷ്ട്രീയക്കാരോട് പലരോടും 'അതൊന്ന് ശരിയാക്കെടോ' എന്ന് പറയാറുള്ള ഉപ്പാപ്പ അവിടം സുന്ദരമായതറിയാതെ അവിടുറങ്ങുകയാണെന്ന്.
ഒരു നല്ല പോത്തിറച്ചി വരട്ടിയതിന്റെ മണം വന്നാല്‍, ഒരു വെള്ളത്തുണി കണ്ടാല്‍, ഒരു യാത്ര പോയി മനസ്സ് സന്തോഷത്താല്‍ നിറഞ്ഞാല്‍, ഒരു ചാരുകസേര കണ്ടാല്‍, ഒരു ദിനപത്രം കണ്ടാല്‍... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളില്‍ ഓര്‍മകളില്‍ സാന്നിധ്യമറിയിക്കുന്ന ഇദ്ദേഹം എന്ത് ബാക്കി വെച്ചില്ലെന്നാണ്? ഇത് തന്നെയല്ലേ സ്വത്ത്? ഇതല്ലേ അമൂല്യമായ നിധി?
ജീവിച്ചിരിക്കുമ്പോഴുള്ളതിനേക്കാളധികം മരണശേഷം ഓര്‍ക്കപ്പെടുക എന്നതൊരു പുണ്യമല്ലേ. ഇദ്ദേഹത്തിന്റെ പേരമകള്‍ എന്ന് കേള്‍ക്കുമ്പോള്‍ നിറയുന്ന കണ്ണും വിടരുന്ന നെഞ്ചും തന്നെയല്ലേ അന്തരാവകാശം?